ചങ്ങനാശ്ശേരി: ടെസ്റ്റിൽ 800 വിക്കറ്റുകളുടെ പെരുമ. ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തെ വിരൽത്തുമ്പിൽ വട്ടംകറക്കിയ സ്പിൻ പ്രതിഭ. വിശേഷണങ്ങൾക്കപ്പുറമാണ് മുത്തയ്യ മുരളീധരൻ എന്ന ശ്രീലങ്കൻ ക്രിക്കറ്റിലെ ഇതിഹാസം. പ്രായം 51 പിന്നിട്ടെങ്കിലും മുഖത്ത് മായാതെ ആ പുഞ്ചിരി. ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ പ്രഭാഷണത്തിനും ചങ്ങനാശ്ശേരി ക്ലബ്ബിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനുമായെത്തിയ മുരളീധരൻ മാതൃഭൂമിയോട് അല്പനേരം.

To advertise here,

അർജുന രണതുംഗ, ജയസൂര്യ, മുരളീധരൻ തുടങ്ങിയവർ കളിച്ച കാലവുമായി താരതമ്യംചെയ്യുമ്പോൾ ഇന്നത്തെ ശ്രീലങ്കൻ ടീം ഏറെ പിന്നിലാണ്. എന്താണ് സംഭവിച്ചത്

ശരിയാണ്. കഴിഞ്ഞ പത്തുവർഷമായി ഞങ്ങളുടെ ക്രിക്കറ്റ് അത്ര മികച്ചതല്ല. പലപ്പോഴും പലരാജ്യങ്ങൾക്കും ഇത് സംഭവിക്കുന്നതാണ്. ഞങ്ങൾക്ക് നല്ല കളിക്കാരുണ്ട്. മികവിലേക്ക് തിരിച്ചുവരും.

രാജ്യത്തെ ആഭ്യന്തരപ്രശ്നങ്ങൾ ടീമിനെ ബാധിച്ചോ

അങ്ങനെ പറയാൻ കഴിയില്ല. മുന്പും രാജ്യത്ത് പല പ്രശ്നങ്ങളുണ്ടായിരുന്നു. അന്നും ഞങ്ങൾ കളിച്ചിരുന്നു. കളിക്കാരുടെ പ്രകടനം മെച്ചപ്പെടുകയെന്നതാണ് പ്രധാനം.

മലയാളി താരം സഞ്ജു നന്നായി കളിച്ചിട്ടും ഇന്ത്യൻ ടീമിൽ വേണ്ടത്ര അവസരം കിട്ടുന്നില്ല

സഞ്ജു നല്ല കളിക്കാരനാണ്. അതുപോലെ ഒട്ടേറെ താരങ്ങൾ ഇന്ത്യക്കുണ്ട്. കിട്ടുന്ന അവസരങ്ങൾ സഞ്ജു നന്നായി വിനിയോഗിക്കുകയാണ് വേണ്ടത്. സഞ്ജു ചെറുപ്പമാണ്. ഇനിയും അവസരം കിട്ടും. നന്നായി പെർഫോം ചെയ്യാനാണ് ശ്രദ്ധിക്കേണ്ടത്.

വിരമിക്കൽ വേദനയോടെ...

ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് മുരളീധരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ മുഖാമുഖം പരിപാടിക്കിടെ മുൻ ദേശീയ അമ്പയർ പ്രൊഫ. ജോസ് കുരിശിങ്കൽ ചോദിച്ചു. ആദ്യമായാണ് ഇക്കാര്യത്തിൽ മറുപടിപറയുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് മുരളീധരൻ പറഞ്ഞു.

‘‘ദക്ഷിണാഫ്രിക്കയിൽ ചാമ്പ്യൻസ്‌ ട്രോഫിക്കിടെ മാനേജ്‌മെന്റ് പറഞ്ഞു, മെൻഡിസ് താങ്കളെക്കാൾ നന്നായി ബൗൾചെയ്യുന്നു. രണ്ടു സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്താൻ കഴിയില്ല. അങ്ങനെ മാറിനിൽക്കേണ്ടിവന്നു. വിരമിക്കാൻ സമയമായെന്ന് തിരിച്ചറിഞ്ഞു. 800 വിക്കറ്റ് തികയ്ക്കണമെന്ന് പലരും പറഞ്ഞു. പലർക്കും വിരമിക്കൽ സങ്കടകരമാണ്. ചിരിച്ചുകൊണ്ടുതന്നെ റിട്ടയർ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അവസാനടെസ്റ്റിൽ 800 വിക്കറ്റ് തികയ്ക്കാനായത് ഭാഗ്യം” -മുരളീധരൻ പറഞ്ഞു.

പുഞ്ചിരിയുടെ 'ദൂസ്‌ര'യിൽ

കരിയറിലെ ഏറ്റവും വൈകാരികമായ നിമിഷം ഏതാണ്‌?

ചങ്ങനാശ്ശേരി എസ്‌.ബി. കോളേജിൽ ഫോളിയോ ടോക്‌ സീരീസിൽ ശ്രീലങ്കൻ ക്രിക്കറ്റ്‌ ഇതിഹാസം മുത്തയ്യ മുരളീധരനോടായിരുന്നു ചോദ്യം.

1996-ൽ ലോകകപ്പ്‌ നേടിയ നിമിഷം. ഒട്ടുംവൈകാതെ വൈകാരികമായിത്തന്നെയായിരുന്നു മുരളീധരന്റെ മറുപടി.

‘‘ക്രിക്കറ്റ്‌ രാജ്യം എന്ന നിലയിൽ ഞങ്ങളെ ലോകം അംഗീകരിച്ച നിമിഷമായിരുന്നു അത്‌. പിന്നീടുള്ള വർഷങ്ങളിൽ ശ്രീലങ്കൻ ക്രിക്കറ്റിന്‌ ഊർജമായതും ആ നേട്ടമായിരുന്നു’’. മുരളീധരൻ പറഞ്ഞു.

ക്രിക്കറ്റിനെക്കറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും വേദിയിൽ മുരളീധരൻ മനസ്സു തുറന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ അംപയർ തുടർച്ചയായി ‘നോ ബോൾ’ വിളിച്ചതിനെത്തുടർന്നുള്ള വിവാദങ്ങളെ അതിജീവിച്ചതിനേക്കുറിച്ചും ചോദ്യമുയർന്നു.

രാജ്യം മുഴുവൻ തനിക്കൊപ്പംനിന്നതായിരുന്നു തന്റെ പിൻബലമെന്ന്‌അദ്ദേഹം പറഞ്ഞു.

‘‘സ്‌കൂൾ പഠനകാലത്തെ ഹോസ്‌റ്റൽ ജീവിതം എല്ലാവരേയും തുല്യരായി കാണാൻ പഠിപ്പിച്ചു. ചിരിയോടെ പ്രതിസന്ധികളെ അതിജീവിക്കാനും എല്ലാവരുടേയും ഇഷ്‌ടാനിഷ്‌ടങ്ങളെ മാനിക്കാനും പഠിപ്പിച്ചു. കളിക്കളത്തിലും ജീവിതത്തിലും എല്ലാവരിൽനിന്നും പുതുതായി പഠിക്കാൻ ശ്രമിച്ചിരുന്നു. അനിൽ കുംബ്ലെ, കപിൽദേവ്‌ തുടങ്ങിയ താരങ്ങളെല്ലാം ഉപദേശം തന്ന്‌ സഹായിച്ചിട്ടുണ്ട്‌. എനിക്കറിയാവുന്നതെല്ലാം മറ്റുള്ളവർക്കും കൊടുത്തിട്ടുണ്ട്‌. ചിരിച്ചുകൊണ്ട്‌ ജീവിതത്തിൽ മുന്നോട്ടുപോകുകയെന്നതാണ്‌ എന്റെ ശീലം. മുരളീധരൻ വിജയരഹസ്യം പങ്കുവെച്ചു.

ടാലന്റ്‌ തിരിച്ചറിയുക

‘‘ചെറുപ്പത്തിലെ തങ്ങളുടെ കഴിവ്‌ ‌കണ്ടെത്തുക; അത്‌ പിന്തുടരുക’’

ക്രിക്കറ്റ്‌ പരിശീലിക്കുന്ന കുട്ടികളോട്‌ മുരളീധരന്റെ ഉപദേശം ഇങ്ങനെയായിരുന്നു. അച്ചടക്കവും കൃത്യനിഷ്‌ഠയുമാണ്‌ പ്രധാനം. ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച ക്രിക്കറ്ററാരെന്ന ചോദ്യത്തിന്‌ വിവിയൻ റിച്ചാർഡ്‌സ്‌ എന്നായിരുന്നു മറുപടി.

ബൗൾ ചെയ്യാൻ കഠിനമെന്ന്‌ തോന്നിയ ബാറ്റ്‌സ്‌മാൻ ആരെന്ന ചോദ്യത്തിനും മറുപടി ഉടൻ വന്നു.

വീരേന്ദർ സെവാഗ്‌.