ന്യൂഡല്‍ഹി: 2008-ഐപിഎല്ലിൽ മുൻ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിങ്, ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ ഒരു പോഡ്കാസ്റ്റിനിടെ മുന്‍ ഐപിഎല്‍ കമ്മിഷണര്‍ ലളിത് മോദി പുറത്തുവിട്ടിരുന്നു. താൻ സത്യമാണ് പറഞ്ഞതെന്നും ഇതിന് മുമ്പ് ആരും തന്നോട് ഇതേപറ്റി ചോദിച്ചിരുന്നില്ലെന്നുമാണ് ഇതുസംബന്ധിച്ച് മോദി വിശദീകരിച്ചത്. പിന്നാലെ ഹർഭജനും ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും വിമർശനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്ത്. അന്ന് തിരിച്ച് തല്ലിയിരുന്നെങ്കിൽ ആജീവനാന്ത വിലക്ക് കിട്ടുമായിരുന്നുവെന്നും ശ്രീശാന്ത് പറയുന്നു.
“കുറേ മലയാളികള്‍ എന്നോട് ചോദിച്ചിട്ടുണ്ട് നീ ഇത്ര വലിയ അഗ്രഷനൊക്കെ കാണിച്ചിട്ട് അന്ന് എന്തുകൊണ്ട് തല്ലിയില്ല. ഇടിച്ചിടണ്ടേ എന്ന്. അന്ന് ഇടിച്ചിട്ടിരുന്നെങ്കില്‍ ആജീവനാന്ത വിലക്ക് കിട്ടുമായിരുന്നു. അന്നൊന്നും കേരളത്തിന് അത്ര പവറില്ല. ഞാന്‍ മാത്രമാണ് കേരളത്തില്‍ നിന്ന് കളിച്ചുകൊണ്ടിരുന്നത്.” - ശ്രീശാന്ത് രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കി.
“സഞ്ജുവിന് ഒന്നും തോന്നരുത്. സച്ചിന്‍ ബേബിക്കും നിധീഷിനും ഒന്നും തോന്നരുത്. ഞാന്‍ അന്ന് തല്ലാത്തതുകൊണ്ട് കുറച്ചുപേര്‍ കളിച്ചു. അഹങ്കാരം കൊണ്ട് പറയുകയാണെന്ന് വിചാരിക്കരുത്. അതിന് ഞാനാണ് കാരണം. അത് അവര്‍ പല സ്റ്റോറികളിലും പറഞ്ഞിട്ടുണ്ട്. നമ്മള്‍ പവര്‍ഫുള്ളാകുമ്പോള്‍ ആ പവര്‍ ഉപയോഗിച്ച് പലരേയും സഹായിക്കാന്‍ സാധിക്കും. എന്റെ അച്ഛന്‍ പറയാറുണ്ട്, നമ്മള്‍ പവര്‍ഫുള്ളാകുമ്പോള്‍ മറ്റുള്ളവരെ സഹായിക്കുകയാണ് വേണ്ടതെന്ന് അല്ലാതെ പവറുള്ള മറ്റുള്ളവരുടെ മുന്നില്‍ ഷോ കാണിക്കരുതെന്ന്. അന്ന് ഞാന്‍ ഇടിച്ചിരുന്നെങ്കില്‍ മാറ്റിനിര്‍ത്തിയേനെയെന്നും” ശ്രീശാന്ത് പ്രതികരിച്ചു.
വീഡിയോ പുറത്തുവന്നത് കുടുംബത്തെ ഏറെ വേദനിപ്പിച്ചുവെന്നാണ് നേരത്തെ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി പ്രതികരിച്ചത്. ഇത് കളിക്കാരെ വേദനിപ്പിക്കുക മാത്രമല്ല, തങ്ങളുടേതല്ലാത്ത തെറ്റിന്റെ പേരില്‍ ചോദ്യങ്ങളും നാണക്കേടും നേരിടേണ്ടിവരുന്ന അവരുടെ നിരപരാധികളായ കുട്ടികളെ മുറിവേല്‍പ്പിക്കുന്നത് കൂടിയാണ്. അതിനാല്‍ ഇരുവര്‍ക്കുമെതിരേ കേസെടുക്കണമെന്നും ഭുവനേശ്വരി ആവശ്യപ്പെട്ടിരുന്നു. അതേസമയം ശ്രീശാന്ത് ഇരയായിരുന്നുവെന്നും ചോദിച്ച ചോദ്യത്തിന് സത്യം മാത്രമാണ് പറഞ്ഞതെന്നുമാണ് ലളിത് മോദി വിശദീകരിച്ചത്. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കുമൊത്തുള്ള ബിയോണ്ട് 23 പോഡ്കാസ്റ്റിലൂടെയാണ് 18 വര്‍ഷം മുമ്പുള്ള, ഇതുവരെ ആരും കാണാത്ത വീഡിയോ ലളിത് മോദി പുറത്തുവിട്ടത്.
മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിങ് അന്നത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം 2008-ല്‍ ഐപിഎല്‍ പ്രഥമ സീസണിനെ വിവാദത്തിലാക്കിയ ഒന്നായിരുന്നു. അന്ന് ഹര്‍ഭജനെ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഈ സംഭവം കഴിഞ്ഞ് 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്നത്തെ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്.
Content Highlights: sreesanth response slapgate controversy
Published: 21 Nov 2025, 09:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented