ധരംശാല: ഹിമാചല്‍ പ്രദേശിലെ ധരംശാല ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ഇന്നിങ്‌സ് ജയം നേടിയിരുന്നു. രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ഗില്ലിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളും രവിചന്ദ്രന്‍ അശ്വിന്റെയും കുല്‍ദീപ് യാദവിന്റെയും സ്പിന്‍ മാന്ത്രികതയുമാണ് ഇന്ത്യക്ക് എളുപ്പത്തില്‍ ജയം സാധ്യമാക്കിയത്. 

To advertise here,

മത്സരത്തിനിടെ ഇംഗ്ലണ്ട് താരം ഷുഐബ് ബഷീറിന്റെ റിവ്യൂ ആവശ്യമാണ് ഇപ്പോള്‍ ചിരിക്ക് വകനല്‍കിയത്. ഒന്‍പതാം വിക്കറ്റില്‍ ജോ റൂട്ടിനൊപ്പം ക്രീസില്‍ നിലയുറപ്പിച്ചതായിരുന്നു ഷുഐബ് ബഷീര്‍. 46-ാം ഓവറില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ പന്ത് ഷുഐബ് ബഷീറിന്റെ സ്റ്റമ്പില്‍ത്തട്ടി കീപ്പര്‍ ധ്രുവ് ജുറേലിന്റെ കൈകളിലെത്തി. 

ജുറേല്‍ കൈയില്‍ ലഭിച്ച പന്ത് മുകളിലേക്ക് എറിഞ്ഞ് വിക്കറ്റ് ആഘോഷിച്ചു. ഉടന്‍തന്നെ ഷുഐബ് ബഷീര്‍ റിവ്യൂ ആവശ്യപ്പെട്ടു. ഒരുപക്ഷേ, ധ്രുവേലിന്റെ കൈകളിലെത്തി ക്യാച്ച് വഴിയാണ് താന്‍ ഔട്ടായതെന്ന വിചാരത്തിലായിരിക്കാം റിവ്യൂ ആവശ്യപ്പെട്ടത്. ബഷീറിന്റെ പ്രവൃത്തി വലിയ ചിരിക്ക് വകനല്‍കി. റിവ്യൂ അപേക്ഷ കണ്ട് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ജോ റൂട്ട് തലയില്‍ കൈവെച്ച് ചിരി അടക്കാന്‍ പാടുപെടുകയായിരുന്നു.