മസ്കറ്റ്: ആവേശകരമായ അണ്ടർ-19 ഏഷ്യാകപ്പ് ഫൈനലിൽ അവസാനപന്തിൽ ബൗണ്ടറി നേടിയാണ് ഇന്ത്യ പാകിസ്താനെ കീഴടക്കുന്നത്. എട്ടുവിക്കറ്റ് നഷ്ടത്തിൽ 252 റൺസെന്ന നിലയിൽനിന്ന് അവിശ്വസനീയമായാണ് ഇന്ത്യ വിജയലക്ഷ്യത്തിലേക്കെത്തുന്നത്. പത്താമനായി ഇറങ്ങിയ മോഹികത് ഉൽവയുടെ ഇന്നിങ്സാണ് ടീമിന് ജയം സമ്മാനിക്കുന്നത്. പാകിസ്താന്റെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് പേസർ ഷൊയ്ബ് അക്തർ. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് പാകിസ്താനെന്നും എന്നാൽ, നിർണായക ഘട്ടത്തിൽ സമ്മർദം കൈകാര്യം ചെയ്യാനാവാതെ പോയതാണ് ടീമിന്റെ തോൽവിക്ക് കാരണമെന്നും അക്തർ പറഞ്ഞു.
മത്സരശേഷമുള്ള ഇന്ത്യൻ ടീമിന്റെ ആഹ്ലാദപ്രകടനങ്ങളേക്കുറിച്ചും അക്തർ പ്രതികരിച്ചു. ക്രിക്കറ്റ് കളിക്കുന്നതിനപ്പുറം ചില മൂല്യങ്ങൾക്ക് വിലകൽപ്പിക്കേണ്ടതുണ്ടെന്നും മുൻ പേസർ പറഞ്ഞു. "നമ്മൾ ക്രിക്കറ്റ് കളിക്കുക മാത്രമല്ല വേണ്ടത്, മൂല്യങ്ങൾക്ക് വിലകൽപ്പിച്ചാണ് മുന്നോട്ട് പോകേണ്ടത്. ഇന്നും ഞാൻ സച്ചിൻ തെണ്ടുൽക്കറെക്കുറിച്ച് നല്ല കാര്യങ്ങൾ പറയാറുണ്ട്. ലോകത്തിലെ ഏറ്റവുംമികച്ച ബാറ്റർ അദ്ദേഹം തന്നെയാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. വീരേന്ദർ സേവാഗും സൗരവ് ഗാംഗുലിയും, ഞങ്ങൾ എല്ലാവരും നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരിക്കലും പരസ്പരം അത്തരത്തിൽ പ്രതികരിച്ചിട്ടില്ല", അക്തർ പറഞ്ഞു.
ജയത്തിന് പിന്നാലെ ഇന്ത്യ-പാക് താരങ്ങൾ കൊമ്പുകോർക്കുന്ന സാഹചര്യംവരെയുണ്ടായിരുന്നു. മൈതാനത്തുണ്ടായിരുന്ന പാക് വിക്കറ്റ് കീപ്പർ ഹംസ സഹൂറും ഇന്ത്യൻ താരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇന്ത്യൻ താരങ്ങൾ ആംഗ്യം കാട്ടി പാക് താരങ്ങളോട് മൈതാനം വിടാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇന്ത്യൻ ടീം ഒഫീഷ്യലുകളെത്തിയാണ് കളിക്കാരെ ശാന്തരാക്കിയത്.
ടൂർണമെന്റിലുടനീളം പാകിസ്താനായിരുന്നു മികച്ച ടീമെന്നും എന്നാൽ, നിർണായക ഘട്ടത്തിൽ സമ്മർദം കൈകാര്യംചെയ്യാൻ കഴിയാത്തതുകൊണ്ടാണ് പാക് ടീമിന് കിരീടം നേടാൻ കഴിയാതെ പോയതെന്നും അക്തർ കൂട്ടിച്ചേർത്തു.
"ഇന്ത്യൻ അണ്ടർ-19 കളിക്കാരോടുള്ള എന്റെ സന്ദേശം ഇതാണ്, ആക്രമണോത്സുകമായ സമീപനമാവാം. എനിക്കത് ഇഷ്ടമാണ്. എന്നാൽ, പാകിസ്താൻ വളരെ മികച്ച ടീമായിരുന്നു, ടൂർണമെന്റിലുടനീളം അവർ ഏറെ മുന്നിലായിരുന്നു. എന്നാൽ, അവർക്ക് സമ്മർദം കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. എപ്പോഴത്തെയും പോലെ, നിർണായക നിമിഷങ്ങളിൽ സമ്മർദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യക്കറിയാം", മുൻ പാകിസ്താൻ പേസർ പറഞ്ഞു.
"ഇന്ത്യക്ക് അഭിനന്ദനങ്ങൾ. അവർ മികച്ച ക്രിക്കറ്റാണ് കളിച്ചത്. ഇന്ത്യക്ക് കരുത്തുണ്ടായിരുന്നു, ആത്മവിശ്വാസമുണ്ടായിരുന്നു, കളി ഫിനിഷ് ചെയ്യാൻ കഴിയുന്ന കളിക്കാരും അവർക്കുണ്ടായിരുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Shoaib Akhtar admitted Pakistan failed to handle pressure in the crucial match, u19 asiacup final
Published: 16 Nov 2026, 11:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented