ന്യൂഡൽഹി: ക്രിക്കറ്റിൽ പല സാഹചര്യങ്ങളിലും താരങ്ങൾ റണ്ണൗട്ടാകാറുണ്ട്. ബാറ്റർമാരുടെ അശ്രദ്ധകൊണ്ടോ ഫീൽഡർമാരുടെ മിടുക്ക് കൊണ്ടോ റണ്ണൗട്ടാകാം. എന്നാൽ, കഴിഞ്ഞ ദിവസം ഡൽഹി പ്രീമിയർ ലീഗിലെ റണ്ണൗട്ട് എങ്ങനെ സംഭവിച്ചതാണെന്ന് നിശ്ചയിക്കാനാവില്ല. റണ്ണൗട്ടാക്കാൻ ശ്രമിച്ചെങ്കിലും താരത്തിന് ആദ്യം പന്ത് കൈയിലൊതുക്കാനായില്ല. ആദ്യനീക്കം പാളിയ ദേഷ്യത്തിൽ താരം കാലുകൊണ്ട് പന്ത് തട്ടി. അത് നേരെ ബെയിൽ ഇളക്കിയപ്പോൾ ബാറ്റർ പുറത്ത്. ജയിക്കാൻ അവസാന പന്തിൽ ഒരു റൺ വേണ്ടപ്പോഴാണ് സംഭവം.

To advertise here,

ന്യൂഡൽഹി ടൈഗേഴ്‌സും ഔട്ടർ ഡൽഹി വാരിയേഴ്‌സും തമ്മിലുള്ള മത്സരമാണ് അത്യന്തം ആവേശകരമായ പര്യവസാനത്തിലേക്ക് നീങ്ങിയത്. ആദ്യം ബാറ്റുചെയ്ത ടീം 15 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഔട്ടർ ഡൽഹി 14 ഓവറിൽ 147-7 എന്ന നിലയിലായിരുന്നു. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് ഒൻപത് റൺസ്. ആദ്യപന്തിൽ ഫോറടിച്ചാണ് തുടങ്ങിയത്. ആദ്യ നാലുപന്തിൽ ടീമെടുത്തത് എട്ടുറൺസ്. അവസാനരണ്ടുപന്തുകളിൽ ജയിക്കാൻ വേണ്ടത് ഒരു റൺ. എന്നാൽ അഞ്ചാം പന്തിൽ ബാറ്റർ റണ്ണൗട്ടായി.

അവസാന പന്തിൽ വേണ്ടത് ഒരു റൺ. മിഡ് ഓഫിൽ കളിച്ച് ബാറ്റർ വേഗത്തിൽ സിംഗിളെടുക്കാനാണ് ശ്രമിച്ചത്. ഫീൽഡിലുണ്ടായിരുന്ന ഹിമ്മത് സിങ് പന്ത് വേഗം കൈപ്പിടിയലാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പന്ത് കൈയ്യിൽ നിന്ന് വഴുതി മാറി. അവസരം നഷ്ടപ്പെട്ടല്ലോ എന്ന ഭാവത്തിൽ ദേഷ്യത്തോടെ താരം പന്ത് കാലുകൊണ്ട് തട്ടിമാറ്റി. എന്നാൽ പന്ത് നേരെ കുറ്റി തെറിപ്പിച്ചു. ബാറ്റർ ആ ഘട്ടത്തിൽ ക്രീസിലെത്തിയിട്ടുണ്ടായിരുന്നില്ല. താരത്തെ പുറത്താക്കിയതോടെ മത്സരം ടൈ ആയി. സഹതാരങ്ങൾ ഇത് കൈകൊണ്ട് തലയിൽ കൈവച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

പിന്നീട് നടന്ന സൂപ്പർ ഓവറിൽ ഔട്ടർ ഡൽഹി തന്നെ വിജയിച്ചു. ആദ്യം ബാറ്റുചെയ്ത ഔട്ടർ ഡൽഹി സൂപ്പർ ഓവറിൽ 21 റൺസ് വിജയലക്ഷ്യമുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂഡൽഹി ടൈഗേഴ്‌സ് ആറു റൺസിന് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ട് പുറത്തായി.