ന്യൂഡൽഹി: ശുഭ്മാൻ ഗില്ലിനെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ബിസിസിഐ ഇപ്പോഴത്തെ ഈ പ്രശ്‌നം പരിഹരിച്ച് 2027 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ഒക്ടോബറിലാണ് ബിസിസിഐ രോഹിത്തിനെ മാറ്റി, ഗില്ലിനെ ഏകദിന ടീം ക്യാപ്റ്റനാക്കിയത്. എന്നാൽ ഗില്ലിനു കീഴിൽ ഇതുവരെ കളിച്ച രണ്ട് ഏകദിന പരമ്പരകളും ഇന്ത്യ തോറ്റിരുന്നു. ഓസ്‌ട്രേലിയയിൽ വെച്ചാണ് ഗിൽ ക്യാപ്റ്റൻ സ്ഥാനത്ത് അരങ്ങേറ്റം കുറിച്ചത്. അവിടെ ഇന്ത്യയെ കാത്തിരുന്നത് പരമ്പര തോൽവിയായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ശേഷം ന്യൂസീലൻഡിനെതിരേ നടന്ന ഏകദിന പരമ്പരയും ഇന്ത്യ തോറ്റു. നാട്ടിൽ ഇതാദ്യമായാണ് കിവീസിനെതിരേ ഇന്ത്യ ഏകദിന പരമ്പര തോൽക്കുന്നത്. ഈ പരമ്പരയിലെ ഗില്ലിന്റെ ക്യാപ്റ്റൻസിക്കെതിരേ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു.
ന്യൂസീലൻഡിനെതിരായ പരമ്പരയിൽ രോഹിത്തായിരുന്നു ക്യാപ്റ്റനെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നുവെന്നും തിവാരി പറഞ്ഞു. തുടർച്ചയായ രണ്ട് മത്സരങ്ങൾ തോറ്റാണ് ഇന്ത്യ പരമ്പര അടിയറവുവെച്ചത്. ഗില്ലിനേക്കാൾ മികച്ചത് രോഹിത്താണ്. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യയ്ക്ക് ലോകകപ്പ് നേടാൻ കൂടുതൽ സാധ്യതയുണ്ടെന്നും തിവാരി ചൂണ്ടിക്കാട്ടി.
''രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു? ഇന്നും ഏകദിനങ്ങളിൽ രോഹിത് നയിച്ചിരുന്നെങ്കിൽ (ന്യൂസീലൻഡ് പരമ്പര) ഫലം മറ്റൊന്നാകുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അദ്ദേഹം ചാമ്പ്യൻസ് ട്രോഫി നേടിയപ്പോൾ, ടീം ശരിയായ ദിശയിലാണ് മുന്നോട്ട് പോയിരുന്നത്. ഗില്ലിനേക്കാൾ എത്രയോ മികച്ചവനാണ് രോഹിത്. അതുകൊണ്ടാണ് അദ്ദേഹം ഇത്രയും വിജയകരമായ ക്യാപ്റ്റനായിരിക്കുന്നത്. ശുഭ്മാന്റെ ക്യാപ്റ്റൻസി ഉപയോഗിച്ച് നിങ്ങൾക്ക് അത് (ലോകകപ്പ്) നേടാൻ കഴിയും, പക്ഷേ ഇരുവരുടെയും ക്യാപ്റ്റൻസി താരതമ്യം ചെയ്യാൻ ഞാൻ നിർദേശിക്കുന്നു. രോഹിത് ക്യാപ്റ്റനായാൽ, വിജയസാധ്യത എത്ര ശതമാനം? ശുഭ്മാൻ നയിച്ചാൽ, വിജയസാധ്യത എത്ര ശതമാനം? രോഹിത് ക്യാപ്റ്റനാണെങ്കിൽ, ഇന്ത്യ ലോകകപ്പ് നേടാൻ 85 മുതൽ 90 ശതമാനം വരെ സാധ്യതയുണ്ടെന്ന് എല്ലാവരും പറയും.'' - തിവാരി വ്യക്തമാക്കി.
Content Highlights: Former India player Manoj Tiwary urges BCCI to reinstate Rohit Sharma as ODI captain, citing Shubman Gill`s recent losses and Rohit`s proven track record for World Cup success.
Published: 23 Jan 2026, 05:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented