ബെംഗളൂരു: ഐപിഎല്ലിൽ തകർപ്പൻ ജയവുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആർസിബി അഞ്ചുവിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി. ഗുജറാത്ത് ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ ബെംഗളൂരു മറികടന്നു. വിരാട് കോലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും അർധസെഞ്ചുറികളാണ് ടീമിന് തുണയായത്. നേരത്തേ സെഞ്ചുറി നേടിയ സായ് സുദർശനാണ് ഗുജറാത്തിന് മികച്ച സ്‌കോർ സമ്മാനിച്ചത്. താരം 58 പന്തിൽ നിന്ന് 100 റൺസെടുത്തിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിയുടെത് ഉജ്ജ്വല തുടക്കമായിരുന്നു. ജേക്കബ് ബെത്തൽ 14 റൺസെടുത്ത് പുറത്തായെങ്കിലും കോലിയും ദേവ്ദത്ത് പടിക്കലും വെടിക്കെട്ടൊരുക്കി. ഇരുതാരങ്ങളും ഗുജറാത്ത് ബൗളർമാരെ മാറിമാറി പ്രഹരിച്ചു. അതോടെ പവർപ്ലേയിൽ സ്‌കോർ 58-ലെത്തി. തകർത്തടിച്ചതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. ഒൻപതാം ഓവറിൽ 19 റൺസാണ് ഇരുവരും അടിച്ചെടുത്തത്. അതോടെ സ്‌കോർ നൂറ് കടന്നു.
വെടിക്കെട്ട് തുടർന്ന പടിക്കൽ കോലിക്ക് മുൻപേ അർധസെഞ്ചുറിയും തികച്ചു. 21 പന്തിലാണ് താരം ഫിഫ്റ്റി നേടിയത്. പിന്നാലെ തന്നെ കോലിയുടെ ഫിഫ്റ്റിയുമെത്തി. രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയത് ബെംഗളൂരുവിന് വിജയപ്രതീക്ഷ സമ്മാനിച്ചു. എന്നാൽ പടിക്കലിനെയും കോലിയേയും പുറത്താക്കി ഗുജറാത്ത് തിരിച്ചടിച്ചു. പടിക്കൽ 27 പന്തിൽ നിന്ന് 55 റൺസും കോലി 44 പന്തിൽ നിന്ന് 81 റൺസുമെടുത്ത് പുറത്തായി. 14 ഓവർ അവസാനിക്കുമ്പോൾ 158-3 എന്ന നിലയിലായിരുന്നു ആർസിബി. ജിതേഷ് ശർമയും(10) രജത് പാട്ടിദാറും(8) പിന്നാലെ മടങ്ങിയതോടെ ആർസിബി 15.3 ഓവറിൽ 173-5 എന്ന നിലയിലായി. പിന്നീട് ക്രുണാൽ പാണ്ഡ്യയും(23) ടിം ഡേവിഡും(10) ടീമിനെ ജയത്തിലെത്തിച്ചു. 18.5 ഓവറിൽ ടീം ലക്ഷ്യത്തിലെത്തി.
നേരത്തേ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് 205 റൺസാണെടുത്തത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുറാത്ത് വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഓപ്പണർ സായ് സുദർശനാണ് ഗുജറാത്തിനായി മിന്നിയത്. ശുഭ്മാൻ ഗില്ലിനെ ഒരുവശത്തുനിർത്തി സുദർശൻ ബൗണ്ടറികളുമായി കളം നിറഞ്ഞു. ഏഴോവറിൽ ടീം സ്‌കോർ 61 റൺസായിരുന്നു. ആ ഘട്ടത്തിൽ 32 പന്തിൽ നിന്ന് 48 റൺസായിരുന്നു സുദർശന്റെ സമ്പാദ്യം. ഗിൽ നേടിയതാകട്ടെ 11 റൺസ് മാത്രം. എട്ടാം ഓവറിൽ ഫിഫ്റ്റി തികച്ച താരം ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു.
10 ഓവറെത്തുമ്പോഴേക്കും ടീം 104 റൺസിലെത്തി. 12 ഓവറിൽ സ്‌കോർ 121 ലും. ആ ഘട്ടത്തിൽ സുദർശൻ 85 റൺസാണെടുത്തിരുന്നത്. പിന്നാലെ ഗിൽ(32) പുറത്തായി. രണ്ടാം വിക്കറ്റിൽ ജോസ് ബട്ട്‌ലറുമായി ചേർന്ന് സായ് സുദർശൻ ഗുജറാത്തിനെ മുന്നോട്ടുനയിച്ചു. പിന്നാലെ താരത്തിന്റെ സെഞ്ചുറിയുമെത്തി. ഈ ഐപിഎല്ലിലെ സായ് സുദർശന്റെ ആദ്യ സെഞ്ചുറിയാണിത്.
സെഞ്ചുറിക്ക് പിന്നാലെ താരം കൂടാരം കയറിയത് ഗുജറാത്തിനെ പ്രതിരോധത്തിലാക്കി. 58 പന്തിൽ നിന്ന് 100 റൺസെടുത്താണ് പുറത്തായത്. ജോസ് ബട്ട്‌ലർ 25 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച വാഷിങ്ടൺ സുന്ദറും(19) ജേസൺ ഹോൾഡറുമാണ്(23) സ്‌കോർ 200 കടത്തിയത്.
Content Highlights: Royal Challengers Bengaluru vs Gujarat Titans, ipl match
Published: 24 Apr 2026, 11:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented