ഡബ്ലിൻ: പ്രിന്റർ കാരണം ഒരു ക്രിക്കറ്റ് ടീം മത്സരം തോറ്റു. വടക്കൻ അയർലൻഡിലാണ് ഈ അപൂർവവും വിചിത്രവുമായ സംഭവം അരങ്ങേറിയത്. നോർത്ത് വെസ്റ്റ് ക്രിക്കറ്റ് യൂണിയൻ പ്രീമിയർ ലീഗിൽ ശനിയാഴ്ച നടന്ന മത്സരത്തിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എഗ്ലിന്റൺ ടീമിനെ നേരിടുകയായിരുന്നു ബാലിസ്പാലൻ.
ആദ്യം ബാറ്റ് ചെയ്ത എഗ്ലിന്റൺ ടീം 48.1 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ബാലിസ്പാലൻ ടീം രണ്ട് ഓവറിൽ 19 റൺസെടുത്തു നിൽക്കെ കളി തടസപ്പെടുത്തിക്കൊണ്ട് മഴയെത്തി.
മഴ കാരണം കളിയിലെ ഓവറുകൾ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. പരിമിത ഓവർ മത്സരങ്ങളിൽ മഴ തടസം സൃഷ്ടിക്കുമ്പോൾ പുതുക്കിയ വിജയലക്ഷ്യം കണക്കാക്കാൻ ഉപയോഗിക്കുന്ന ഡക്ക്വർത്ത്-ലൂയിസ്-സ്റ്റേൺ രീതി ഉപയോഗിക്കാൻ അമ്പയർമാരും അധികൃതരും തീരുമാനിച്ചു. എന്നാൽ ഇതിനായി ആവശ്യമായ ഡിഎൽഎസ് ഷീറ്റിന്റെ പ്രിന്റ് എടുക്കാൻ ബാലിസ്പാലൻ ടീമിന് സാധിച്ചില്ല. അവരുടെ പ്രിന്റർ തകരാറിലായതായിരുന്നു അതിന് കാരണം.
നോർത്ത് വെസ്റ്റ് ക്രിക്കറ്റ് യൂണിയന്റെ കർശനമായ നിയമങ്ങൾ അനുസരിച്ച്, ഡിഎൽഎസ് കണക്കുകൂട്ടലുകൾ അടങ്ങിയ ഷീറ്റ് രണ്ട് ടീമുകൾക്കും അമ്പയർമാർക്കും നൽകാൻ സാധിച്ചില്ലെങ്കിൽ ആതിഥേയരായ (ഹോം ടീം) ക്ലബ് ഉടൻ തന്നെ തോൽവി സമ്മതിക്കണം. മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഹോം ടീമിന്റെ പക്കൽ ആവശ്യമായ സോഫ്റ്റ്വെയറുള്ള കമ്പ്യൂട്ടർ, കൃത്യമായി പ്രവർത്തിക്കുന്ന പ്രിന്റർ, ആവശ്യത്തിന് പേപ്പർ, മഷി, കൂടാതെ ഇത് കൈകാര്യം ചെയ്യാൻ യോഗ്യനായ ഒരു വ്യക്തി എന്നിവ ഉണ്ടായിരിക്കണം എന്ന് നിയമം വ്യക്തമാക്കുന്നുണ്ട്.
പ്രിന്റർ പണി തന്നതോടെ ബാലിസ്പാലന് കളി തോറ്റുകൊടുക്കേണ്ടി വരികയായിരുന്നു. മഴയ്ക്ക് ശേഷം ഒരു പന്ത് പോലും എറിയാതെ തന്നെ എഗ്ലിന്റൺ ടീമിനെ വിജയികളായി പ്രഖ്യാപിച്ചു. ഈ സാങ്കേതിക തകരാർ കാരണം ലീഗിലെ അഞ്ചാം വിജയം നേടാനുള്ള ബാലിസ്പാലന്റെ അവസരമാണ് നഷ്ടമായത്.
Content Highlights: Ballyspallen lost a cricket match against Eglinton due to a broken printer., Rain interrupted the match, requiring the DLS calculation sheet., League rules state that failing to provide the printed DLS sheet results in an automatic forfeiture for the home team., Eglinton was declared the winner without a single ball being bowled after the rain delay.
Published: 31 Aug 2026, 11:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented