ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ യുദ്ധവിമാന ആംഗ്യം കാണിച്ച പാക് താരം ഹാരിസ് റൗഫ് വൻ വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു. ബൗണ്ടറിക്കരികേ ഫീല്‍ഡ് ചെയ്ത റൗഫിനെ 'കോലി വിളികൾകൊണ്ട് കാണികള്‍ പരിഹസിച്ചതിന് പിന്നാലെയാണ് താരം ഈ ആംഗ്യം കാണിച്ചത്.  പിന്നാലെ റൗഫ് 6-0 എന്നു കാണിച്ചതും ചർച്ചയായി. ഓപ്പറേഷന്‍ സിന്ദൂറിനിടെ ആറ് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായി പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. ഇതാണ് പാക് താരം സൂചിപ്പിച്ചതെന്നാണ് പലരും വിമർശിച്ചത്.

To advertise here,

ഇപ്പോഴിതാ പാക് വനിതാ താരം നഷ്‌റ സുന്ദുവും സമാനമായ ആംഗ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വനിതാ ഏകദിനത്തിലാണ് സംഭവം.

മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് പാക് താരത്തിന്റെ ആംഗ്യം. മത്സരത്തില്‍ നഷ്‌റ ആറുവിക്കറ്റെടുത്ത് കളിയിലെ താരമായി. ഏകദിനക്രിക്കറ്റില്‍ അതിവേഗം നൂറുവിക്കറ്റെടുക്കുന്ന പാക് വനിതാ താരമെന്ന നേട്ടവും നഷ്‌റ സ്വന്തമാക്കിയിരുന്നു. പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ ഈ ചിത്രം ഉള്‍പ്പെടെ പങ്കുവെക്കുകയും ചെയ്തു.

 

ഒട്ടേറെ ആരാധകർ ഈ സെലിബ്രേഷനെ ഹാരിസ് റൗഫിന്റെതുമായി ബന്ധപ്പെടുത്തി പോസ്റ്റ് പങ്കുവെച്ചു. 6-0 എന്ന ആംഗ്യം കാണിക്കുന്ന റൗഫിന്റെ ചിത്രവും നഷ്റയുടെ ചിത്രവും ഒരുമിച്ച് ചേർത്താണ് പോസ്റ്റുകളെല്ലാം. അതേസമയം നഷ്റ മത്സരത്തിലെ ആറുവിക്കറ്റ് നേട്ടം സൂചിപ്പിച്ചാണ് ഇത്തരത്തിൽ ആഘോഷപ്രകടനം നടത്തിയതെന്നും വാദമുണ്ട്.

 

നേരത്തേ മത്സരത്തിനിടെ കൈകൊണ്ട് വിമാനം പറക്കുന്നതും താഴെ വീഴുന്നതുമായ ആംഗ്യമാണ് ഹാരിസ് റൗഫ് കാണിച്ചത്. സൂപ്പര്‍ ഫോര്‍ മത്സരത്തിന്റെ തലേദിവസം പരിശീലനത്തിനിടെ റൗഫ് 6-0 എന്ന് വിളിച്ചുപറയുന്നത് കേട്ടിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂറിനിടെ ആറ് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായി പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. ഇതാണ് ഹാരിസ് റൗഫ് സൂചിപ്പിച്ചതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.