ദുബായ്: ഇന്ത്യക്കെതിരായ ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ പാക് ബാറ്റർ സഹിബ്സാദ ഫര്‍ഹാന്‍ നടത്തിയ ആഘോഷ പ്രകടനം വൻ വിവാദത്തിലായിരുന്നു. ബാറ്റ് കൊണ്ട് വെടിയുതിര്‍ക്കുന്ന തരത്തിലുള്ള ആംഗ്യമാണ് താരം കാണിച്ചത്. പിന്നാലെ ഐസിസി താരത്തിന് താക്കീതും നൽകി. ഇപ്പോഴിതാ വീണ്ടും വിവാദ ആംഗ്യപ്രകടനം നടത്തിയിരിക്കുകയാണ് ഫർഹാൻ.

To advertise here,

ഒരു പ്രൊമോഷണൽ ഷൂട്ടിനിടെയാണ് സംഭവം. ഫർഹാൻ ബാറ്റ് എടുത്തുയര്‍ത്തി വെടിയുതിര്‍ക്കുന്നതുപോലെ ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു. താരം ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ ഈ ഫോട്ടോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെതിരേ വ്യാപകമായ വിമർശനവും ഉയരുകയാണ്. ഐസിസിയുടെ താക്കീതിന് പിന്നാലെയാണ് വീണ്ടും വിവാദ ആംഗ്യവുമായി താരമെത്തിയത്.

മനസിൽ തോന്നിയത് ചെയ്തതാണെന്നും ആളുകൾ പറയുന്നത് കാര്യമാക്കുന്നില്ലെന്നുമാണ് നേരത്തേ ഈ ആംഗ്യപ്രകടനത്തെ സംബന്ധിച്ച് ഫർഹാൻ പറഞ്ഞത്. ആഘോഷം ആ നിമിഷത്തിൽ സംഭവിച്ചുപോയതാണ്. 50 റൺസ് നേടിയതിന് ശേഷം ഞാൻ അധികം ആഘോഷിക്കാറില്ല. പക്ഷേ, ഇന്ന് ഒരു ആഘോഷം നടത്താമെന്ന് എനിക്ക് പെട്ടെന്ന് തോന്നി. ഞാൻ അത് ചെയ്തു. - ഫർഹാൻ അന്ന് പ്രതികരിച്ചതിങ്ങനെയാണ്.

ആളുകൾ അതിനെ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ലെന്നും ഞാൻ അത് കാര്യമാക്കുന്നില്ലെന്നും ഫർഹാൻ കൂട്ടിച്ചേർത്തു. എവിടെ കളിച്ചാലും ആക്രമണോത്സുകമായി ക്രിക്കറ്റ് കളിക്കണം. അത് ഇന്ത്യയ്ക്കെതിരെ മാത്രമല്ല, എല്ലാ ടീമുകൾക്കെതിരെയും ആക്രമണോത്സുകമായി കളിക്കണം.- ചോദ്യത്തിനു മറുപടിയായി അന്ന് പാക് ബാറ്റർ പറഞ്ഞു.

ഏഷ്യാകപ്പിൽ ഇന്ത്യക്കെതിരേ പാക് ഇന്നിങ്സിന്റെ പത്താം ഓവറിലാണ് താരം അര്‍ധസെഞ്ചുറി തികയ്ക്കുന്നത്. അക്ഷര്‍ പട്ടേലിനെ സിക്‌സറടിച്ച് അമ്പത് കടന്നതിന് പിന്നാലെയാണ് ആംഗ്യപ്രകടനം. ഡഗ്ഔട്ടിനുനേരെ തിരിഞ്ഞ് ബാറ്റ് എടുത്തുയര്‍ത്തി വെടിയുതിര്‍ക്കുന്നതുപോലെ കാണിക്കുകയായിരുന്നു. മൈതാനത്തെ ഹസ്തദാന വിവാദവും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഫര്‍ഹാന്റെ ഈ ആഘോഷപ്രകടനം ചര്‍ച്ചയായത്.