ദുബായ്; ഏഷ്യാകപ്പ് ക്രിക്കറ്റിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് കിരീടം നൽകാത്തത് സംബന്ധിച്ച വിവാദം പുകയുന്നു. ഇതുവരെ ഇന്ത്യൻ ടീമിന് കിരീടം നൽകാൻ സംഘാടകർ തയ്യാറായിട്ടില്ല. ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹെഡ്ക്വാർട്ടേഴ്സിലാണ് കിരീടമുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ട്രോഫി അവിടെനിന്ന് മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്ന കർശനനിർദേശം പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയർമാനുമായ മൊഹ്സിന്‍ നഖ്‌വി നൽകിയതായാണ് റിപ്പോർട്ട്.

To advertise here,

ട്രോഫി ദുബായിലെ എസിസി ഓഫീസിൽ പൂട്ടി വെച്ച നിലയിലാണെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. നഖ്‌വിയുടെ അനുമതിയും നേരിട്ടുള്ള സാന്നിധ്യവുമില്ലാതെ അത് മാറ്റുകയോ ആർക്കും കൈമാറുകയോ ചെയ്യരുതെന്നാണ് നിർദ്ദേശമെന്നും നഖ്‌വിയുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. താൻ നേരിട്ടെത്തി മാത്രമേ ഇന്ത്യൻ ടീമിനോ ബിസിസിഐക്കോ ട്രോഫി കൈമാറുകയുള്ളൂ എന്നാണ് നഖ്‌വി നിർദേശിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഫൈനലില്‍ പാകിസ്താനെ വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തിയതിന് ശേഷമാണ് വിവാദസംഭവങ്ങൾ അരങ്ങേറുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചിരുന്നു. പാകിസ്താനുമായുള്ള ബന്ധം മോശമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പകരം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ട്രോഫി കൈമാറണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍, നഖ്‌വി ഈ ആവശ്യം നിരസിക്കുകയും, ഇന്ത്യന്‍ ടീം തന്റെ കൈയില്‍നിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ ടീം പോഡിയത്തില്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ എസിസി ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഗ്രൗണ്ടില്‍നിന്ന് ട്രോഫി എടുത്തുമാറ്റുന്ന അസാധാരണമായ രംഗങ്ങളാണ് പിന്നീട് കണ്ടത്. കപ്പും വിജയികള്‍ക്കുള്ള മെഡലുകളുമായി നഖ്വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീം പ്രതീകാത്മകമായാണ് വിജയാഘോഷം നടത്തിയത്.

വൻ വിവാദമായതോടെ നഖ്‌വി അടുത്തിടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എസിസി പ്രസിഡന്റ് എന്ന നിലയില്‍ ആ ദിവസം തന്നെ ട്രോഫി കൈമാറാന്‍ താന്‍ തയ്യാറായിരുന്നുവെന്നാണ് നഖ്‌വി പ്രതികരിച്ചത്. അവര്‍ക്ക് അത് ശരിക്കും വേണമെങ്കില്‍ എസിസി ഓഫീസില്‍ വന്ന് തന്റെ പക്കല്‍ നിന്ന് അത് കൈപ്പറ്റാന്‍ ഇന്ത്യന്‍ ടീമിനെ സ്വാഗതം ചെയ്യുന്നുവെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ നഖ്‌വി പ്രതികരിച്ചു. അതേസമയം എസിസി വെര്‍ച്വല്‍ യോഗത്തില്‍ ബിസിസിഐ പ്രതിനിധികളോട് താന്‍ ക്ഷമാപണം നടത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ ഒരിക്കലും ക്ഷമാപണം നടത്തില്ലെന്നുമാണ് നഖ്‌വി പറഞ്ഞത്.