ഭോപ്പാൽ: ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025-ൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുടർന്ന് ശല്യം ചെയ്യുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഇരയെ പഴിക്കുന്ന പരാമർശം നടത്തി മധ്യപ്രദേശ് മന്ത്രി. 'താരങ്ങൾക്കും അധികൃതർക്കും ഇതൊരു പാഠമാണെന്നും ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയ വിവരം സുരക്ഷാ ഉദ്യോഗസ്ഥരെ താരങ്ങൾ അറിയിക്കണമായിരുന്നു'വെന്നും മന്ത്രി കൈലാഷ് വിജയവർഗീയ പറഞ്ഞു. മന്ത്രിയുടെ പരാമർശത്തിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്.
ഈ സംഭവം നമുക്കും കളിക്കാർക്കും എല്ലാവർക്കുമുള്ള ഒരു പാഠമാണ്. കളിക്കാർ അവരുടെ താമസസ്ഥലം വിട്ട് പുറത്തുപോകുമ്പോൾ, അവരുടെ സുരക്ഷാ ഉദ്യോഗസ്ഥരെയും പ്രാദേശിക ഭരണകൂടത്തെയും അറിയിക്കണം. ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കാർക്ക് വലിയ ആരാധകരുണ്ട്. ആൾക്കൂട്ടം കാരണം ഫുട്ബോൾ കളിക്കാരുടെ വസ്ത്രങ്ങൾ കീറിപ്പോകുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ട്. ഒരു ഇംഗ്ലീഷ് ഫുട്ബോൾ താരം താനുണ്ടായിരുന്ന ഹോട്ടലിൽ താമസിച്ചിരുന്നു. പെട്ടെന്ന് ഒരു വലിയ കൂട്ടം യുവ ആരാധകർ അവിടെയെത്തി. ഒരാൾ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങി. ഒരു പെൺകുട്ടി അദ്ദേഹത്തെ ചുംബിച്ചു. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ കീറിപ്പോയി. കളിക്കാർ അവരുടെ ജനപ്രീതിയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. മന്ത്രി പറഞ്ഞു.
അതേസമയം, കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഇത് ഇൻഡോറിനും രാജ്യത്തിനും നാണക്കേടാണ്. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ ശിക്ഷ നൽകി ഒരു മാതൃക സൃഷ്ടിക്കണം. അദ്ദേഹം കൂട്ടിച്ചേർത്തു.
തികച്ചും സ്ത്രീവിരുദ്ധമായ പരാമർശമാണ് മന്ത്രി നടത്തിയതെന്നും ഇന്ത്യൻ നിരത്തുകളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് കൈലാഷ് വിജയവർഗീയ പറയാതെ പറയുകയാണെന്നും വ്യാപകവിമർശനമുയരുന്നുണ്ട്. 'അതിഥി ദേവോ ഭവ' എന്ന ആപ്തവാക്യം പിന്തുടരുന്ന ഒരു രാജ്യത്ത് അതിഥികളെ സംരക്ഷിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടുവെന്നാണ് ഈ സംഭവം എടുത്തു കാണിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനു പകരം, മന്ത്രി ഇരകളെ കുറ്റപ്പെടുത്തുകയാണ്.' മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അരുൺ യാദവ് പറഞ്ഞു.
രണ്ട് ഓസീസ് താരങ്ങൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി ഒരു കഫേയിലേക്ക് നടന്നുപോകുമ്പോൾ മോട്ടോർ സൈക്കിളിലെത്തിയ ഒരാൾ അവരെ പിന്തുടരുകയും ഒരു താരത്തെ അനുചിതമായി സ്പർശിച്ച ശേഷം ഓടിച്ചുപോയതായും പോലീസും വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. സംഭവത്തിൽ അഖീൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: Madhya Pradesh minister Kailash Vijayvargiya sparks outrage with comments blaming Australian cricketers for their molestation in Indore. Criticism mounts as India hosts the Women`s Cricket World Cup.
Published: 27 Oct 2025, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented