ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സിനെ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ നയിച്ചേക്കും. ഇന്ത്യന്‍ ടെസ്റ്റ് ടീം ഓപ്പണറായ മായങ്കിനെ പഞ്ചാബ് ഈ സീസണില്‍ നിലനിര്‍ത്തിയിരുന്നു. മായങ്കിനെയും പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെയുമാണ് പഞ്ചാബ് ഈ സീസണില്‍ നിലനിര്‍ത്തിയത്. 

To advertise here,

പഞ്ചാബിന്റെ വിശ്വസ്തനായ ബാറ്ററാണ് മായങ്ക്. പരിചയസമ്പത്ത് ഏറെയുള്ള മായങ്കിന്റെ കൈയ്യില്‍ നായകസ്ഥാനം ഭദ്രമായിരിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് കണക്കുകൂട്ടുന്നത്. 

ഇത്തവണ പ്രതിഭാധനരായ നിരവധി താരങ്ങളെ ടീമിലെത്തിക്കാന്‍ പഞ്ചാബിന് സാധിച്ചിട്ടുണ്ട്. കെ.എല്‍.രാഹുല്‍ ടീം വിട്ടതോടെയാണ് മായങ്കിന് നറുക്കുവീണത്. 

ശിഖര്‍ ധവാന്‍, കഗിസോ റബാദ, ജോണി ബെയര്‍സ്‌റ്റോ, രാഹുല്‍ ചാഹര്‍, ഷാറൂഖ് ഖാന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ഒഡിയന്‍ സ്മിത്ത് തുടങ്ങിയ താരങ്ങള്‍ ഇത്തവണ പഞ്ചാബിന്റെ ജഴ്‌സിയണിയും. 

കഴിഞ്ഞ സീസണില്‍ രാഹുലിന് പരിക്കേറ്റപ്പോള്‍ ടീമിനെ മായങ്കാണ് നയിച്ചത്. കഴിഞ്ഞ രണ്ട് സീസണിലുമായി ആകെ 800-ലധികം റണ്‍സ് നേടിയ മായങ്ക് 2011 ലാണ് ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. മായങ്കിലൂടെ കന്നിക്കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ്. 2014-ല്‍ ടീം ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ മൂന്ന് സീസണിലും ആറാം സ്ഥാനത്താണ് പഞ്ചാബ് സീസണ്‍ അവസാനിപ്പിച്ചത്.