ഗോൾ: യശസ്വി ജയ്‌സ്വാൾ പുറത്തായതോടെ രണ്ടാം വിക്കറ്റിൽ ഒന്നിച്ച കെ.എൽ. രാഹുലും ദേവ്ദത്ത് പടിക്കലും ചേർന്നാണ് ഇന്ത്യയെ അമ്പത് കടത്തിയത്. നാലാം ദിനം ആദ്യ ഓവറിൽ തന്നെ ജയ്‌സ്വാൾ പുറത്തായിരുന്നു. രാഹുലും പടിക്കലും ശ്രദ്ധയോടെയാണ് ലങ്കൻ ബൗളർമാരെ നേരിട്ടത്. 65 റൺസാണ് ഇരുവരും രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 35 റൺസെടുത്താണ് രാഹുൽ പുറത്തായത്. എന്നാൽ അതിന് മുൻപ് തന്നെ രാഹുലിനെ ഔട്ട് വിളിച്ചിരുന്നു. പടിക്കലിന്റെ കൃത്യമായ ഇടപെടലാണ് രാഹുലിന് രക്ഷയായത്.

To advertise here,

ഇന്ത്യയുടെ രണ്ടാമിന്നിങ്‌സിന്റെ 11-ാം ഓവറിലാണ് സംഭവം. പ്രഭാത് ജയസൂര്യയുടെ പന്തിൽ രാഹുൽ എൽബിഡബ്യുവിന് കുരുങ്ങുകയായിരുന്നു. ലങ്കൻ താരങ്ങൾ അപ്പീൽ ചെയ്യുകയും അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു. രാഹുൽ ഡഗൗട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. റിവ്യൂ നൽകാനുള്ള യാതൊരു ഉദ്ദേശവും രാഹുലിന് ഉണ്ടായിരുന്നില്ല. എന്നാൽ പടിക്കൽ ഇടപെട്ടു.

മടങ്ങാനൊരുങ്ങിയ രാഹുലിനോട് അമ്പയറുടെ അപ്പീലിനെതിരേ റിവ്യൂ നൽകാൻ പടിക്കൽ ആവശ്യപ്പെട്ടു. തുടർന്ന് രാഹുൽ റിവ്യൂ നൽകി. റീപ്ലേയിൽ വിക്കറ്റ് മിസ്സിങ് ആണെന്ന് വ്യക്തമായി. അതോടെ രാഹുൽ ഔട്ടായ തീരുമാനം പിൻവലിക്കപ്പെട്ടു. രാഹുൽ സന്തോഷം മറച്ചുവെച്ചില്ല. പടിക്കലിന്റെ അടുത്തെത്തി താരത്തെ കെട്ടിപ്പിടിച്ചാണ് രാഹുൽ തിരിച്ച് ബാറ്റ് ചെയ്യാൻ മടങ്ങിയത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാഹുൽ 35 റൺസെടുത്തും പടിക്കൽ 44 റൺസെടുത്തുമാണ് മടങ്ങിയത്.