അഹമ്മദാബാദ്: അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ ബാറ്റിംഗാണ് ഗുജറാത്തിന് അനായാസ വിജയം സമ്മാനിച്ചത്.

To advertise here,

കൊൽക്കത്ത ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വെറും 50 പന്തിൽ നിന്ന് എട്ട് ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടെ 86 റൺസാണ് ഗിൽ അടിച്ചെടുത്തത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. നാലാം ഓവറിനുള്ളിൽ തന്നെ 32 റൺസിന് മൂന്ന് വിക്കറ്റുകൾ അവർക്ക് നഷ്ടമായി. ഓപ്പണർമാരെ ഗുജറാത്ത് പേസർമാരായ കാഗിസോ റബാഡയും (3/29) മുഹമ്മദ് സിറാജും (2/23) ചേർന്ന് പുറത്താക്കി. എന്നാൽ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന്റെ ഒറ്റയാൾ പോരാട്ടം കൊൽക്കത്തയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. 55 പന്തിൽ നിന്ന് 79 റൺസ് നേടിയ ഗ്രീൻ, റോവ്മാൻ പവലുമായി (27) ചേർന്ന് നാലാം വിക്കറ്റിൽ 55 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 180 റൺസിന് കൊൽക്കത്ത ഓൾ ഔട്ടായി.