1951 ലാണ് കേരളത്തിന്റെ രഞ്ജി ട്രോഫി അരങ്ങേറ്റം. കേരളം ഔപചാരികമായി പിറക്കുന്നതിന് മുമ്പായതിനാല്‍ ട്രാവന്‍കൂര്‍ കൊച്ചി ക്രിക്കറ്റ് ടീം എന്ന പേരിലായിരുന്നു അന്ന് കളിച്ചത്. പിന്നീടത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ രൂപീകരണത്തിനും തുടര്‍ന്ന് കേരള ടീം എന്ന പേരുമാറ്റത്തിനുമൊക്കെ കാരണമായി എന്നത് ചരിത്രം.

To advertise here,

ആദ്യകാലത്ത് നോക്കൗട്ട് അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങള്‍. അക്കാലത്ത് ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെട്ട് പുറത്താകാനായിരുന്നു കേരളത്തിന്റെ വിധി. പിന്നീട് രഞ്ജി ട്രോഫി ലീഗ് അടിസ്ഥാനത്തിലേക്ക് മാറി. എങ്കിലും 1960 ലാണ് കേരളം ആദ്യമായി ഒരു രഞ്ജി ട്രോഫി മത്സരം വിജയിച്ചത്. ഇത് ഗുണ്ടൂരില്‍ വെച്ച് ആന്ധ്രാപ്രദേശിനെതിരെയായിരുന്നു. ടീമിനെ നയിച്ചത് ബാലന്‍ പണ്ഡിറ്റ്. തുടര്‍ന്ന് അങ്ങിങ്ങായി നേടിയ ചില വിജയങ്ങളുമായി കേരളാ ക്രിക്കറ്റ് മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു. കൂടുതലും പരാജയങ്ങളും സമനിലകളുമായിരുന്നു ആദ്യ മുപ്പതു വര്‍ഷവും.

placeholder
രവി അച്ചനും ബാലൻ പണ്ഡിറ്റും

ഇതിന് മാറ്റം വന്നു തുടങ്ങിയത് എണ്‍പതുകളിലും തൊണ്ണൂറുകളിലുമൊക്കെയാണ്. അന്ന് മേഖലാടിസ്ഥാനത്തിലായിരുന്നു രഞ്ജി ട്രോഫി ക്വാളിഫൈയിങ് മത്സരങ്ങൾ. രണ്ടു തവണ കേരളത്തില്‍ നിന്ന് ക്വാളിഫൈ ചെയ്ത് നോക്കൗട്ടിലേക്ക് പോവാന്‍ കേരളത്തിന് സാധ്യമായി. എങ്കിലും 2018-19 സീസണില്‍ സെമിഫൈനലിലെത്തി വിദര്‍ഭയോട് പരാജയപ്പെട്ടതാണ് കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവും നല്ല പെര്‍ഫോമന്‍സ്. ഇതിനിടയിലും ചില നല്ല വ്യക്തിഗത മികവുകള്‍ ധാരാളമായിട്ട് കേരളത്തിന്റെ ഭാഗത്തുനിന്ന് വന്നിരുന്നു.

ശ്രീശാന്തിന്റെയും ടിനുവിന്റെയുമെല്ലാം പ്രകടനങ്ങള്‍. അങ്ങനെ ശ്രദ്ധേയമായ ചില പ്രകടനങ്ങളും സന്ദീപ് വാര്യരുടെ നല്ല ബൗളിംഗ്, അനന്തപത്മനാഭന്റെ അതിഗംഭീരമായ രഞ്ജിട്രോഫി പെര്‍ഫോമന്‍സ്, രാംപ്രകാശ്, സുരേഷ്‌കുമാര്‍... ഇങ്ങനെ എടുത്തുപറയാന്‍ കുറെയധികം വ്യക്തിഗത പ്രകടനങ്ങളുമുണ്ടായിട്ടുണ്ട്. വളരെ മുന്‍പുള്ള കാലഘട്ടത്തില്‍ സി.കെ. ഭാസ്‌കരന്‍, ബാലന്‍ പണ്ഡിറ്റ്, രവി അച്ചന്‍ തുടങ്ങിയ ആദ്യ തലമുറയില്‍പ്പെട്ട കളിക്കാര്‍, ഇവരില്‍ എല്ലാവരും ദേശീയതലത്തില്‍ വരെ ശ്രദ്ധ നേടിയവരാണ്. എങ്കില്‍പോലും കേരളത്തിന്റെ ടീം പെര്‍ഫോമന്‍സ് വെച്ച് നോക്കുമ്പോള്‍ ഇപ്പോഴാണ് രഞ്ജിട്രോഫിയില്‍ നമ്മള്‍ മുന്‍നിരയില്‍ എത്തിയിട്ടുള്ളത്. 2018-19 സീസണ്‍ കഴിഞ്ഞ് പിന്നീട് ഇങ്ങോട്ട് നോക്കിയാല്‍ പോലും സച്ചിന്‍ ബേബി ഇന്ത്യന്‍ ക്രിക്കറ്റില്‍ മുന്‍നിര റണ്‍ നേട്ടക്കാരില്‍ സ്ഥാനം പിടിച്ചുതുടങ്ങിയിട്ട് കുറച്ചുവര്‍ഷങ്ങളായി. അതിന് മുമ്പ് രോഹന്‍ പ്രേം രഞ്ജിട്രോഫിയില്‍ അയ്യായിരം റണ്‍സ് നേടി.

placeholder
കെ.എൻ.അനന്തപത്മനാഭനും പി.ബാലചന്ദ്രനും. ഫയൽ ചിത്രം. ഫോട്ടോ: വി.എസ്.ഷൈൻ

ദേശീയതലത്തില്‍ നമുക്ക് ഇപ്പോൾ കിട്ടിയ നേട്ടത്തിന് കിടപിടിക്കാന്‍ പറ്റിയ ഒരു നേട്ടവും കേരള ക്രിക്കറ്റിന് ഇതുവരെയുണ്ടായിട്ടില്ല. അതുവെച്ച് നോക്കുമ്പോള്‍ സച്ചിന്‍ ബേബിയുടെ ഈ ടീം എല്ലാ പ്രശംസകളും അര്‍ഹിക്കുന്നു. കാരണം ലീഗ് റൗണ്ട് തൊട്ടുതന്നെ കടുപ്പമേറിയ മത്സരങ്ങളും അതിസമ്മര്‍ദമുള്ള സന്ദര്‍ഭങ്ങളും അതിജീവിച്ചാണ് ഈ ടീം മുന്നോട്ട് വന്നത്. ആ ഒരു വിന്നിംഗ് മൂഡ് ക്രിയേറ്റ് ചെയ്യാനും കംഫര്‍ട്ടബിളായിട്ടുള്ള അന്തരീക്ഷം ക്രിയേറ്റ് ചെയ്യാനും ടീമിന്റെ പരിശീലകനായ അമേയ് ഖുറേസിയ എന്ന അനുഭവസമ്പത്തുള്ള പരിശീലകന് സാധിച്ചു എന്നുള്ളത് എടുത്തുപറയേണ്ട കാര്യമാണ്. സച്ചിന്‍ ബേബി എല്ലാ കളിക്കാരും ബഹുമാനിക്കുന്ന ഒരു നായകനാണ്. രഞ്ജിട്രോഫിയില്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും അത്രത്തോളമായിക്കഴിഞ്ഞു. ഈ ടീമിനെ അധികം മാറ്റിമറിക്കാതെ, ന്യൂക്ലിയസിനെ അനക്കാതെ കുറച്ചുവര്‍ഷങ്ങളായി ആ ടീമിനെ പരിപോഷിച്ചുകൊണ്ടുവരുന്നു എന്നത് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ചെയ്ത ഒരു നല്ല കാര്യമാണ്.

placeholder
സച്ചിൻ ബേബി. ഫയൽ ചിത്രം

അസ്ഹറുദ്ദീനും സല്‍മാനും അക്ഷയ് ചന്ദ്രനും നിധീഷും കുറച്ച് വര്‍ഷങ്ങളായിട്ട് രഞ്ജിടീമിന്റെ ഭാഗമാണ്. ഇതിനൊപ്പം ജലജ് സക്സേന എന്നൊരു ഓള്‍റൗണ്ടറുടെ പേര് എടുത്തുപറയാതിരിക്കാന്‍ ആവില്ല. കഴിഞ്ഞ 10 വര്‍ഷമായി കേരള ക്രിക്കറ്റ് ടിമിന്റെ ഭാഗ്യമുദ്രയായി ജലജ് സക്സേന മാറിക്കഴിഞ്ഞു. വന്ന സമയത്ത് അതിഥി താരമായിട്ടായിരുന്നുവെങ്കിലും ഇപ്പോള്‍ കേരളത്തിന്റെ സ്വന്തം താരമായി ജലജ് മാറിക്കഴിഞ്ഞു. ഒരു ഗസ്റ്റ് പ്ലെയറായി വന്ന് കേരള ടീമിന് വേണ്ടി വളരെ നല്ല പെര്‍ഫോമന്‍സ് കാഴ്ചവെച്ച ആദിത്യ സര്‍വാതെയുടെ പ്രകടനവും എടുത്തുപറയാതിരിക്കാന്‍ വയ്യ. ഇതൊരു ടീം ഓഫ് എക്സ്പീരിയന്‍സ്ഡ് യൂത്താണ്. ഇനിയും ഒന്ന് രണ്ടു സീസണ്‍ കൂടെ സച്ചിനും ജലജിനും ഈ ടീമിനെ മുന്നോട്ട് നയിക്കാന്‍ സാധിക്കും. കേരള ക്രിക്കറ്റ് ടീമിലെ ജൂനിയര്‍ താരങ്ങള്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്ത് മുന്നോട്ടു വരുന്നുണ്ട്. അതോടുകൂടി കേരള ക്രിക്കറ്റിന് ഒരു പുതിയ യുഗം പിറക്കുന്നു എന്നാണ് തോന്നുന്നത്. ഇത്തരം വിജയങ്ങളാണ് ഒരു കളിയെ വളര്‍ത്തുന്നതിനുള്ള പ്രധാന ഘടകം.

placeholder
ടിനു യോഹന്നാൻ, എസ്.ശ്രീശാന്ത്, സഞ്ജു സാംസൺ എന്നിവർ

കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനത്തെ എത്ര പ്രശംസിച്ചാലും അധികമാകില്ല. ഇന്‍ഫ്രാസ്ട്രെക്ചറിന്റെ കാര്യത്തില്‍ വളരെ അധികം ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായിട്ട് കേരളത്തിന് നിരവധി നല്ല ഗ്രൗണ്ടുകളും നല്ല ഇന്‍ഡോര്‍ ഫെസിലിറ്റീസും ലഭ്യമാവുന്നുണ്ട്. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഈ വിജയം ഒരു അബദ്ധത്തില്‍ സംഭവിച്ചതല്ല, വര്‍ഷങ്ങളുടെ പ്രയത്നത്തിന്റെ ഫലമാണ്. തീര്‍ച്ചയായും ഈ ടീം രഞ്ജിട്രോഫി വിജയിക്കാന്‍ സാധിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. കേരളം രഞ്ജി ട്രോഫി ചാമ്പ്യന്‍സ് ആവുന്നത് കാണാനാണ് വര്‍ഷങ്ങളായി ഈ രംഗത്തുള്ള ഞാനും എല്ലാവരും ആഗ്രഹിക്കുന്നത്. അത് നടക്കട്ടെ എന്ന് ആശംസിക്കുന്നു.