തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിന് ജയം. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ അഞ്ചുറൺസിനാണ് ട്രിവാൻഡ്രം റോയൽസ് പരാജയപ്പെടുത്തിയത്. ട്രിവാൻഡ്രം റോയൽസ് ഉയർത്തിയ 184 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ കാലിക്കറ്റിന് നിശ്ചിത 20 ഓവറിൽ ഓൻപത് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ ആയുള്ളൂ. ട്രിവാൻഡ്രത്തിനായി നിഖിൽ എം നാലുവിക്കറ്റെടുത്തു.

To advertise here,

മറുപടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിനായി അരവിന്ദ് കെ.എസ് ഉഗ്രൻ തുടക്കമാണ് നൽകിയത്. എന്നാൽ മറ്റ് മുൻനിര ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനമായില്ല. രോഹൻ കുന്നുമ്മൽ(10), എസ് രാജ്(1), വരുൺ നായനാർ(3)അഖിൽ സ്‌കറിയ(8) എന്നിവർ നിരാശപ്പെടുത്തി. അതോടെ ടീം 59-4 എന്ന നിലയിലേക്ക് വീണു. 30 പന്തിൽ നിന്ന് 36 റൺസുമായി അരവിന്ദ് കെ.എസ് അൽപ്പമെങ്കിലും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെയാണ് കാലിക്കറ്റ് ഇന്നിങ്‌സ് മുന്നോട്ടുപോയത്.

പിന്നീട് സൽമാൻ നിസാറും അബ്ദുൾ ബാസിത്തും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ കാലിക്കറ്റിന് പ്രതീക്ഷ കൈവന്നു. 15 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ്. 16-ാം ഓവറിൽ ബാസിത്ത് വെടിക്കെട്ട് നടത്തിയതോടെ ഓവറിൽ 20 റൺസ് പിറന്നു. സൽമാൻ നിസാറും അടിച്ചുകളിച്ചതോടെ കാലിക്കറ്റ് സ്‌കോർ ഉയർന്നു. 17-ാം ഓവറിൽ താരം ഫിഫ്റ്റിയും തികച്ചു. എന്നാൽ പിന്നാലെ സൽമാൻ നിസാർ പുറത്തായി. 23 പന്തിൽ നിന്ന് 50 റൺസാണ് താരത്തിന്റെ സമ്പാദ്യം.

അവസാനഓവറുകളിൽ അബ്ദുൾ ബാസിത്ത് തകർത്തടിച്ചു. അവസാന രണ്ടോവറിൽ 29 റൺസാണ് കാലിക്കറ്റിന് ജയിക്കാൻ വേണ്ടിയിരുന്നത്. 19-ാം ഓവറിൽ 16 റൺസ് പിറന്നതോടെ അവസാനഓവറിലെ ലക്ഷ്യം 13 ആയി മാറി. ഓവറിലെ ആദ്യ പന്തിൽ ബാസിത്ത് പുറത്തായി. 17 പന്തിൽ നിന്ന് താരം 41 റൺസെടുത്തു. പിന്നീട് ഏഴ് റൺസ് മാത്രമേ ടീമിന് കൂട്ടിച്ചേർക്കാനായുള്ളൂ. അതോടെ 178-9 എന്ന നിലയിൽ കാലിക്കറ്റ് ഇന്നിങ്‌സ് അവസാനിച്ചു.

നേരത്തേ ആദ്യം ബാറ്റുചെയ്ത ട്രിവാൻഡ്രം റോയൽസ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 183 റൺസാണെടുത്തത്. വിഷ്ണു വിനോദ്, കൃഷ്ണ പ്രസാദ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ട്രിവാൻഡ്രത്തിന് കരുത്തായത്. വിഷ്ണു വിനോദ് അർധസെഞ്ചുറിയുമായി തിളങ്ങി. 39 പന്തിൽ നിന്ന് 59 റൺസുമായി താരം ടീമിന്റെ ടോപ്‌സ്‌കോററായി. കൃഷ്ണ പ്രസാദ് 26 പന്തിൽ നിന്ന് 39 റൺസെടുത്തു. എസ് ജോസഫ് 13 പന്തിൽ നിന്ന് 22 റൺസും നിഖിൽ എം അഞ്ച് പന്തിൽ നിന്ന് 22 റൺസുമെടുത്തതോടെയാണ് സ്‌കോർ 183 ലെത്തിയത്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനു വേണ്ടി അഖിൻ സത്താറും അഖിൽ സ്കറിയയും 2 വിക്കറ്റ് വീതം വീഴ്ത്തി.