ലണ്ടന്‍: 2022 ട്വന്റി 20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് സൂപ്പര്‍താരം ജോണി ബെയര്‍സ്‌റ്റോ പുറത്ത്. പരിക്കുമൂലം ബെയര്‍‌സ്റ്റോയ്ക്ക് ലോകകപ്പ് മുഴുവനായും നഷ്ടമാകും. ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിനുപിന്നാലെ ബെയര്‍‌സ്റ്റോയെ നഷ്ടപ്പെട്ടത് ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടിയായി. 

To advertise here,

ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ബെയര്‍‌സ്റ്റോയും ഉള്‍പ്പെട്ടിരുന്നു. പിന്നാലെയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) ബെയര്‍സ്‌റ്റോയുടെ പരിക്കുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. ഗോള്‍ഫ് കളിക്കുന്നതിനിടെ കാലിന് പരിക്കേറ്റ ബെയര്‍‌സ്റ്റോയ്ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റും നഷ്ടമാകും. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ബെയര്‍സ്‌റ്റോയ്ക്ക് പകരം ബെന്‍ ഡക്കറ്റിനെ ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തി. ട്വന്റി 20 ലോകകപ്പില്‍ ബെയര്‍‌സ്റ്റോയുടെ പകരക്കാരനെ ഇംഗ്ലണ്ട് ഉടന്‍ പ്രഖ്യാപിക്കും. 

സമീപകാലത്തായി ബെയര്‍‌സ്റ്റോ തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. ട്വന്റി 20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഓപ്പണര്‍ ജേസണ്‍ റോയിയും പുറത്തായിരുന്നു. റോയ്ക്ക് പകരം ബെയര്‍‌സ്റ്റോ ഓപ്പണറാകുമെന്നാണ് കരുതിയിരുന്നത്. പക്ഷേ ആ പ്രതീക്ഷകളെല്ലാം അസ്തമിച്ചു.