മെല്‍ബണ്‍; 2022 ട്വന്റി 20  ലോകകപ്പില്‍ മുത്തമിട്ട് ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ട്വന്റി 20 കിരീടമാണ് നേടിയത്. ഫൈനലില്‍ പാകിസ്താനെ കീഴടക്കിയാണ് ഇംഗ്ലീഷ് പട മെല്‍ബണില്‍ നിറഞ്ഞുനിന്നത്. പാകിസ്താന്‍ കലാശപ്പോരിന് യോഗ്യത നേടിയതുമുതല്‍ 1992-ലെ ചരിത്രം ആവര്‍ത്തിക്കുമോ എന്ന കാത്തിരിപ്പിലായിരുന്നു കായികലോകം. പക്ഷേ ബാബറിനും സംഘത്തിനും അത് ആവര്‍ത്തിക്കാനായില്ല. നിരാശയോടെ മെല്‍ബണില്‍ നിന്ന് മടങ്ങേണ്ടിവന്നു.

To advertise here,

1992 ഏകദിന ലോകകപ്പിലെ പാകിസ്താന്റെ പ്രയാണത്തിന് ഇത്തവണത്തേതുമായി നിരവധി സമാനതകളുണ്ട്. ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന രണ്ട്  ലോകകപ്പുകളിലേയും നിലവിലെ ചാമ്പ്യന്‍മാര്‍ ഓസ്‌ട്രേലിയ തന്നെയായിരുന്നു.  

മെല്‍ബണിലെ ആദ്യ മത്സരത്തില്‍ തന്നെ തോറ്റുകൊണ്ടാണ് പാകിസ്താന്‍ തുടങ്ങിയത്. 1992-ല്‍ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോടാണ് പരാജയപ്പെട്ടതെങ്കില്‍ ഇത്തവണ ഇന്ത്യയോടാണ് മെല്‍ബണില്‍ തോറ്റത്. 

എന്നാല്‍ അവസാന മൂന്ന് മത്സരങ്ങളും വിജയിച്ചാണ് അവര്‍ സെമിയിലേക്ക് മുന്നേറിയത്. അതും അവസാന ദിവസം. അങ്ങനെ 1992-ലേത് പോലെ അത്ഭുതകരമായിട്ടായിരുന്നു പാകിസ്താന്‍ 2022 ലോകകപ്പ് സെമിയിലെത്തിയത്. 

സെമിയില്‍ ന്യൂസിലന്‍ഡായിരുന്നു എതിരാളികള്‍. 1992-ന് പുറമേ 1999-ഏകദിനലോകകപ്പിന്റെ സെമിയിലും 2007-ട്വന്റി 20 ലോകകപ്പിന്റെ സെമിയിലും പാകിസ്താന്‍ കിവികളെ പരാജയപ്പെടുത്തിയിരുന്നു. പതിവുകളൊന്നും തെറ്റിക്കാതെ പാകിസ്താന്‍ ഇക്കുറിയും കിവികളെ തകര്‍ത്ത് കലാശപ്പോരിന് യോഗ്യത നേടി.

കലാശപ്പോരും 1992-ന് സമാനമായിരുന്നു. മെല്‍ബണിലെ എതിരാളികള്‍ ഇംഗ്ലണ്ട് തന്നെയായിരുന്നു. ചരിത്രം ആവര്‍ത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു പാക് ആരാധകര്‍. അന്ന് ഇമ്രാന്‍ ഖാനും സംഘവും കപ്പുയര്‍ത്തിയാണ് മടങ്ങിയത്. പക്ഷേ ഇത്തവണ കലാശപ്പോരില്‍ പരാജയപ്പെട്ട് ബാബറിനും സംഘത്തിനും കണ്ണീരോടെ മടങ്ങേണ്ടിവന്നു. അന്ന് ഗ്രഹാം ഗൂച്ച് തോറ്റ് മടങ്ങിയ ഇംഗ്ലീഷ് ചരിത്രം മെല്‍ബണില്‍ ആവര്‍ത്തിക്കുമെന്ന പ്രഖ്യാപനങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് ബട്ട്‌ലര്‍ കപ്പുയര്‍ത്തി.