ന്യൂഡൽഹി: സഞ്ജു സാംസൺ കടുത്ത അരക്ഷിതാവസ്ഥയിലും സമ്മർദ്ദത്തിലുമാണെന്ന് ഇന്ത്യൻ താരം ഹനുമ വിഹാരി. വൈഭവ് സൂര്യവംശിയെപ്പോലൊരു താരം പുറത്ത് അവസരത്തിനായി കാത്തിരിക്കുന്നതാകാം സഞ്ജുവിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നതെന്നും ഹനുമ വിഹാരി തന്റെ യുട്യൂബ് ചാനലിൽ വ്യക്തമാക്കി.

To advertise here,

'സ്ഞ്ജു വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. സഞ്ജു കളിക്കുന്നത് കാണണമെന്നാണ് എന്റെ ആഗ്രഹം. എന്നാൽ അദ്ദേഹം ഇപ്പോൾ സമ്മർദ്ദത്തിലാണ്. ടീമിൽ സ്ഥാനത്തിനായി കടുത്ത മത്സരം നേരിടേണ്ടി വരുമ്പോൾ തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാറില്ലെന്ന് സഞ്ജു മുമ്പ് പറഞ്ഞിട്ടുണ്ട്. നിങ്ങൾ ഓർക്കുന്നുണ്ടോ എന്ന് അറിയില്ല. ലോകകപ്പിന് മുമ്പുള്ള ന്യൂസീലൻഡ് പരമ്പരയിൽ ഇഷാൻ ഫോമിലേക്ക് മടങ്ങിവന്നു. സഞ്ജു നിറം മങ്ങുകയും ചെയ്തു. ഇപ്പോൾ നോക്കൂ..വൈഭവുള്ളതിനാൽ സഞ്ജുവിന് വീണ്ടും സമ്മർദ്ദമുണ്ടാകുന്നു.'-ഹനുമ വിഹാരി വ്യക്തമാക്കി.

കളിക്കാർ നേരിടുന്ന സമ്മർദ്ദം പലപ്പോഴും ആളുകൾക്ക് മനസിലാവണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യക്കുവേണ്ടി കളിക്കുമ്പോൾ സമ്മർദ്ദം കൈകാര്യം ചെയ്യാൻ പഠിക്കണനെന്നും സഞ്ജുവിന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമാണെങ്കിലും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുകയെന്നും ഹനുമ വിഹാരി കൂട്ടിച്ചേർത്തു.

വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി 20യിൽ സഞ്ജു 11 റൺസെടുത്ത് പുറത്തായതിന് പിന്നാലെയാണ് ഹനുമ വിഹാരിയുടെ വിമർശനം. ഏഷ്യൻ ഗെയിംസിലും മലയാളി താരത്തിന് തിളങ്ങാനായില്ല. 9,7,2 എന്നിങ്ങനെയായിരുന്നു സ്‌കോറുകൾ. അഫ്ഗാനിസ്താനെതിരായ പരമ്പരയിൽ രണ്ട് അർധ സെഞ്ചുറികൾ നേടിയതല്ലാതെ ട്വന്റി 20 ലോകകപ്പ് വിജയത്തിനുശേഷം സ്ഥിരതയാർന്ന പ്രകടനം നടത്താൻ സഞ്ജുവിന് കഴിഞ്ഞിട്ടില്ല.