ന്യൂഡല്‍ഹി: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ പാക് താരങ്ങളുടെ പ്രകോപനപരമായ പെരുമാറ്റത്തെ വിമര്‍ശിച്ച് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ബാറ്റ് തോക്കുപോലെ ചൂണ്ടിയ സാഹിബ്‌സാദാ ഫര്‍ഹാനെയും കാണികള്‍ക്കുനേരെ വിമാനത്തിന്റെ ആംഗ്യം കാണിച്ച ഹാരിസ് റൗഫിന്റെയും പ്രവൃത്തികളെയാണ് പത്താന്‍ വിമര്‍ശിച്ചത്. ടീമംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ സ്വഭാവത്തെയും വളര്‍ന്നുവന്ന സാഹചര്യങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പത്താന്‍ പറഞ്ഞു.

To advertise here,

 

ഹാരിസ് റൗഫ് ഒരു മാന്യനായ വ്യക്തിയാണെന്നായിരുന്നു കരുതിയിരുന്നതെന്ന് പത്താന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ഓസ്‌ട്രേലിയയില്‍ വെച്ച് അദ്ദേഹത്തെ കണ്ടിരുന്നെന്നും കഴിഞ്ഞദിവസം കളിക്കളത്തില്‍ കാണിച്ച ആംഗ്യങ്ങള്‍ അനാവശ്യമായിരുന്നെന്നും പത്താന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഓര്‍ക്കണമായിരുന്നെന്ന് സാഹിബ്‌സാദയെ ഓര്‍മിപ്പിച്ച പത്താന്‍, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ സ്വഭാവത്തെയും വളര്‍ന്നുവന്ന സാഹചര്യത്തെയും കുറിച്ചാണ് തുറന്നുകാണിക്കുന്നതെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.

 

കളിക്കളത്തില്‍ ക്രിക്കറ്റ് കളിക്കണം. അത് വ്യക്തിപരമായ തലത്തിലേക്ക് മാറുന്നത് മോശമാണ്. എന്നിട്ട് ഞങ്ങള്‍ അതേക്കുറിച്ച് സംസാരിക്കരുതെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് തെറ്റാണ്. പാക് താരങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമെന്നതില്‍ ഒരദ്ഭുതവുമില്ല. ടെലിവിഷനില്‍ കണ്ടതുതന്നെ മോശമാണ്. അതിലേറെ ഞെട്ടിക്കുന്നതാണ് അതിനു പിന്നിലുള്ള കാര്യങ്ങളെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

 

ആദ്യ ഇന്നിങ്‌സില്‍ ഫര്‍ഹാന്‍ സിക്‌സടിച്ച് അര്‍ധ സെഞ്ചുറി തികച്ചതിനു പിന്നാലെ ബാറ്റ് തോക്കുപയോഗിച്ച് വെടിവെയ്ക്കുന്ന ആംഗ്യം കാണിച്ചിരുന്നു. പഹല്‍ഗാമില്‍ 26 പേരുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍, ഫര്‍ഹാന്റെ ഭാഗത്തുനിന്നുണ്ടായ നടപടി അപക്വവും വിവേകശൂന്യവുമാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കോലി കോലി എന്നുവിളിച്ച് പ്രകോപിപ്പിച്ച ആരാധകരെ നോക്കി ഒരു യുദ്ധവിമാനം പറക്കുന്നതും തകര്‍ന്നുവീഴുന്നതുമായ ആംഗ്യം കാണിക്കുകയായിരുന്നു ഹാരിസ് റൗഫ് ചെയ്തത്.