കറാച്ചി: പാകിസ്താന്‍ ദേശീയ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനിടെ പരിക്കേറ്റ ഷദാബ് ഖാനെ പുറത്തേക്ക് കൊണ്ടുപോയത് സഹതാരം ചുമലിലേറ്റി. പാകിസ്താന്‍ ദേശീയ ടീം അംഗമായ താരത്തിന് ഫീല്‍ഡിങ്ങിനിടെയാണ് പരിക്കേറ്റത്. ഞായറാഴ്ച കറാച്ചിയിലെ യുണൈറ്റഡ് ബാങ്ക് ലിമിറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സില്‍ റാവല്‍പിണ്ടിയും സിയാല്‍കോട്ടും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. പരിക്കിനെ തുടര്‍ന്ന് നടക്കാന്‍ സാധിക്കാതെ വന്നതോടെയാണ് സഹതാരം പിഗ്ഗിബാക്ക് സ്റ്റൈലില്‍ താരത്തെ പുറത്തെത്തിച്ചത്.

To advertise here,

ഫീല്‍ഡിങ്ങിനിടെ പന്തിന് മുകളില്‍ ചവിട്ടി വീണാണ് താരത്തിന് പരിക്കേറ്റത്. ഇടത് കണങ്കാലിന് പരിക്കേറ്റ താരത്തിന് ഫിസിയോ എത്തി ഐസ്പാക്ക് വെച്ചു. താരത്തെ ചുമലിലേറ്റിപ്പോകുന്ന വീഡിയോ വൈറലായിട്ടുണ്ട്. ഗ്രൗണ്ടില്‍ സ്ട്രച്ചറില്ലാതിരുന്നതോടെയാണ് സഹതാരം ഷദാബ് ഖാനെ ചുമലിലേറ്റിയത്.

വീഡിയോ പുറത്തായതോടെ അധികൃതര്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണുയരുന്നത്. താരത്തിനേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ഷദാബ് ഖാന്‍ പാക് ടീമിനായി കളിച്ചിരുന്നു.