രാജ്കോട്ട്: ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തം. ന്യൂസീലൻഡിനാകട്ടെ അതിജീവനത്തിന്റെ പോരാട്ടം. ഏകദിനക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ രണ്ട് ടീമുകളുടേയും ലക്ഷ്യം വ്യക്തം. ആദ്യമത്സരത്തിലെ ജയം ആതിഥേയരായ ഇന്ത്യൻ ടീമിന് അൽപം മുൻതൂക്കം നൽകുന്നുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ രാജ്കോട്ടിലാണ് ഇന്ത്യ-ന്യൂസീലൻഡ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1 - 0 ത്തിന് മുന്നിലാണ്.

To advertise here,

ബദോനി അരങ്ങേറുമോ?

ആദ്യമത്സരത്തിനിടെ പരിക്കേറ്റ വാഷിങ്ടൺ സുന്ദറിന് പകരം ടീമിലെത്തിയത് മധ്യനിരബാറ്ററായ ആയുഷ് ബദോനിയാണ്. ആഭ്യന്തരക്രിക്കറ്റിലെ മികച്ച ഫോമാണ് യുവതാരത്തിന് വഴിതുറന്നത്. ഇനി അറിയേണ്ടത് അരങ്ങേറ്റത്തിന് അവസരമൊരുങ്ങുമോയെന്നാണ്. വാഷിങ്ടൺ സുന്ദർ കളിക്കാനില്ലാത്തതിനാൽ ടീമിൽ ഒരു സ്ലോട്ടുണ്ട്. പേസ് ഓൾറൗണ്ടർ നിധീഷ് കുമാർ റെഡ്ഡിയും ബദോനിയുമാണ് ആ സ്ഥാനത്തിനായി പോരാടുന്നത്. ബാറ്റിങ് കരുത്ത് വർധിപ്പിക്കാൻ തീരുമാനിച്ചാൽ ബദോനിക്ക് നറുക്ക് വീഴും.

കഴിഞ്ഞ മത്സരത്തിൽ വിരാട് കോലിയും ശ്രേയസ് അയ്യരും പുറത്തായതിനുശേഷം ബാറ്റിങ് നിര പതറിയതാണ് ഇന്ത്യയെ വിഷമിപ്പിക്കുന്നത്. ഹർഷിത് റാണയുടെ ഇന്നിങ്സാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയത്.

രോഹിത് ശർമ - ശുഭ്മൻ ഗിൽ സഖ്യം ഓപ്പണിങ്ങിൽ മികച്ച തുടക്കം നൽകുകയും മധ്യനിര കരുത്ത് തെളിയിക്കുകയും ചെയ്താൽ പരമ്പര ജയം അകലെയാവില്ല. ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം അർഷ്ദീപ് ഇടംപിടിക്കാൻ സാധ്യതയുണ്ട്.

തിരിച്ചുവരാൻ കിവീസ്

ബാറ്റിങ്ങിൽ കരുത്ത് കാണിച്ചെങ്കിലും ബൗളിങ്ങിൽ പാളിയതാണ് ആദ്യമത്സരത്തിൽ ന്യൂസീലൻഡിന് തിരിച്ചടിയായത്. ഡെത്ത് ഓവറുകളിൽ ബൗളർമാരിൽനിന്ന് മികച്ച പ്രകടനം വന്നില്ല. ഇന്ത്യൻ ബാറ്റിങ് നിരയെ വിറപ്പിച്ച കെയ്ൽ ജാമിസന് മികച്ച പിന്തുണ നൽകാൻ ആരുമുണ്ടായില്ല. നാല് മുൻനിര വിക്കറ്റുകളാണ് ജാമിസൻ നേടിയത്. ഇന്ത്യൻ വംശജനായ ലെഗ് സ്പിന്നർ ആദിത്യ അശോകിന് പകരം ഇടംകൈയൻ സ്പിന്നർ ജെയ്ഡൻ ലനോക്‌സിനെ കിവീസ് പരീക്ഷിച്ചേക്കും.

പിച്ച് റിപ്പോർട്ട്

ബാറ്റിങ്ങിനെ അനുകൂലിക്കുന്നതാണ് രാജ്കോട്ടിലെ പിച്ച്. 2013-നുശേഷം ഇവിടെ നടന്ന നാല് ഏകദിനമത്സരങ്ങളിലും ആദ്യം ബാറ്റുചെയ്ത ടീമാണ് ജയിച്ചത്. ഇതിൽ മൂന്ന് തവണയും ആദ്യം ബാറ്റുചെയ്ത ടീം 300-നു മുകളിൽ സ്‌കോർ ചെയ്തു. അവസാനം നടന്ന മത്സരത്തിൽ ഇന്ത്യക്കെതിരേ ഓസ്ട്രേലിയ 352 റൺസാണ് അടിച്ചുകൂട്ടിയത്. മത്സരത്തിൽ 66 റൺസിന് ജയവും നേടി. ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത.