ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ തലപ്പത്തെത്തി ഇന്ത്യ. പുതുക്കിയ റാങ്കിങ് പട്ടികയിലാണ് ഇന്ത്യ ഒന്നാമതെത്തിയത്. പട്ടികയില്‍ ഒന്നാമതുണ്ടായിരുന്ന ന്യൂസീലന്‍ഡ്, ഞായറാഴ്ച വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതോടെ റാങ്കിങ്ങില്‍ തിരിച്ചടി നേരിട്ടു. ഇന്ത്യ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു. 

To advertise here,

64.58 ആണ് ഇന്ത്യയുടെ പോയിന്റ് ശരാശരി. ന്യൂസീലന്‍ഡ് 60.00 പോയിന്റ് ശരാശരിയോടെ രണ്ടാമത്. 59.09 പോയിന്റ് ശരാശരിയോടെ ഓസ്‌ട്രേലിയ മൂന്നാംസ്ഥാനത്ത് തുടരുന്നു. ബംഗ്ലാദേശാണ് നാലാംസ്ഥാനത്ത്. പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടമാണ് ഇന്ത്യക്ക് കരുത്തായത്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 3-1ന് ഇന്ത്യ പരമ്പര നേടി. മാര്‍ച്ച് ഏഴുമുതല്‍ ധര്‍മശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റ് കൂടി ജയിച്ച് റാങ്കിങ്ങിലെ ആധിപത്യം ഉറപ്പിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.