ദെഹ്‌റാദൂണ്‍: ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ ഇന്ത്യ ലെജന്‍ഡ്‌സിന് തകര്‍പ്പന്‍ വിജയം. ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെ 40 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ വിജയം നേടിയത്. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും യുവരാജ് സിങ്ങിന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് തുണയായത്. സ്‌കോര്‍: ഇന്ത്യ ലെജന്‍ഡ്‌സ്: 15 ഓവറില്‍ അഞ്ചിന് 170, ഇംഗ്ലണ്ട് 15 ഓവറില്‍ ആറിന് 130.

To advertise here,

15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ ലെജന്‍ഡ്‌സിനായി സച്ചിന്‍ 20 പന്തുകളില്‍ നിന്ന് 40 റണ്‍സെടുത്തു. മൂന്ന് വീതം സിക്‌സും ഫോറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ടീമിന് മികച്ച തുടക്കം സമ്മാനിച്ചാണ് സച്ചിന്‍ മടങ്ങിയത്. സച്ചിനാണ് ടോപ് സ്‌കോറര്‍. 

എന്നാല്‍ സച്ചിന്‍ മടങ്ങിയ ശേഷം ഇന്ത്യ തകര്‍ച്ച നേരിട്ടിരുന്നു. പക്ഷേ അഞ്ചാമനായി ക്രീസിലെത്തിയ യുവരാജിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. യുവരാജ് വെറും 15 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 31 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 27 റണ്‍സ് നേടിയ യൂസഫ് പഠാനും തിളങ്ങി. 

171 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. 19 പന്തുകളില്‍ നിന്ന് 29 റണ്‍സെടുത്ത ഫില്‍ മസ്റ്റാഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ക്രിസ് ട്രെംലറ്റും മികച്ച പ്രകടനം പുറത്തെടുത്തു. 

ഇന്ത്യ ലെജന്‍ഡ്‌സിനായി ആര്‍.വി പവാര്‍ മൂന്നോവറില്‍ 12 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. സ്റ്റിയൂവര്‍ട്ട് ബിന്നി, പ്രഗ്യാന്‍ ഓജ, മന്‍പ്രീത് സിങ് ഗോണി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.സച്ചിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു. മലയാളി താരം ശ്രീശാന്തിന് ടീമിലിടം ലഭിച്ചില്ല.