മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ സ്വന്തം മണ്ണില്‍ ഇന്ത്യയെ തോല്‍പ്പിക്കുക എന്നത് ഒരു കാലത്ത് വളരെ പ്രയാസകരമായിരുന്നു. എന്നാല്‍, ഗൗതം ഗംഭീറിന് കീഴില്‍ ആ ധാരണയ്ക്ക് കോട്ടം തട്ടിയിരിക്കുകയാണ്. ന്യൂസിലന്‍ഡിനെതിരെ 3-0ന് പരാജയപ്പെട്ടതിന് പിന്നാലെ ദക്ഷിണാഫ്രിക്കയും ഇന്ത്യയെ സ്വന്തം മണ്ണില്‍ തകര്‍ത്തിരിക്കുന്നു. രണ്ട് മത്സരങ്ങളിലും ആധികാരിക വിജയം നേടിയാണ് ദക്ഷിണാഫ്രിക്ക 2-0ന് പരമ്പര തൂത്തുവാരിയത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വികൂടിയാണ് രണ്ടാം ടെസ്റ്റില്‍ ഗുവാഹാട്ടിയില്‍ ഉണ്ടായത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവുംവലിയ തോല്‍വി ഇതിനുമുമ്പ് 2004-ൽ ഓസ്‌ട്രേലിയയോടായിരുന്നു. 342 റണ്‍സിന്റെ തോല്‍വി.
നാട്ടിലെ ഞെട്ടിക്കുന്ന തോല്‍വികള്‍ തുടരുമ്പോള്‍,ചോദ്യമുനകള്‍ പരിശീലകന്‍ ഗൗതം ഗംഭീറിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള വിജയം നിഷേധിക്കാനാവില്ലെങ്കിലും വിവാദപരമായ ഒരുകൂട്ടം തീരുമാനങ്ങളെടുത്ത് ടെസ്റ്റ് ടീമിന്റെ തകര്‍ച്ചയ്ക്കിടയാക്കിയ കാരണങ്ങള്‍ക്ക് ഗംഭീര്‍ നേരിട്ട് ഉത്തരവാദിയാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
അശ്വിന്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ വിരമിക്കല്‍, ബാറ്റിങ് ഓര്‍ഡറില്‍ മാറ്റിമാറ്റിയുള്ള പരീക്ഷണങ്ങള്‍, ടീമിലെ മാറ്റങ്ങളും അഴിച്ചുപണികളും, തന്ത്രങ്ങളിലെ പാളിച്ചകള്‍ തുടങ്ങിയ കാരണങ്ങള്‍ക്ക് ഗംഭീര്‍ ഉത്തരവാദിയാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഗംഭീറിന്റെ പരീക്ഷണങ്ങളുടെ ഫലമായി ഇന്ത്യന്‍ ടെസ്റ്റ് ടീം ദുര്‍ബലമായ ഒന്നായി മാറിയെന്നാണ് ഹോംഗ്രൗണ്ടുകളില്‍പോലുമുള്ള ദയനീയ തോല്‍വികള്‍ വ്യക്തമാക്കുന്നത്.
രണ്ട് മത്സരങ്ങളിലും ആധികാരിക വിജയം നേടി ദക്ഷിണാഫ്രിക്ക 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ ആദ്യ പരമ്പര സ്വന്തമാക്കുന്നത്. ആദ്യ മത്സരത്തില്‍ മൂന്നുദിവസംകൊണ്ടാണ് ഇന്ത്യയെ പരാജയപ്പെടുത്തിയതെങ്കില്‍ രണ്ടാം മത്സരം അഞ്ചുദിവസം നീണ്ടിട്ടും എല്ലാ മേഖലകളിലും ആതിഥേയരെ അവര്‍ നിഷ്പ്രഭരാക്കി.
Content Highlights: India suffers shocking home Test defeats to New Zealand and South Africa, raising questions about coach Gautam Gambhir`s strategies and decisions
Published: 26 Nov 2025, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented