
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം പിന്നിടുമ്പോള്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തു. പകലും രാത്രിയുമായാണ് മത്സരം നടക്കുന്നത്. 89 ഓവറാണ് ആദ്യ ദിനം ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ എറിഞ്ഞത്.
നായകന്‍ വിരാട് കോലിയുടെ അര്‍ധശതകമാണ് ഇന്ത്യയെ മാന്യമായ ടോട്ടലിലെത്തിച്ചത്. നിലവില്‍ 9 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും 15 റണ്‍സെടുത്ത ആര്‍ അശ്വിനുമാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഇരുപത് ഓവര്‍ പൂര്‍ത്തിയാകും മുന്‍പ് തന്നെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായിരുന്നു. പൃഥ്വി ഷാ മത്സരത്തിന്റെ രണ്ടാം പന്തില്‍ തന്നെ പൂജ്യനായി മടങ്ങുകയായിരുന്നു. ഷായെ മിച്ചല്‍ സ്റ്റാര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 40 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ പാറ്റ് കമ്മിന്‍സ് ക്ലീന്‍ ബൗള്‍ഡാക്കി.
ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട് പരുങ്ങിയ ഇന്ത്യയെ കോലിയും പൂജാരയും ചേര്‍ന്ന് ഒരുവിധമാണ് കരകയറ്റിക്കൊണ്ടിരുന്നത്. ഇതിനിടെ അര്‍ധസെഞ്ചുറിക്ക് തൊട്ടടുത്ത് വച്ച് പൂജാരയെ നഷ്ടപ്പെട്ടത് സന്ദര്‍ശകര്‍ക്ക് വലിയ തിരിച്ചടിയായി. 160 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത പൂജാരയെ ലയണിന്റെ പന്തില്‍ ലെബൂഷെയ്ന്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. ടീം സ്‌കോര്‍ 49.4 ഓവറില്‍ 100ല്‍ നില്‍ക്കെയാണ് പൂജാര മടങ്ങിയത്. 68 റണ്‍സായിരുന്നു കോലിക്കൊപ്പമുള്ള പൂജാരയുടെ സംഭാവന.
അജിങ്ക്യ രഹാനെയും കോലിയും ചേര്‍ന്നായിരുന്നു പിന്നീടുള്ള പ്രതിരോധം. എന്നാല്‍, സ്‌കോര്‍ 200 എത്തും മുന്‍പേ കോലി വീണു. 180 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത ക്യാപ്റ്റന്‍ റണ്ണൗട്ടാവുകയായിരുന്നു. ഏറെക്കഴിഞ്ഞില്ല. രഹാനെയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. 92 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത രഹാനെയെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി മടക്കി. നാലാം വിക്കറ്റില്‍ 88 റണ്‍സായിരുന്നു ഇവരുടെ സംഭാവന. പിന്നീട് ഹനുമ വിഹാരിയും വൃദ്ധിമാന്‍ സാഹയും ഒന്നുചേര്‍ന്നു.
ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 200 കടത്തി. എന്നാല്‍ അധികം വൈകുംമുന്‍പ് ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി. വിഹാരിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജോഷ് ഹെയ്‌സല്‍വുഡാണ് ഇന്ത്യയുടെ ആറാം വിക്കറ്റ് സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടുവിക്കറ്റ് എടുത്തപ്പോള്‍ ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഒമ്പതുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണീ മത്സരം. ചാമ്പ്യന്‍ഷിപ്പില്‍ ഇപ്പോള്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്.
തത്സമയ വിവരങ്ങൾ താഴെ വായിക്കാം
Content Highlights: India Australia First Cricket Test
Published: 17 Dec 2020, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented