ദുബായ്: വനിതാ ടി-20 ലോകകപ്പിൽ ശ്രീലങ്കയെ 82 റൺസിന് തകർത്ത് ഇന്ത്യ സെമിഫൈനൽ പ്രതീക്ഷ നിലനിർത്തി. സ്കോർ: ഇന്ത്യ 20 ഓവറിൽ മൂന്നിന് 172. ശ്രീലങ്ക 19.5 ഓവറിൽ 90-ന് പുറത്ത്. ഗ്രൂപ്പ് എ-യിലെ ആദ്യകളിയിൽ ന്യൂസീലൻഡിനോട് തോറ്റിരുന്ന ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്താനെ കീഴടക്കിയിരുന്നു.
ലങ്കൻ ഇന്നിങ്സിൽ കവിഷ ദിൽഹാരിയും (21) അനുഷ്ക സഞ്ജീവനിയും (20) അമ കാഞ്ചനയും (19) മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കായി മലയാളി സ്പിന്നർ ആശാ ശോഭനയും അരുന്ധതി റെഡ്ഡിയും മൂന്നുവിക്കറ്റെടുത്തു.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഓപ്പണർ സ്മൃതി മന്ഥാനയുടെയും (50) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും (52 നോട്ടൗട്ട്) അർധസെഞ്ചുറിയുടെ മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. ഹർമൻപ്രീത് കളിയിലെ താരമായി.
സെമി ഉറപ്പാക്കാൻ മികച്ച റൺറേറ്റിൽ വിജയം ആവശ്യമായ ഇന്ത്യക്ക് ഷെഫാലി വർമയും സ്മൃതി മന്ഥാനയും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് ഉജ്ജ്വലതുടക്കമാണ് നൽകിയത്. ലങ്കൻ ബൗളർമാരെ കാഴ്ചക്കാരാക്കി 12.4 ഓവറിൽ 98 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. 38 പന്തിൽ നാലു ഫോറും ഒരു സിക്സും അടങ്ങുന്നതാണ് സ്മൃതിയുടെ ഇന്നിങ്സ്. ഷെഫാലി 40 പന്തിൽ നാല് ഫോറുകളുടെ അകമ്പടിയോടെ 43 റൺസെടുത്തു. ഇരുവരും അടുത്തടുത്ത പന്തുകളിൽ പുറത്തായശേഷമെത്തിയ ഹർമൻപ്രീതും ജെമിമ റോഡ്രിഗസും (16) ഇന്ത്യൻ സ്കോർ അതിവേഗം ചലിപ്പിച്ചു. 27 പന്തിൽ ഒരു സിക്സും എട്ടുഫോറും അടങ്ങിയതാണ് ഹർമൻപ്രീതിന്റെ ഇന്നിങ്സ്. പാകിസ്താനെതിരായ കളിയിൽ കഴുത്തിനേറ്റ പരിക്ക് ഹർമൻപ്രീതിന്റെ പ്രകടനത്തെ ബാധിച്ചില്ല.
Content Highlights: India Achieve Biggest Ever T20 WC Win beating Sri Lanka
Published: 09 Oct 2024, 11:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented