ന്യൂഡല്‍ഹി: ഐ.സി.സി. പുരുഷ ടി20 ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ വന്‍ കുതിച്ചുചാട്ടം നടത്തി ഇന്ത്യയുടെ തിലക് വര്‍മ. 69 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാംസ്ഥാനത്താണ് തിലക്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങും തിലകിന്റേതുതന്നെ. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് എന്നിവര്‍ മാത്രമാണ് തിലകിന് മുന്‍പിലുള്ളത്.
ടി20 റാങ്കിങ് ചരിത്രത്തില്‍ ആദ്യമായാണ് തിലക് ആദ്യ പത്തിനുള്ളിലെത്തുന്നത്. ഈമാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20-യില്‍ രണ്ട് സെഞ്ചുറികള്‍ നേടിയതിനെപ്രതിയാണ് തിലകിന്റെ റാങ്കിങ്ങിലെ ഈ മുന്നേറ്റം. ഇന്ത്യ 3-1ന് ജയിച്ച പരമ്പരയിലെ താരം തിലകായിരുന്നു. നാലുമത്സരങ്ങളില്‍നിന്നായി 20 സിക്‌സ് സഹിതം 280 റണ്‍സാണ് തിലക് നേടിയിരുന്നത്.
അതേസമയം ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതായിരുന്ന സൂര്യകുമാര്‍ യാദവ് നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ബാറ്റിങ് ഓഡറില്‍ തന്നെക്കാള്‍ മുന്നില്‍ തിലകിന് അവസരം നല്‍കിയിരുന്നു. നാലു മത്സരങ്ങളില്‍നിന്നായി 26 റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം. അതേസമയം മലയാളി താരം സഞ്ജു സാംസണും റാങ്കിങ് മെച്ചപ്പെടുത്തി. പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ താരം 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തെത്തി. അവസാന അഞ്ച് ടി20-കളില്‍നിന്നായി മൂന്ന് സെഞ്ചുറികളുണ്ട് സഞ്ജുവിന്.
യശസ്വി ജയ്‌സ്വാളാണ് റാങ്കിങ്ങില്‍ എട്ടാമത്. ഗെയ്ക്‌വാദ് പതിനഞ്ചാമതുമാണ്. ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റാഷിദ് ഒന്നാമതും ശ്രീലങ്കയുടെ വനിന്ദു ഹസരങ്ക രണ്ടാമതുമാണ്. എട്ടാമതുള്ള രവി ബിഷ്‌ണോയ് ആണ് ഇന്ത്യക്കാരില്‍ മുന്നില്‍. അര്‍ഷ്ദീപ് സിങ് ഒന്‍പതാമതുണ്ട്.
Content Highlights: icc t20 world ranking tilak varma and sanju samson forwarded
Published: 20 Nov 2024, 02:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented