ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെ വിറപ്പിച്ച് ന്യൂസീലന്‍ഡ്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡ് ആതിഥേയരെ 78 റണ്‍സിന് പരാജയപ്പെടുത്തി. ഷഹീന്‍ അഫ്രീദിയും നസീം ഷായും ചേര്‍ന്ന് എറിഞ്ഞ അവസാന നാല് ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സ് പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ്ങാണ് ന്യൂസീലന്‍ഡിന്റെ വിജയത്തിന്റെ നട്ടെല്ല്. ആ ഓവറുകളില്‍ കിവീസ് അടിച്ചെടുത്തത് 71 റണ്‍സാണ്.
ഇതോടെ 46 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 54 പന്തില്‍ 48 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഫിലിപ്‌സ് 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 74 പന്തില്‍ 106 റണ്‍സിലെത്തി. അര്‍ധ സെഞ്ചുറിയില്‍നിന്ന് മൂന്നക്കത്തിലെത്താന്‍ ഫിലിപ്‌സിന് വേണ്ടി വന്നത് 17 പന്ത് മാത്രം. ഇതോടെ ന്യൂസീലന്‍ഡ് 331 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പാകിസ്താന് മുന്നില്‍വെച്ചു. എന്നാല്‍ 252 റണ്‍സില്‍ പാക് ഇന്നിങ്‌സ് അവസാനിച്ചതോടെ കിവീസ് 78 റണ്‍സിന്റെ വിജയമാഘോഷിക്കുകയും ചെയ്തു.
നസീം ഷാ എറിഞ്ഞ 47-ാം ഓവറില്‍ ഒരു ഫോറും മൂന്ന് ഡബ്‌ളും ഉള്‍പ്പെടെ 12 റണ്‍സ് നേടിയാണ് ഫിലിപ്‌സ് ആക്രമണത്തിന് തുടക്കമിട്ടത്. ഇതിനിടെ 55 പന്തില്‍ അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയായി. 48-ാം ഓവറില്‍ ഷഹീന്‍ അഫ്രീദിയെ രണ്ട് സിക്‌സറിലേക്ക് പറത്തി. ഈ ഓവറില്‍ നേടിയത് 17 റണ്‍സ്. നസീം ഷാ എറിഞ്ഞ 19-ാം ഓവറിലും പിറന്നത് 17 റണ്‍സ്. അതില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നു. ഷഹീന്റെ അവസാന ഓവഫില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം പിറന്നത് 25 റണ്‍സാണ്. ഇതിനിടെ 72 പന്തില്‍ ഫിലിപ്‌സ് സെഞ്ചുറിയും പൂര്‍ത്തിയാക്കി. ആകെ 74 പന്തില്‍ ഏഴു സിക്‌സും ആറ് ഫോറും സഹിതം 106 റണ്‍സോടെ പുറത്താകാതെ നിന്നു.
58 റണ്‍സെടുത്ത കെയ്ന്‍ വില്ല്യംസണും 81 റണ്‍സ് അടിച്ച ഡാരില്‍ മിച്ചലും ഫിലിപ്‌സിന് മികച്ച പിന്തുണ നല്‍കി. പാകിസ്താനായി ഷഹീന്‍ മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങില്‍ പാകിസ്താനായി അല്‍പമെങ്കിലും ചെറുത്തുനിന്നത് ഓപ്പണര്‍ ഫഖര്‍ സമാനും സല്‍മാന്‍ അലി ആഖയുമാണ്. ഫഖര്‍ 69 പന്തില്‍ 84 റണ്‍സ് നേടി. സല്‍മാന്‍ 51 പന്തില്‍ 40 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മാറ്റ് ഹെന്‍ട്രിയും മിച്ചല്‍ സാന്റ്‌നറുമാണ് കിവീസ് വിജയം എളുപ്പമാക്കിയത്.
Content Highlights: glenn phillips helps new zealand crush pakistan in tri series opener
Published: 09 Feb 2025, 07:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented