മാഞ്ചെസ്റ്റർ: നാടകീയസംഭവങ്ങൾക്കാണ് കഴിഞ്ഞദിവസം ഓൾഡ്ട്രാഫഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കളി നേരത്തേ അവസാനിപ്പിക്കാൻ ഇംഗ്ലണ്ട് തയ്യാറായെങ്കിലും ഇന്ത്യ അതിന് വിസമ്മതിച്ചത് ഇംഗ്ലണ്ട് താരങ്ങളെ അസംതൃപ്തരാക്കി. ബെൻ സ്റ്റോക്സ് അടക്കമുള്ളവർ കൈ കൊടുത്ത് സമനിലയിൽ പിരിയാമെന്ന് അറിയിച്ചെങ്കിലും ഇന്ത്യൻ താരങ്ങൾ വഴങ്ങിയില്ല. ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും സെഞ്ചുറി തികയ്ക്കാനായാണ് ഇന്ത്യ കളി തുടരാനുള്ള തീരുമാനമെടുത്തത്. ഇപ്പോഴിതാ വിഷയത്തിൽ താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് പരിശീലകൻ ഗൗതം ഗംഭീറും നായകൻ ശുഭ്മാൻ ഗില്ലും.
ഒരാൾ 90 റൺസിലും മറ്റൊരാൾ 85 റൺസിലും ബാറ്റ് ചെയ്യുകയാണെങ്കിൽ അവർ സെഞ്ചുറിക്ക് അർഹരല്ലേ? സ്വന്തം കളിക്കാർ ഏതെങ്കിലും നാഴികക്കല്ലുകൾക്ക് അടുത്തെത്തിയിരുന്നെങ്കിൽ ഇംഗ്ലണ്ട് കളം വിടുമായിരുന്നോ? ഇല്ല. ഞങ്ങളുടെ താരങ്ങൾ പ്രതിസന്ധികളെ അതിജീവിച്ചു. അവർ ആ സെഞ്ചുറികൾ നേടിയെടുത്തു. ഞങ്ങൾ ആരെയും പ്രീതിപ്പെടുത്താൻ ഇവിടെ വന്നതല്ല- മത്സരശേഷം ഗംഭീർ പറഞ്ഞു.
നായകൻ ഗില്ലും സമാനമായ പ്രതികരണമാണ് നടത്തിയത്. അത് കളിക്കാരുടെ തീരുമാനമായിരുന്നു. അവർ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഇരുവരും 90-കളിലായിരുന്നതുകൊണ്ട് അവർ ഒരു സെഞ്ചുറി അർഹിക്കുന്നുണ്ടെന്ന് ഞങ്ങൾ കരുതി.- ഗിൽ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ബാറ്റിംഗ് പ്രകടനം വെച്ച് നോക്കുമ്പോൾ ഞങ്ങൾ വലിയ സമ്മർദ്ദത്തിലായിരുന്നു. എന്നാൽ തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടതിന് ശേഷം ധീരമായ പ്രയത്നമായിരുന്നു നടത്തിയത്. അത് എളുപ്പമായിരുന്നില്ലെന്നും ഗിൽ കൂട്ടിച്ചേർത്തു.
ഇന്ത്യ 138 ഓവറിൽ 386 റൺസിൽ നിൽക്കേ, സമനിലയിൽ പിരിയാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തയ്യാറായെങ്കിലും ഇന്ത്യ കളി തുടരാൻ ആവശ്യപ്പെടുകയായിരുന്നു. കളി സമനിലയിൽ അവസാനിപ്പിക്കാനായി കൈ നീട്ടിക്കൊണ്ട് സ്റ്റോക്സ് മുന്നോട്ടുവന്നെങ്കിലും ഇന്ത്യൻ താരങ്ങൾ അതിന് വഴങ്ങിയില്ല. ഈസമയം വഷിങ്‌ടൺ സുന്ദർ (80), ജഡേജ (89) എന്നീ സ്കോറുകളിലായിരുന്നു. സെഞ്ചുറി തികയ്ക്കാനായി കളി തുടരാൻ ആവശ്യപ്പെട്ടത് ഇംഗ്ലണ്ട് ടീമിന് അസംതൃപ്തിയുണ്ടാക്കി. ഇംഗ്ലണ്ട് താരങ്ങളുടെ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.
സ്റ്റോക്‌സ് ജഡേജയോട് അല്‍പ്പം പരുഷമായാണ് പെരുമാറിയത്. സെഞ്ചുറി നേടണമെന്നുണ്ടായിരുന്നെങ്കില്‍ നേരത്തേ തന്നെ അത്തരത്തില്‍ ബാറ്റ് ചെയ്യണമായിരുന്നുവെന്ന് ഇംഗ്ലണ്ട് നായകന്‍ ജഡേജയോട് പറഞ്ഞു. ഹാരി ബ്രൂക്കിനെതിരേയും ബെന്‍ ഡക്കറ്റിനെതിരേയുമാണോ നിങ്ങള്‍ക്ക് ടെസ്റ്റ് സെഞ്ചുറി നേടേണ്ടതെന്നും സ്‌റ്റോക്‌സ് ജഡേജയോട് ചോദിച്ചു. ഞാന്‍ പോകുകയാണോ നിങ്ങൾക്ക് വേണ്ടതെന്ന് ജഡേജ മറുപടി നല്‍കി. കൈ കൊടുക്കൂവെന്ന് ക്രോളി പറഞ്ഞപ്പോള്‍ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ജഡേജ പറഞ്ഞു. പിന്നാലെ കളി തുടരുകയായിരുന്നു. രണ്ടുപേരും സെഞ്ചുറി തികച്ചതിന് ശേഷമാണ് കളി അവസാനിപ്പിച്ചത്.
Content Highlights: gautam gambhir gill Ben Stokes india refuses shake hands england
Published: 28 Jul 2025, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented