ലണ്ടൻ: ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടീമുകൾ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് ഇംഗ്ലണ്ട് മുന്നിലാണ്. വ്യാഴാഴ്ച ഓവൽ സ്‌റ്റേഡിയത്തിലാണ് അവസാന മത്സരം നടക്കുന്നത്. ഇതിനിടെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ഓവൽ സ്റ്റേഡയിത്തിന്റെ ചീഫ് ക്യുറേറ്റർ ലീ ഫോർട്ടിസും തമ്മിൽ ചൂടേറിയ വാഗ്വാദത്തിൽ ഏർപ്പെട്ടു. പരിശീലനത്തിനിടെ ലീ ഫോർട്ടിസിനോട് 'ഞങ്ങൾ എന്ത് ചെയ്യണമെന്ന് നിങ്ങൾ പറയേണ്ട' എന്ന് ഗംഭീർ പറയുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

To advertise here,

പരിശീലനത്തിനിടെ അസ്വസ്ഥനായ ഗംഭീർ ക്യുറേറ്ററുമായി വാക്കുതർക്കത്തിലേർപ്പെടുന്നതിന്റെയും ഇന്ത്യൻ ബാറ്റിങ് പരിശീലകൻ നിതാൻഷു കൊട്ടക് രംഗം ശാന്തമാക്കുന്നതിന്റെയും വീഡിയോ ആണ് പുറത്തു വന്നിട്ടുള്ളത്.

'ഇത് എനിക്ക് റിപ്പോർട്ട് ചെയ്യേണ്ടി വരും' എന്ന് ഫോർട്ടിസ് ഗംഭീറിനോട് പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്. ഇതിന് ഗംഭീർ രൂക്ഷമായി മറുപടി നൽകി: 'നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനുള്ളത് എന്താണോ അത് പോയി ചെയ്യൂ' എന്ന് പറഞ്ഞു.

ഈ ഘട്ടത്തിലാണ് നിതാൻഷു ഇടപെടൽ നടത്തിയത്. ഫോർട്ടിസിനെ പിടിച്ചുമാറ്റി 'ഞങ്ങൾ ഒന്നും നശിപ്പിക്കില്ല' എന്ന് പറയുന്നത് കേൾക്കാം. ബൗളിങ് പരിശീലകൻ മോനി മോർക്കൽ, സഹപരിശീലകനും മറ്റു സപ്പോർട്ടിഫ് സ്റ്റാഫുകളും ഈ ഘട്ടത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്നു.

ഇരുവരും എന്തിനാണ് തർക്കിച്ചതെന്ന് വ്യക്തമല്ലെങ്കിലും, പരിശീലനത്തിനുള്ള പിച്ചുകളുടെ അവസ്ഥയെച്ചൊല്ലിയായിരുന്നു ഗംഭീറും ഫോർട്ടിസും തർക്കിച്ചതെന്നാണ് റിപ്പോർട്ടുകൾ.

'ഞങ്ങൾ എന്ത് ചെയ്യണമെന്ന് നിങ്ങൾ പറയേണ്ട' എന്നും ഗംഭീർ ഫോർട്ടിസിനോട് പറയുന്നുണ്ട്. പിന്നീട് ഇരുവരും പിരിഞ്ഞു. ശേഷം ഗ്രൗണ്ടിൽ നിന്ന് തന്റെ മുറിയിലേക്ക് നടക്കുമ്പോൾ ഫോർട്ടിസ് പറഞ്ഞു: 'ഇതൊരു വലിയ കളിയാണ്, അദ്ദേഹം (ഗംഭീർ) അല്പം മുൻകോപമുള്ളയാളാണ്'.