ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. ഗാംഗുലിയുടെ നേതൃത്വത്തില്‍ 2000-ന്റെ തുടക്കത്തില്‍ ഇന്ത്യ മികച്ച ടീമായി ഉയര്‍ന്നു. 2001-ലെ ഓസീസിനെതിരായ ടെസ്റ്റ് പരമ്പര ജയവും 2002-ല്‍ ഇംഗ്ലണ്ടിനെതിരായ നാറ്റ്‌വെസ്റ്റ് ട്രോഫി ജയവും 2003 ലോകകപ്പിലെ പ്രകടനവുമെല്ലാം ഗാംഗുലിയുടെ കാലത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളാണ്.

To advertise here,

ക്യാപ്റ്റനെന്നതിലുപരി ബാറ്റ്‌സ്മാനെന്ന നിലയില്‍ ഒട്ടും മോശമായിരുന്നില്ല അദ്ദേഹം. സച്ചിന്‍ തെണ്ടുല്‍ക്കര്‍ - സൗരവ് ഗാംഗുലി ഓപ്പണിങ് കൂട്ടുകെട്ട് എതിര്‍ ടീം ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്നു. ഇപ്പോഴിതാ ഗാംഗുലിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച ഒരു ഉപദേശത്തിന്റെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും താരവുമായിരുന്ന മദന്‍ ലാല്‍. 

ഗാംഗുലിയോട് അഞ്ചാം നമ്പറില്‍ നിന്നു മാറി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ നിര്‍ദേശിച്ചത് താനാണെന്ന് മദന്‍ ലാല്‍ വെളിപ്പെടുത്തി. സ്‌പോര്‍ട്‌സ്‌കീഡയുടെ ഫേസ്ബുക്ക് ലൈവ് സെഷനിലായിരുന്നു അദ്ദേഹത്തിന്റെ  വെളിപ്പെടുത്തല്‍.

''ദാദയെ ഞങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമായിരുന്നു. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു; ദാദ, അഞ്ചാം നമ്പര്‍ ബാറ്റിങ്ങിന് നിങ്ങളില്ലെങ്കിലും യാതൊന്നും സംഭവിക്കില്ല. നിങ്ങള്‍ നേരെ ഓപ്പണ്‍ ചെയ്യണം'', മദന്‍ ലാല്‍ പറഞ്ഞു.

1996 മുതല്‍ ഗാംഗുലി ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. തുടക്കത്തിലെ ഏതാനും മത്സരങ്ങളില്‍ അദ്ദേഹം മൂന്നാം നമ്പറിലാണ് ബാറ്റിങ്ങിന് ഇറങ്ങിയിരുന്നത്. പിന്നീട് ശ്രീലങ്കയില്‍ നടന്ന സിംഗര്‍ ലോക സീരീസില്‍ അദ്ദേഹം അഞ്ചാം നമ്പറിലായിരുന്നു ഇറങ്ങിയത്. അന്ന് ഓസീസിനെതിരായ ഒരു അര്‍ധ സെഞ്ചുറി ഒഴികെ നിരാശ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 

പിന്നീട് മദന്‍ലാലിന്റെ നിര്‍ദേശമനുസരിച്ച് 1996 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഗാംഗുലി ഇന്ത്യയ്ക്കായി ആദ്യമായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. ആദ്യ മത്സരത്തില്‍ തന്നെ 54 റണ്‍സ് നേടി അദ്ദേഹം കോച്ചിന്റെ തീരുമാനത്തോട് നീതി പുലര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് സച്ചിനൊപ്പം ഗാംഗുലി ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ഓപ്പണിങ് ജോഡിയായി സച്ചിന്‍-സൗരവ് സഖ്യം വളര്‍ന്നു.

കരിയറിലെ 311 ഏകദിനങ്ങളില്‍ 236 മത്സരങ്ങളില്‍ ദാദ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്തിട്ടുണ്ട്. 19 സെഞ്ചുറികളടക്കം 9,000-ലേറെ റണ്‍സും ഓപ്പണറെന്ന നിലയില്‍ അദ്ദേഹം സ്വന്തമാക്കി. 

Content Highlights: Former India coach Madan Lal reveals how his advice turned Sourav Ganguly’s career