ട്രെന്റ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം തകര്‍പ്പന്‍ ബാറ്റിങ് കൊണ്ട് ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് ന്യൂസീലന്‍ഡിന്റെ ഓള്‍റൗണ്ടറായ ഡാരില്‍ മിച്ചല്‍. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ മിച്ചല്‍ ഇത്തവണ പുറത്താവാതെ 81 റണ്‍സെടുത്ത് കിവീസിന്റെ ഇന്നിങ്‌സില്‍ നിര്‍ണായക പങ്കുവഹിച്ചു. 

To advertise here,

ബാറ്റിങ്ങിലൂടെ മാത്രമല്ല വേറിട്ടൊരു സിക്‌സിലൂടെയും മിച്ചല്‍ വാര്‍ത്തയില്‍ നിറയുകയാണ്. മിച്ചലിന്റെ സിക്‌സില്‍ ഗാലറിയില്‍ കളികണ്ടിരുന്ന ഒരു ആരാധികയുടെ ബിയര്‍ ഗ്ലാസ് പൊട്ടിത്തകര്‍ന്നു. മത്സരത്തിന്റെ 56-ാം ഓവറിലാണ് സംഭവം. 

ജാക്ക് ലീച്ച് ചെയ്ത ഓവറില്‍ ഡാരില്‍ മിച്ചല്‍ ക്രീസിന് പുറത്തേക്കിറങ്ങി തകര്‍പ്പന്‍ സിക്‌സടിച്ചു. പന്ത് നേരെ ചെന്നത് ഗാലറിയിലുള്ള ആരാധികയുടെ കൈയിലുള്ള ബിയര്‍ ഗ്ലാസിലേക്കാണ്. ഞൊടിയിടയില്‍ ഗ്ലാസ് തകര്‍ന്ന് തരിപ്പണമായി. ഒരു ഗ്ലാസ് ബിയര്‍ പ്ലീസ് എന്ന തലക്കെട്ടോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

സൂസന്‍ എന്നാണ് ബിയര്‍ ബോട്ടില്‍ കൈയ്യിലേന്തിയ ആരാധികയുടെ പേര്. മത്സരശേഷം ആരാധികയെ കണ്ട് മാപ്പുപറയാന്‍ മിച്ചല്‍ വന്നിരുന്നു. ഈ വീഡിയോയും ചുരുങ്ങിയ നിമിഷം കൊണ്ട് ശ്രദ്ധനേടി. 

മത്സരത്തില്‍ ന്യൂസീലന്‍ഡാണ് ഇപ്പോള്‍ ആധിപത്യം പുലര്‍ത്തുന്നത്. ആദ്യ ദിവസം മത്സരം അവസാനിക്കുമ്പോള്‍ ന്യൂസീലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെടുത്തിട്ടുണ്ട്. മിച്ചല്‍ 81 റണ്‍സ് എടുത്തും ടോം ബ്ലണ്ടല്‍ 67 റണ്‍സ് നേടിയും പുറത്താവാതെ നില്‍ക്കുന്നു.