ഹെഡിങ്‌ലി: ലീഡ്‌സില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസമെത്തിയ മഴയ്ക്കും ന്യൂസീലന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ വിജയത്തെ തടയാനായില്ല. ഏഴു വിക്കറ്റ് ജയത്തോടെ മൂന്നാം ടെസ്റ്റ് വിജയിച്ച ഇംഗ്ലണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ കിവീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി (3-0).

To advertise here,

രണ്ടാം ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 296 റണ്‍സ് വിജയലക്ഷ്യം 54.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു.

സ്‌കോര്‍: ന്യൂസീലന്‍ഡ്: 329, 326, ഇംഗ്ലണ്ട്: 360, 296/3

ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ജോണ്‍ ബെയര്‍സ്‌റ്റോ രണ്ടാം ഇന്നിങ്‌സിലും വെടിക്കെട്ട് ബാറ്റിങ് തന്നെ പുറത്തെടുത്തു. വെറും 30 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച ബെയര്‍സ്‌റ്റോ, 44 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 71 റണ്‍സോടെ പുറത്താകാതെ നിന്നു. ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം ഒലി പോപ്പ് (82), ക്യാപ്റ്റന്‍ ജോ റൂട്ട് (86*) എന്നിവരുടെ ഇന്നിങ്‌സുകളും ചേര്‍ന്നതോടെ ഇംഗ്ലണ്ട് അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ടെസ്റ്റില്‍ ഒരു ഇംഗ്ലണ്ട് താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറിയെന്ന നേട്ടവും ബെയര്‍സ്‌റ്റോ സ്വന്തമാക്കി. അലക്‌സ് ലീസ് (9), സാക്ക് ക്രൗളി (25) എന്നിവരാണ്

നാലാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ടിന് 183 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ അഞ്ചാം ദിനം മഴയെത്തിയതോടെ രാവിലത്തെ സെഷന്‍ നഷ്ടമായി. 78 ഓവര്‍ അവശേഷിക്കേ ജയിക്കാന്‍ 113 റണ്‍സ് വേണമായിരുന്ന ഇംഗ്ലണ്ട് 15.2 ഓവറില്‍ തന്നെ ലക്ഷ്യം കണ്ടു. മൈക്കല്‍ ബ്രെയ്‌സ്‌വെല്ലിനെ സിക്‌സറിന് പറത്തി ബെയര്‍‌സ്റ്റോ ഒരു മണിക്കൂര്‍ കളി ബാക്കിനില്‍ക്കേ ഇംഗ്ലണ്ടിന്റെ വിജയറണ്‍ കുറിച്ചു.

പുതിയ ക്യാപ്റ്റന്‍ ജോ റൂട്ടിനും പുതിയ പരിശീലകന്‍ ബ്രെണ്ടന്‍ മക്കല്ലത്തിനും കീഴില്‍ ഇംഗ്ലണ്ടിന്റെ ആദ്യ പരമ്പര വിജയമാണിത്.

അടുത്തത് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് മത്സരമാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയിലെ കോവിഡ് കാരണം മാറ്റിവെച്ച അഞ്ചാം ടെസ്റ്റ് ജൂലായി ഒന്നിന് എഡ്ജ്ബാസ്റ്റണിലാണ്. പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യയ്‌ക്കെതിരേ ജയം ലക്ഷ്യമിട്ട് തന്നെയാകും ഇംഗ്ലണ്ട് ഇറങ്ങുക.