
നാഗ്പുര്‍: രഞ്ജി ട്രോഫി ഫൈനലില്‍ ഗംഭീരമായ തുടക്കമാണ് കേരളം കാഴ്ചവെച്ചത്. ടോസ് നേടി വിദര്‍ഭയെ ബാറ്റിങ്ങിനയച്ച കേരളം, സ്‌കോര്‍ബോര്‍ഡ് അനക്കുംമുന്നേ ഓപ്പണര്‍ പാര്‍ഥ് രേഖാദെയെ മടക്കി. 24 റണ്‍സിനിടെ അവരുടെ മൂന്നുപേരെ പുറത്താക്കി എം.ഡി. നിധീഷും ഏദന്‍ ആപ്പിള്‍ ടോമും കേരളത്തിന് വലിയ ബ്രേക്ക്ത്രൂ നല്‍കി. പക്ഷേ, ഡാനിഷ് മാലേവറും കരുണ്‍ നായരും ചേര്‍ന്നുള്ള നാലാംവിക്കറ്റിലെ ചെറുത്തുനില്‍പ്പ് കേരളത്തിന്റെ മേല്‍ക്കൈ തകര്‍ത്തു. ആദ്യദിനം വിദര്‍ഭ 254 റണ്‍സ് നേടിയപ്പോള്‍ അതില്‍ 215 റണ്‍സും ഈ കൂട്ടുകെട്ടില്‍ പിറന്നതാണ്.
21 വയസ്സ് മാത്രം പ്രായമുള്ള ഡാനിഷ് മാലേവര്‍ സെഞ്ചുറിയോടെ കളംനിറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. 168 പന്തില്‍നിന്ന് സെഞ്ചുറി കുറിച്ച ഡാനിഷ്, പുറത്താവാതെ 138 റണ്‍സ് നേടി. 14 ബൗണ്ടറിയും രണ്ട് സിക്‌സും ചേര്‍ന്ന ഇന്നിങ്‌സിനായി 259 പന്തുകളെടുത്തു. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോള്‍ മാലേവറും യഷ് താക്കൂറുമാണ് ക്രീസില്‍.
നാലാം വിക്കറ്റില്‍ ഒരുമിച്ച കരുണ്‍ നായര്‍ - മാലേവര്‍ സഖ്യം ഏതാണ്ട് എഴുപതോവറിനടുത്ത് ക്രീസില്‍ പിടിച്ചുനിന്നു. വ്യക്തിഗത സ്‌കോര്‍ 93-ല്‍ നില്‍ക്കേ, ആദിത്യ സര്‍വാതെയെ കയറിയടിച്ച് സിക്‌സ് പറത്തി. തൊട്ടടുത്ത പന്തില്‍ മിഡ് വിക്കറ്റിലൂടെ ബൗണ്ടറി നേടി സ്‌റ്റൈലിഷായിത്തന്നെ സെഞ്ചുറി പൂര്‍ത്തിയാക്കി. അനന്തരം ബാറ്റും ഹെല്‍മറ്റും ഒന്നുയര്‍ത്തിയശേഷം താഴെവെച്ച് കെ.എല്‍. രാഹുല്‍ സ്‌റ്റൈലിലുള്ള ആഘോഷം!
ആദ്യ വരവില്‍ത്തന്നെ കണ്ണഞ്ചിപ്പിച്ച്...
21 വയസ്സേ ആയിട്ടുള്ളൂ മാലേവറിന്. ആഭ്യന്തര ക്രിക്കറ്റില്‍ ആദ്യത്തെ സീസണ്‍. ഫൈനല്‍ പോലൊരു മത്സരത്തില്‍, സ്വന്തം ടീം 24-ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്നുനില്‍ക്കേ, ആ സമ്മര്‍ദം മുഴുവന്‍ ചുമലിലേറ്റി സെഞ്ചുറി നേടാന്‍ ചെറിയ കരുത്തുപോരാ. പക്ഷേ, ഈ വലംകൈയന്‍ ബാറ്ററുടെ ടെക്‌നിക്കിനും സമ്മര്‍ദത്തെ അതിജീവിച്ചുള്ള പ്രകടനത്തിനും മുന്നില്‍ കേരള ബൗളര്‍മാര്‍ വിയര്‍ത്തു. കഴിഞ്ഞ ഐ.പി.എല്‍. മെഗാ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഒരു ഫ്രാഞ്ചൈസിക്കും താരത്തെ സ്വന്തമാക്കാനാവില്ല. എന്നാല്‍ വരും ഐ.പി.എല്ലിൽ ഒരു മുതല്‍ക്കൂട്ടാവും മാലേവര്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
രഞ്ജി ട്രോഫി 2024-25 സീസണില്‍ 14 ഇന്നിങ്‌സുകളില്‍നിന്ന് വിദര്‍ഭയ്ക്കായി 673 റണ്‍സാണ് താരം സ്വന്തമാക്കിയത്. 52.74 ശരാശരി. ഈ സ്ഥിരതയാണ് മാലേവറിനെ ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ പോലുള്ള വമ്പന്‍ മത്സരങ്ങളില്‍ ടീം ലൈനപ്പില്‍ ഉള്‍പ്പെടുത്താന്‍ വിദര്‍ഭയ്ക്ക് പ്രചോദനമായത്.
ആണ്‍കുഞ്ഞ് പിറന്നാല്‍ ക്രിക്കറ്ററാക്കും
കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു മാലേവറിന്റെ കുട്ടിക്കാലം. അച്ഛന്‍ വിഷ്ണു വലിയ ക്രിക്കറ്റ് ആരാധകനായിരുന്നു. വിവാഹം കഴിച്ചപ്പോള്‍ തന്നെ തീരുമാനിച്ചതാണ്, ഒരാണ്‍കുഞ്ഞുണ്ടായാല്‍ അവനെ ക്രിക്കറ്റ് താരമാക്കുമെന്ന്. അങ്ങനെ 2003 ഒക്ടോബര്‍ എട്ടിന് നാഗ്പുരില്‍ മാലേവര്‍ ജനിച്ചു. മകന്‍ വലിയ ക്രിക്കറ്റ് താരമായി മാറുന്നത് അച്ഛന്‍ സ്വപ്‌നം കണ്ടു. പക്ഷേ, സ്വപ്‌നം കണ്ടാല്‍മാത്രം പോരല്ലോ. താഴ്ന്ന പശ്ചാത്തലത്തില്‍നിന്ന് വരുന്ന കുടുംബത്തിന് അതിനുള്ള സാമ്പത്തിക ഭദ്രതയുണ്ടായിരുന്നില്ല. എങ്കിലും മകന് ആവശ്യമായ ബാറ്റും പാഡും ഗ്ലൗസുമൊക്കെ വാങ്ങിനല്‍കി. കൂടാതെ നാട്ടുകാരും സഹായിച്ചു. ഏഴാം വയസ്സില്‍ ക്രിക്കറ്റ് പഠിക്കുന്നതിനായി അക്കാദമിയില്‍ ചേര്‍ത്തു.
ആപത്ഘട്ടങ്ങളിലെ പോരാളി
ഗല്ലി ക്രിക്കറ്റിലും ലോക്കല്‍ ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഈ സീസണില്‍ ആന്ധ്രയ്‌ക്കെതിരേ കളിക്കാന്‍ അവസരമുണ്ടായി. മാലേവറിന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. നാഗ്പുരില്‍ നടന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ മൂന്നാമനായിറങ്ങി 61 റണ്‍സ് നേടിയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 56, 42, 59 എന്നിങ്ങനെ പ്രകടനങ്ങള്‍ നടത്തി. ഗുജറാത്തിനെതിരേ 115 റണ്‍സ് ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറി. ഇപ്പോള്‍ ഫൈനലില്‍ വീണ്ടും. മാലേവറിന്റെ സെഞ്ചുറിയുടെ ബലത്തിലാണ് ഗുജറാത്തിനെതിരേ വിദര്‍ഭയ്ക്ക് ആദ്യ ഇന്നിങ്‌സ് മുന്‍തൂക്കം നേടാനായത്.
സമ്മര്‍ദത്തെ അതിജീവിച്ച് മുന്നേറാനാവുക എന്നതാണ് ഒരു കായികതാരത്തിനുവേണ്ട പ്രധാന മേന്മ. നോക്കൗട്ടില്‍ ഗുജറാത്തിനെതിരെയും ഫൈനലില്‍ കേരളത്തിനെതിരെയുമുള്ള മാലേവറിന്റെ ഇന്നിങ്‌സ് അതില്‍ മികച്ചതാണ്. സമ്മര്‍ദാവസ്ഥയില്‍ വിശ്വസിച്ച് ക്രീസിലേക്കയക്കാന്‍ തക്കവണ്ണം കെല്പുള്ള ബാറ്ററായി ഈ ചെറുപ്രായത്തില്‍തന്നെ പേരെടുക്കാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല.
ക്വാര്‍ട്ടറില്‍ തമിഴ്‌നാടിനെതിരേ 75 റണ്‍സ്, സെമിയില്‍ മുംബൈക്കെതിരേ യഥാക്രമം രണ്ട് ഇന്നിങ്‌സുകളിലുമായി 79, 29 റണ്‍സ്. ഫൈനലിലെ സെഞ്ചുറി... ഒരിരുപത്തൊന്നുകാരന് പ്രതിഭ തെളിയിക്കാന്‍ ഇതില്‍പ്പരം ഇനിയെന്തുവേണം!
Content Highlights: danish malewar ranji trophy final kerala vs vidarbha
Published: 26 Feb 2025, 07:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented