
അഹമ്മദാബാദ്: വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 140 റൺസിനും ഇന്നിങ്സിനും ഇന്ത്യ വിൻഡീസിനെ തകർത്തെറിഞ്ഞു. രണ്ട് ഇന്നിങ്സിലും ദയനീയമായി തകർന്നടിഞ്ഞ സന്ദർശകർ വൻ പരാജയം ഏറ്റുവാങ്ങി. എന്നാൽ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ കാണികൾ തീരെ കുറവായത് ചർച്ചാവിഷയമായി. ഒട്ടുമിക്ക സീറ്റും കാലിയായി ആണ് കാണപ്പെട്ടത്. നാട്ടിൽ നടന്ന ടെസ്റ്റ്മത്സരത്തിൽ കാണികൾ കുറവായത് സാമൂഹികമാധ്യമങ്ങളിൽ ആരാധകർ ഉന്നയിച്ചു.
എന്നാൽ കാൻപുരിൽ വെച്ച് നടന്ന ഇന്ത്യ എ മത്സരത്തിന് ഇതായിരുന്നില്ല സ്ഥിതി. നിറഞ്ഞ ഗാലറികളാണ് സ്റ്റേഡിയത്തിൽ കാണാനായത്. ഓസ്ട്രേലിയൻ എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ഏകദിനക്രിക്കറ്റ് മത്സരത്തിലാണ് കാണികള്ഡ ഇരച്ചെത്തിയത്. 24,000 പേരാണ് കളികാണാനെത്തിയത്. അതായത് ലോകക്രിക്കറ്റിലെ സൂപ്പർ താരങ്ങൾ അണിനിരന്ന മത്സരത്തേക്കാൾ എ ടീമിന്റെ പോരിനാണ് ആളുകളെത്തിയത്.
ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല കാൻപുരിൽ കളി കാണാനെത്തിയവരെ പ്രശംസിക്കുകയും ചെയ്തു. ഇന്ത്യ എ മത്സരങ്ങൾക്ക് സാധാരണഗതിയിൽ വളരെ കുറച്ചുകാണികൾ മാത്രമേ ഉണ്ടാവാറുള്ളൂവെന്നും ആളുകളുടെ അഭിനിവേശത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യ എ മത്സരത്തിലെ നിറഞ്ഞഗാലറികളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഏഷ്യാകപ്പ് കലാശപ്പോരിന് തൊട്ടുപിന്നാലെ ടെസ്റ്റ് പരമ്പര നടത്തുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല, അഹമ്മദാബാദിൽ ടെസ്റ്റ് മത്സരം നടത്തുന്നതിലും പലരും എതിർപ്പ് ഉന്നയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് നരേന്ദ്രമോദി സ്റ്റേഡിയം. ഈ സ്റ്റേഡിയം വൈറ്റ് ബോൾ ക്രിക്കറ്റിനാണ് അനുയോജ്യമെന്നും വേദി റെഡ്ബോൾ ക്രിക്കറ്റിന് ഉപയോഗിക്കരുതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മറ്റുവേദികളിൽ ടെസ്റ്റ് സംഘടിപ്പിക്കണമെന്നാണ് ഒട്ടുമിക്ക ആരാധകരുടെയും നിർദേശം.
അതേസമയം ഓസ്ട്രേലിയ എ ടീമിനെതിരേ തകർപ്പൻ ജയമാണ് ഇന്ത്യ എ ടീം സ്വന്തമാക്കിയത്. ഓസീസ് ഉയർത്തിയ 317 റൺസ് വിജയലക്ഷ്യം ഇന്ത്യ 46 ഓവറിൽ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയും നേടി (2-1). സെഞ്ചുറി നേടിയ പ്രഭ്സിമ്രാൻ സിങ് (102). അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (62), റിയാൻ പരാഗ് (62), പുറത്താകാതെ 24 റൺസെടുത്ത വിപ്രജ് നിഗം എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യൻ എ ടീമിന് കരുത്തായത്.ആദ്യം ബാറ്റുചെയ്ത ഓസീസിനായി ജാക്ക് എഡ്വാർഡ്സ് (89), ലിയാം സ്കോട്ട് (73), കൂപ്പർ കോണോലി (64) എന്നിവർ തിളങ്ങി. ഇന്ത്യക്കായി അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും മൂന്നുവീതം വിക്കറ്റ് വീഴ്ത്തി.
Content Highlights: 24,000 watch India A vs Australia A ODI in Nagpur
Published: 06 Oct 2025, 07:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented