കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ വായില്‍ നിന്ന് വീണ ഒരു വാക്കിന്റെ പേരില്‍ വെട്ടിലായി ജസ്പ്രീത് ബുംറ. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമയെ 'ബോഡി ഷെയിം' ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശമാണ് ബുംറയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് വിമര്‍ശനം. സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ബുംറയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.

To advertise here,

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തിലായിരുന്നു സംഭവം. 13-ാം ഓവറില്‍ ബവുമയ്‌ക്കെതിരെ ബുംറ എല്‍ബിഡബ്ല്യു അപ്പീല്‍ ഉയര്‍ത്തി. എന്നാല്‍ അപ്പീല്‍ ഫീല്‍ഡ് അമ്പയര്‍ നിരസിച്ചു. ഇതോടെ റിവ്യു എടുക്കണോ എന്ന കാര്യത്തില്‍ ബുംറയും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ബുംറയുടെ ഭാഗത്തു നിന്നും അധിക്ഷേപകരമായ പരാമര്‍ശമുണ്ടായത്.

ചര്‍ച്ചയ്ക്കായി ബുംറയും രാഹുലും ജഡേജയും പന്തും ചുറ്റും കൂടി. പന്ത് ഉയര്‍ന്നു പോകുമെന്നാണ് ഋഷഭ് പറഞ്ഞത്. എന്നാല്‍ ബവുമ ഉയരം കുറഞ്ഞ ആളായതുകൊണ്ട് പന്തിന്റെ ഉയരം കുഴപ്പമില്ലെന്നായിരുന്നു ഹിന്ദിയില്‍ ബുംറയുടെ മറുപടി. ഇത് സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു. ഇത് കേട്ട് ചുറ്റും കൂടിനിന്ന താരങ്ങള്‍ ചിരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളിലുണ്ട്.