
മൊഹാലി: ഓസ്ട്രേലിയക്കെതിരേ 200-നപ്പുറം റണ്‍സടിച്ചിട്ടും പ്രതിരോധിക്കാനാവാതെ കീഴടങ്ങിയതോടെ ബൗളിങ്ങിനെച്ചൊല്ലി ഇന്ത്യന്‍ ക്രിക്കറ്റ് ആശങ്കയില്‍. ഓസ്ട്രേലിയക്കെതിരായ ഒന്നാം ട്വന്റിയിലെ നാല് വിക്കറ്റ് തോല്‍വി ഞെട്ടിപ്പിക്കുന്നതാണ്. ട്വന്റി 20യില്‍ 200-ന് മുകളില്‍ ഒരു സ്‌കോര്‍ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് അത് കഴിഞ്ഞു. പക്ഷേ, അക്സര്‍ പട്ടേല്‍ ഒഴിച്ചുള്ള ബൗളര്‍മാരെല്ലാം സമ്പൂര്‍ണമായി നിരാശപ്പെടുത്തി. ലോകകപ്പിനായ് പ്രഖ്യാപിച്ച ടീമാണ് ഇങ്ങനെ കളിക്കുന്നത്.
മൊഹാലിയില്‍ ഭുവനേശ്വര്‍ വഴങ്ങിയത് നാല് ഓവറില്‍ 52 റണ്‍സാണ്. ഭുവി എറിഞ്ഞ ഇന്നിങ്സിലെ ആദ്യ പന്തുതന്നെ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് സിക്സിന് പറത്തി. ആദ്യമായാണ് ട്വന്റി 20യില്‍ ഭുവി 50-ലേറെ റണ്‍സ് വിട്ടുകൊടുക്കുന്നത്.
ഡെത്ത് ഓവറുകളില്‍ ഭുവനേശ്വറിന്റെ സമീപകാല പ്രകടനങ്ങള്‍ ഇന്ത്യക്ക് അപായസൂചനയാണ്. ഇന്ത്യ പരാജയപ്പെട്ട കഴിഞ്ഞ മൂന്ന് ട്വന്റി 20-കളില്‍ നിര്‍ണായകമായ 19-ാം ഓവര്‍ എറിഞ്ഞത് ഭുവിയാണ്. എന്നാല്‍ ഭുവി ധാരാളം റണ്‍സ് വിട്ടുകൊടുത്തതോടെ എതിരാളികള്‍ക്ക് അവസാന ഓവര്‍ എളുപ്പമായി.
1. ഇന്ത്യ-പാകിസ്താന്‍ ഏഷ്യാകപ്പ്
ഭുവനേശ്വര്‍ 4-0-40-1
19-ാം ഓവറില്‍ വഴങ്ങിയത് 19 റണ്‍സ്. രണ്ട് വൈഡ്. രണ്ടോവറില്‍ 26 എന്ന ലക്ഷ്യം അവസാന ഓവറില്‍ ഏഴ് റണ്‍സായി. ഒരു പന്ത് ബാക്കിനില്‍ക്കെ പാകിസ്താന് അഞ്ചുവിക്കറ്റ് ജയം.
അവസാന നാലോവറില്‍ പാകിസ്താന് വേണ്ടിയിരുന്നത് 43 റണ്‍സ്
2. ഇന്ത്യ-ശ്രീലങ്ക ഏഷ്യാകപ്പ്
ഭുവനേശ്വര്‍ 4-0-30-0
19-ാം ഓവറില്‍ വഴങ്ങിയത് 14 റണ്‍സ്. രണ്ട് വൈഡ്. രണ്ടോവറില്‍ 21 എന്ന ലക്ഷ്യം അവസാന ഓവറില്‍ ഏഴ് റണ്‍സായി. ഒരു പന്ത് ബാക്കിനില്‍ക്കെ ശ്രീലങ്ക ആറ് വിക്കറ്റിന് ജയിച്ചു
അവസാന നാലോവറില്‍ ശ്രീലങ്കയ്ക്ക് വേണ്ടിയിരുന്നത് 42 റണ്‍സ്.
3. ഇന്ത്യ-ഓസ്ട്രേലിയ
ഒന്നാം ട്വന്റി 20
ഭുവനേശ്വര്‍ 4-0-52-0
19-ാം ഓവറില്‍ വഴങ്ങിയത് 16 റണ്‍സ്. ഒരു വൈഡ്
രണ്ടോവറില്‍ 18 എന്ന ലക്ഷ്യം അവസാന ഓവറില്‍ രണ്ടായി. നാല് പന്ത് ബാക്കിനില്‍ക്കെ ഓസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം.
അവസാന നാലോവറില്‍ ഓസ്ട്രേലിയക്ക് വേണ്ടിയിരുന്നത് 55 റണ്‍സ്.
ഓസ്ട്രേലിയക്കെതിരേ ഭുവനേശ്വറിനെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്താനാവില്ല. അവസാന മൂന്നോവറില്‍ 40 റണ്‍സാണ് ഓസീസിന് വേണ്ടിയിരുന്നത്. 18-ാം ഓവര്‍ എറിഞ്ഞ ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് സിക്സടക്കം 22 റണ്‍സ് വഴങ്ങിയതോടെ കളി കൈവിട്ടിരുന്നു. ഹര്‍ഷല്‍ നാലോവറില്‍ 49 റണ്‍സാണ് വിട്ടുകൊടുത്തത്. ഇന്ത്യയുടെ രണ്ട് പ്രധാന പേസര്‍മാര്‍ക്കും ഒറ്റ വിക്കറ്റ് കിട്ടിയില്ല. നാലോവറില്‍ 17 റണ്‍സിന് മുന്ന് വിക്കറ്റെടുത്ത അക്സര്‍ പട്ടേല്‍, നിലവാരമുള്ള ബൗളിങ്ങിന് പിച്ചില്‍ ആനുകൂല്യങ്ങളുണ്ടായിരുന്നെന്ന് തെളിയിച്ചു.
ട്വന്റി 20യില്‍ ഓസ്ട്രേലിയക്കെതിരേ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറിച്ചിട്ടും നാല് പന്തിന്റെ ധാരാളിത്തം ബാക്കിയാക്കി എതിരാളി ജയിച്ചുപോകുന്നത് രോഹിത് ശര്‍മയ്ക്കും സംഘത്തിനും നെഞ്ചിടിപ്പ് കൂട്ടും.
പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ചയാണ്.
Content Highlights: indian cricket team, bhuvaneshwar kumar, india vs australia, asia cup 2022, bhuvi, bhuvaneshwar bowl
Published: 22 Sept 2022, 10:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented