മാഞ്ചെസ്റ്റർ: ആദ്യറൺ അക്കൗണ്ടിലെത്തുംമുൻപ് രണ്ടുവിക്കറ്റ് വീണിടത്തുനിന്ന് അദ്ഭുതകരമായ പ്രതിരോധം തീര്‍ത്താണ് ഇന്ത്യ നാലാം ടെസ്റ്റിൽ സമനില പിടിച്ചത്. ഇന്നിങ്സ് തോൽവി നേരിടേണ്ടിവരും എന്ന ഭീഷണിക്കിടെ ഒരുമിച്ച് 421 പന്തുകൾ നേരിട്ട കെ.എൽ. രാഹുൽ-ശുഭ്മൻ ഗിൽ സഖ്യവും 334 പന്തുകൾ നേരിട്ട വാഷിങ്ടൺ സുന്ദർ-രവീന്ദ്ര ജഡേജ സഖ്യവും ഇന്ത്യയ്ക്ക് സമ്മാനിച്ചത് വിജയത്തോളംപോന്ന സമനിലയാണ്. അഞ്ചാംദിനമായ ഞായറാഴ്ച ഇന്ത്യ രണ്ടാം ഇന്നിങ്സിൽ നാലിന് 425 റൺസിൽനിൽക്കേ സമനിലയിൽ പിരിയുകയായിരുന്നു. എന്നാൽ അവസാനദിനം നാടകീയമായ സംഭവങ്ങൾക്കും ഓൾഡ്ട്രാഫഡ് സാക്ഷ്യം വഹിച്ചു. 15 ഓവർ ബാക്കി നിൽക്കേ കളി സമനിലയിൽ അവസാനിപ്പിക്കാൻ ഇംഗ്ലണ്ട് നായകൻ തയ്യാറായെങ്കിലും ഇന്ത്യ വിസമ്മതിച്ചു.
ഇന്ത്യ 138 ഓവറിൽ 386 റൺസിൽ നിൽക്കേ, സമനിലയിൽ പിരിയാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തയ്യാറായെങ്കിലും ഇന്ത്യ കളി തുടരാൻ ആവശ്യപ്പെടുകയായിരുന്നു. കളി സമനിലയിൽ അവസാനിപ്പിക്കാനായി കൈ നീട്ടിക്കൊണ്ട് സ്റ്റോക്സ് മുന്നോട്ടുവന്നെങ്കിലും ഇന്ത്യൻ താരങ്ങൾ അതിന് വഴങ്ങിയില്ല. ഈസമയം വഷിങ്ടൺ സുന്ദർ (80), ജഡേജ (89) എന്നീ സ്കോറുകളിലായിരുന്നു. സെഞ്ചുറി തികയ്ക്കാനായി കളി തുടരാൻ ആവശ്യപ്പെട്ടത് ഇംഗ്ലണ്ട് ടീമിന് അസംതൃപ്തിയുണ്ടാക്കി. ഇംഗ്ലണ്ട് താരങ്ങളുടെ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.
സ്റ്റോക്സ് ജഡേജയോട് അല്‍പ്പം പരുഷമായാണ് പെരുമാറിയത്. സെഞ്ചുറി നേടണമെന്നുണ്ടായിരുന്നെങ്കില്‍ നേരത്തേ തന്നെ അത്തരത്തില്‍ ബാറ്റ് ചെയ്യണമായിരുന്നുവെന്ന് ഇംഗ്ലണ്ട് നായകന് ജഡേജയോട് പറഞ്ഞു. ഹാരി ബ്രൂക്കിനെതിരേയും ബെന്‍ ഡക്കറ്റിനെതിരേയുമാണോ നിങ്ങള്‍ക്ക് ടെസ്റ്റ് സെഞ്ചുറി നേടേണ്ടതെന്നും സ്റ്റോക്സ് ജഡേജയോട് ചോദിച്ചു. ഞാന്‍ പോകുകയാണോ നിങ്ങൾക്ക് വേണ്ടതെന്ന് ജഡേജ മറുപടി നല്കി. കൈ കൊടുക്കൂവെന്ന് ക്രോളി പറഞ്ഞപ്പോള്‍ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ജഡേജ പറഞ്ഞു. പിന്നാലെ കളി തുടരുകയായിരുന്നു.
നിയമമനുസരിച്ച് ഇരുടീമുകളും സമ്മതിച്ചാലേ കളി സമനിലയിൽ പിരിയാനാകൂ.തുടർന്ന് ബൗണ്ടറികൾ പറന്നു. ഹാരി ബ്രൂക്കിന്റെ ഓവറിൽ രണ്ടു ഫോറും അടുത്ത ഓവറിൽ റൂട്ടിനെതിരേ മൂന്നു ഫോറും വന്നു. ബ്രൂക്കിന്റെ അടുത്ത ഓവറിൽ സിക്സടിച്ച് ജഡേജ ടെസ്റ്റിലെ അഞ്ചാം സെഞ്ചുറി തികച്ചു. ഈ പരമ്പരയിൽ നേരത്തേ ജഡേ നാല് അർധസഞ്ചുറി നേടിയിരുന്നു. പിന്നാലെ വാഷിങ്ടണും സെഞ്ചുറി തികച്ചതോടെ സമനിലയ്ക്ക് കൈകൊടുത്തു.
കരിയറിലെ ആദ്യ സെഞ്ചുറിനേടിയ വാഷിങ്ടൺ സുന്ദർ 206 പന്തിൽ 101 റൺസോടെയും രവീന്ദ്ര ജഡേജ 185 പന്തിൽ 107 റൺസോടെയും പുറത്താകാതെനിന്നു. ശുഭ്മൻ ഗിൽ (103) പരമ്പരയിലെ നാലാംസെഞ്ചുറി നേടി. നാലാം ഇന്നിങ്സിൽ ഇന്ത്യയുടെ മൂന്നു ബാറ്റർമാർ സെഞ്ചുറിനേടുന്നത് ആദ്യമാണ്. ഇതോടെ, പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്.
Content Highlights: Ben Stokes to Ravindra Jadeja india refuses shake hands england
Published: 28 Jul 2025, 09:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented