നോട്ടിങ്ങാം: ഇംഗ്ലണ്ട് - ന്യൂസീലന്‍ഡ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ കാണികളാണ് താരം. ടെസ്റ്റിന്റെ ആദ്യ ദിനം കിവീസ് ബാറ്റര്‍ ഡാരില്‍ മിച്ചലിന്റെ സിക്‌സില്‍ ഗാലറിയിലുണ്ടായിരുന്ന ഒരു ആരാധികയുടെ ബിയര്‍ പിന്റ് തകര്‍ന്നത് ഏറെ ശ്രദ്ധേയമായിരുന്നു. മിച്ചലടിച്ച സിക്‌സര്‍ നേരെ വന്നു വീണത് ആരാധികയുടെ ബിയര്‍ പിന്റിലേക്കായിരുന്നു. ആ ഒരൊറ്റ ഷോട്ടോടെ ആരാധിക സോഷ്യല്‍ മീഡിയയില്‍ താരമായി.

To advertise here,

ഇവര്‍ക്ക് കിവീസ് ടീം അധികൃതര്‍ മറ്റൊരു ഗ്ലാസ് ബിയര്‍ നല്‍കുകയും ചെയ്തു. ആദ്യ ദിവസത്തെ കളിക്ക് ശേഷം ഇവരെ കണ്ട് മാപ്പുപറയാന്‍ മിച്ചല്‍ വന്നിരുന്നു. ഈ വീഡിയോയും ചുരുങ്ങിയ നിമിഷം കൊണ്ട് ശ്രദ്ധനേടി.

ഇപ്പോഴിതാ കളിക്കിടെ ഗാലറിയിലിരുന്ന് മയങ്ങിപ്പോയ ഒരാളാണ് സോഷ്യല്‍ മീഡിയയിലെ താരം. വെള്ളിയാഴ്ച മത്സരത്തിന്റെ 42-ാം ഓവറിലായിരുന്നു രസകരമായ ഈ സംഭവം. കളിക്കിടെ ഇദ്ദേഹം സുഖമായി ഇരുന്ന് മയങ്ങുന്നത് ക്യാമറാമാന്‍ കൃത്യമായി ഒപ്പിയെടുത്തു. ഈ സമയത്താണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ കിവീസ് താരം ഡെവോണ്‍ കോണ്‍വെയെ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്റെ കൈകളിലെത്തിക്കുന്നത്. ഇംഗ്ലണ്ട് നാലാം വിക്കറ്റ് സ്വന്തമാക്കിയതോടെ കാണികള്‍ ഒന്നടങ്കം ആര്‍ത്തുവിളിച്ചു. ഇതോടെ മയങ്ങിക്കൊണ്ടിരുന്ന ഇയാള്‍ ഞെട്ടിയുണരുകയായിരുന്നു. രസകരമായ ഈ കാഴ്ചയും ക്യാമറാമാന്‍ നഷ്ടപ്പെടുത്തിയില്ല.