ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും പാകിസ്താനിലേക്ക് പോകും. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും ലാഹോറിലേക്ക് പോകുക. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ രാഷ്ട്രീയ സംഘര്‍ഷം ഉടലെടുക്കുകയും ഇരു ടീമുകളും തമ്മിലുള്ള ഉഭയകക്ഷി പരമ്പരകള്‍ അവസാനിപ്പിക്കുകയും ചെയ്തതിന് ശേഷം ഇതാദ്യമായാണ് ബിസിസിഐ ഭാരവാഹികള്‍ പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്.

To advertise here,

ഏഷ്യാ കപ്പില്‍ പാകിസ്താന്‍ വേദിയാകുന്ന ഏതാനും മത്സരങ്ങള്‍ ഇരുവരും സ്റ്റേഡിയത്തിലെത്തി കാണും. സെപ്റ്റംബര്‍ നാല് മുതല്‍ ഏഴ് വരെ ഇരുവരും ലാഹോറിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പിന്റെ ഉദ്ഘാടന ചടങ്ങിലടക്കം പങ്കെടുക്കാന്‍ ബിസിസിഐയെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്ഷണിച്ചിരുന്നു.

2008-ലെ ഏഷ്യാ കപ്പിനായി പാകിസ്താനിലേക്ക് പോയ ഇന്ത്യന്‍ ടീമിനൊപ്പമാണ് ഒരു ബിസിസിഐ പ്രതിനിധി അവസാനമായി പാകിസ്താന്‍ സന്ദര്‍ശിച്ചത്. പിന്നാലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധമടക്കം നിലച്ചു. പിന്നീട് ഐസിസിയുടെയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെയും ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു രാജ്യങ്ങളും പരസ്പരം മത്സരിക്കുന്നത്.

ഓഗസ്റ്റ് 30-നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 13 മത്സരങ്ങളില്‍ നാലെണ്ണം മാത്രമാണ് പാകിസ്താനില്‍ നടക്കുന്നത്. പ്രധാന മത്സരങ്ങള്‍ക്ക് ശ്രീലങ്കയാണ് വേദി. പാകിസ്താനിലേക്ക് ഇന്ത്യന്‍ ടീമിനെ അയക്കില്ലെന്ന് ബിസിസിഐ നിലപാട് കടുപ്പിച്ചതോടെ ടൂര്‍ണമെന്റിലെ പ്രധാന മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്കു മാറ്റുകയായിരുന്നു.