മുംബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ പ്രകോപനപരമായ ആംഗ്യങ്ങള്‍ കാണിച്ചതിന് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളായ ഹാരിസ് റൗഫിനും സാഹിബ്സാദ ഫര്‍ഹാനുമെതിരേ ഐസിസിക്ക് ഔദ്യോഗികമായി പരാതി നല്‍കി ബിസിസിഐ. ബുധനാഴ്ചയാണ് ബിസിസിഐ പരാതി അയച്ചത്. പരാതി ലഭിച്ചതായി ഐസിസി സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെയായിരുന്നു പാക് താരങ്ങളുടെ ഭാഗത്തു നിന്ന് ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങളുണ്ടായത്. സെപ്റ്റംബര്‍ 21-നായിരുന്നു ഇന്ത്യ - പാകിസ്താന്‍ മത്സരം. മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെ സാഹിബ്സാദ ഫര്‍ഹാന്‍ ഗാലറിക്കു നേരേ ബാറ്റ് ഉപയോഗിച്ച് തോക്കുകൊണ്ട് വെടിവെക്കുന്നതു പോലെയുള്ള ആംഗ്യം കാണിച്ചിരുന്നു.
ഇതേ മത്സരത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ബൗണ്ടറി റോപ്പിനടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹാരിസ് റൗഫും പ്രകോപനപരമായ ആംഗ്യങ്ങള്‍ കാണിച്ചിരുന്നു. ബൗണ്ടറിക്കരികേ ഫീല്‍ഡ് ചെയ്ത റൗഫിനെ കോലി വിളികള്‍കൊണ്ട് കാണികള്‍ പരിഹസിച്ചതിന് പിന്നാലെ വിമാനം പറക്കുന്നതും താഴെ വീഴുന്നതുമായ ആംഗ്യമാണ് റൗഫ് കാണിച്ചത്. വിരലുകള്‍ ഉപയോഗിച്ച് 6-0 എന്ന ആംഗ്യവും റൗഫ് കാണിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള സിന്ദൂര്‍ ഓപ്പറേഷനിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്താന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്നതായിരുന്നു മത്സരത്തിനിടെയുള്ള ഹാരിസ് റൗഫിന്റെ ആംഗ്യങ്ങള്‍. മാത്രമല്ല ബൗള്‍ ചെയ്യുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിനോടും അഭിഷേക് ശര്‍മയോടും റൗഫ് വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു.
ബിസിസിഐ നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ റൗഫും ഫര്‍ഹാനും നിഷേധിക്കുകയാണെങ്കില്‍ ഐസിസി ഇരുവരെയും വാദം കേള്‍ക്കാന്‍ വിളിപ്പിക്കാനും സാധ്യതയുണ്ട്. അതോടെ ഹിയറിങ്ങിനായി ഇരുവര്‍ക്കും ഐസിസി എലൈറ്റ് പാനല്‍ റഫറി റിച്ചി റിച്ചാര്‍ഡ്സണിനു മുന്നില്‍ ഹാജരാകേണ്ടി വന്നേക്കാം. ഇതില്‍ തങ്ങള്‍ നടത്തിയ ആംഗ്യങ്ങളെക്കുറിച്ച് ഇരുവര്‍ക്കും വിശദീകരണം നല്‍കേണ്ടി വരും. തൃപ്തികരമായ മറുപടി നല്‍കാനായില്ലെങ്കില്‍ ഐസിസി പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള നടപടികള്‍ക്ക് ഇരുവര്‍ക്കും വിധേയരാകേണ്ടി വന്നേക്കും.
Content Highlights: BCCI lodges formal complaint with ICC against Pakistani cricketers Haris Rauf and Sahibzada Farhan for provocative gestures during Asia Cup Super Four match.
Published: 25 Sept 2025, 11:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented