ലാഹോർ: വിവാഹമോചനം സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെ മുൻ പാക് താരം ഇമാദ് വസീമിനെതിരേ ആരോപണവുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ്. ഗർഭിണിയായ സമയത്ത് മാനസിക പീഡനം നേരിട്ടതായും ഗർഭച്ഛിദ്രത്തിനടക്കം വിധേയയായതായും അവർ സാമൂഹികമാധ്യമ പോസ്റ്റിലൂടെ പ്രതികരിച്ചു. വിവാഹമോചനത്തിന് നിയമപരമായ വഴികൾ തേടിയതായി ഇമാദ് വസീം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് സാനിയയും കുറിപ്പുമായി രംഗത്തെത്തിയത്. 2019 ഓഗസ്റ്റിൽ വിവാഹിതരായ ഇരുവർക്കും മൂന്ന് കുട്ടികളുണ്ട്.

To advertise here,

"വലിയ വേദനയോടെയാണ് ഞാൻ ഇത് എഴുതുന്നത്. എൻ്റെ കുടുംബം തകർന്നു. എൻ്റെ കുട്ടികൾക്ക് അച്ഛനില്ലാതായി. ഞാൻ മൂന്ന് കുട്ടികളുടെ അമ്മയാണ്, അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. അവനെ ഇതുവരെ അച്ഛൻ സ്വന്തം കൈയ്യിലെടുത്തിട്ടില്ല. ഈ കഥ ഞാൻ പങ്കുവെക്കാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ എന്റെ നിശ്ശബ്ദതയെ ഒരിക്കലും ദൗർബല്യമായി തെറ്റിദ്ധരിക്കരുത്."- സാനിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

പല വിവാഹബന്ധങ്ങളെയും പോലെ തങ്ങളുടേതിലും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അവർ കുറിച്ചു. എന്നിരുന്നാലും അത് തുടർന്നു. ഭാര്യയായും അമ്മയായും ഞാൻ പ്രതിജ്ഞാബദ്ധയായിരുന്നു. ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചു. എന്നാൽ ഈ  വിവാഹബന്ധം അവസാനിപ്പിച്ചത് മൂന്നാമതൊരാളുടെ ഇടപെടലാണ്. എൻ്റെ ഭർത്താവിനെ വിവാഹം കഴിക്കാനായിരുന്നു അവരുടെ ഉദ്ദേശ്യം. ഇതിനകം തന്നെ പ്രശ്നങ്ങളുണ്ടായിരുന്ന ബന്ധത്തിന് ഇത് അവസാനത്തെ പ്രഹരമേൽപ്പിച്ചു." - അവർ കൂട്ടിച്ചേർത്തു.

ഗർഭിണിയായ സമയത്ത് മാനസിക പീഡനവും മോശം പെരുമാറ്റവും ഗർഭഛിദ്രമടക്കം നേരിടേണ്ടിവന്നതായും അവർ കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ കുട്ടികൾക്കും കുടുംബത്തിനും വേണ്ടി ക്ഷമിച്ചു. വിവാഹമോചനം തന്നെ നിയമപ്രശ്നത്തിലാണുള്ളത്. ഇടപെട്ടവർക്കെതിരെ രേഖാമൂലമുള്ള തെളിവുകളുണ്ടെന്നും പരസ്യ പ്രസ്‌താവന നടത്തരുതെന്ന് ഭീഷണിപ്പെടുത്തിയവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും സാനിയ കുറിപ്പിൽ അറിയിച്ചു.

നേരത്തേ ഇമാദ് വസീമും വിവാഹമോചനം സംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. ആവർത്തിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാനായില്ലെന്നും അതാണ് വിവാഹമോചനം തേടുന്നതിലേക്ക് നയിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. "വളരെ ആലോചനകൾക്ക് ശേഷം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരിഹരിക്കാൻ കഴിയാത്ത തർക്കങ്ങൾ കാരണം, ഞാൻ വിവാഹമോചനത്തിന് അപേക്ഷിച്ചു. കുട്ടികളെ സംബന്ധിച്ചിടത്തോളം, ഞാൻ അവരുടെ പിതാവായി തുടരും, അവരെ പൂർണ്ണമായും ഉത്തരവാദിത്തത്തോടെയും പരിപാലിക്കുന്നത് തുടരും. തെറ്റായ വിവരങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു." അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.