ദുബായ്: ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ചരിത്രമെഴുതി ഇന്ത്യയുടെ ഓപ്പണര്‍ അഭിഷേക് ശര്‍മ. ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് പോയിന്റുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. നിലവില്‍ ഒന്നാം റാങ്കിലുള്ള അഭിഷേകിന് 926 റേറ്റിങ് പോയിന്റാണ് ഉള്ളത്. എന്നാല്‍ ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനു ശേഷം 931 എന്ന ഉയര്‍ന്ന റേറ്റിങ് പോയിന്റിലേക്ക് അഭിഷേക് എത്തിയിരുന്നു.

To advertise here,

2020-ല്‍ 919 റേറ്റിങ് പോയിന്റുകള്‍ നേടിയ ഇംഗ്ലണ്ട് താരം ഡേവിഡ് മലാന്റെ റെക്കോഡാണ് അഭിഷേക് സ്വന്തം പേരിലാക്കിയത്. അഞ്ചു വര്‍ഷത്തോളം തകരാതിരുന്ന റെക്കോഡാണ് അഭിഷേക് ഇപ്പോള്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്. 2023-ല്‍ 912 റേറ്റിങ് പോയിന്റുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇതോടെ മൂന്നാം സ്ഥാനത്തായി.

കഴിഞ്ഞ വര്‍ഷമാണ് അഭിഷേക് ഇന്ത്യയ്ക്കായി രാജ്യാന്തര ടി20-യില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിനുള്ളിലാണ് താരം ഈ നേട്ടത്തിലേക്കെത്തിയത്. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ഏഴു മത്സരങ്ങളില്‍ നിന്നായി 44.86 ശരാശരിയില്‍ 314 റണ്‍സ് നേടിയ അഭിഷേക് ടൂര്‍ണമെന്റിന്റെ താരമായിരുന്നു.

നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ഫില്‍ സാള്‍ട്ടിന് 844 റേറ്റിങ് പോയിന്റാണുള്ളത്. 819 പോയിന്റുമായി തിലക് വര്‍മയാണ് മൂന്നാമത്.