ലണ്ടന്‍: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യന്‍ ടീമിനൊപ്പം വിവിധ പര്യടനങ്ങളില്‍ പങ്കെടുത്തിട്ടും ഇതുവരെ അരങ്ങേറ്റത്തിന് അവസരം ലഭിക്കാത്ത താരമാണ് അഭിമന്യു ഈശ്വരന്‍. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ ടീമിലെടുത്തിരുന്നെങ്കിലും താരത്തെ ആദ്യ പതിനൊന്നിലേക്ക് പരിഗണിച്ചില്ല. പിന്നാലെ വിൻഡീസ് പരമ്പരയ്ക്കുള്ള ടീമിലും താരത്തിന് ഇടംകിട്ടിയില്ല. തുടർച്ചയായി ദേശീയ ടീമിൽ നിന്ന് പുറത്തുനിർത്തുന്നതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിമന്യു. ടീമിലെടുക്കാത്തത് വേദനിപ്പിക്കാറുണ്ടെന്നും അതേസമയം കഠിനമായി പരിശീലിക്കുന്നുണ്ടെന്നും അഭിമന്യു പറഞ്ഞു.

To advertise here,

“ചിലപ്പോൾ അത് വേദനിപ്പിക്കാറുണ്ട്. എല്ലാ പരിശ്രമവും നടത്തുന്നു. കഠിനമായി പരിശീലിക്കുന്നു. കളിക്കളത്തിലിറങ്ങി മികച്ച പ്രകടനം കാഴ്ചവെക്കാനും ടീമിന്റെ വിജയങ്ങളിൽ പങ്കാളിയാകുന്നതുമാണ് തന്റെ സ്വപ്നമെന്നും അഭിമന്യു പറഞ്ഞു. എനിക്ക് ശക്തമായ ഒരു പിന്തുണയുണ്ട്. എന്റെ കുടുംബം, സുഹൃത്തുക്കൾ, പരിശീലകൻ. ആ കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്. അവർ എന്നെ യാഥാർഥ്യബോധത്തോടെ നിലനിർത്താനും പ്രചോദിപ്പിക്കാനും സഹായിക്കുന്നു. ഇപ്പോൾ ഞാൻ നല്ല മാനസികാവസ്ഥയിലാണ്, രഞ്ജി സീസണിനായി കാത്തിരിക്കുകയാണ്.”- ഈശ്വരൻ റെവ്‌സ്‌പോർട്‌സിനോട് പറഞ്ഞു.

"എനിക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ശ്രമിക്കുന്നു. കൂടുതൽ കഠിനാധ്വാനം ചെയ്യുക, മികച്ച രീതിയിൽ പരിശീലിക്കുക. അതെ, ചിലപ്പോൾ വിഷമം തോന്നാറുണ്ട്, പക്ഷേ അത് സ്വാഭാവികമാണ്. മെച്ചപ്പെട്ടുകൊണ്ടിരിക്കുക എന്നതാണ് ഏക പരിഹാരം. ഈ സീസണിൽ ഞാൻ രണ്ട് പുതിയ ഷോട്ടുകൾ പരിശീലിക്കുന്നുണ്ട്. ഏതൊക്കെയാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ലെന്ന് അഭിമന്യു ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷേ അവ നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നതാണ് ഏറ്റവും വലിയ പ്രചോദനം. ബംഗാളിനായി കളിക്കുമ്പോഴും എനിക്ക് വലിയ അഭിമാനം തോന്നാറുണ്ട്."

"ഞാൻ മൈക്കിൾ ഹസിയുടെ ഒരു വലിയ ആരാധകനാണ്. ഓസ്‌ട്രേലിയക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നതിന് മുൻപും അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരമായി സ്കോർ ചെയ്തിരുന്നു. സൂര്യകുമാർ യാദവ് പോലും 30 വയസ്സിന് ശേഷമാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ ടീമിനെ നയിക്കുന്നു. അത് അവിശ്വസനീയമാണ്. അവരെപ്പോലുള്ള കളിക്കാർ മികച്ച മാതൃകകളാണ്. അതുകൊണ്ട് 'എന്തുകൊണ്ട് എനിക്കായിക്കൂടാ?' എന്ന് എപ്പോഴും മനസിലുണ്ട്.”- അദ്ദേഹം കൂട്ടിച്ചേർത്തു.

2021-ലാണ് ബിസിസിഐ സെലക്ടര്‍മാരില്‍ നിന്ന് അഭിമന്യുവിന് ടീമിലേക്ക് വിളിയെത്തുന്നത്. ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിലും പിന്നാലെ ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും സ്റ്റാന്‍ഡ്‌ബൈ താരമായാണ് അഭിമന്യുവിനെ ടീമിലെടുത്തിരുന്നത്. പിന്നാലെ 2022-ല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരത്തെ ഔദ്യോഗികമായി ഇന്ത്യന്‍ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. അതിനു ശേഷം പതിവായി ബാക്കപ്പ് ടോപ്പ് ഓര്‍ഡര്‍ ബാറ്ററായി ദേശീയ ടീമിനൊപ്പം അഭിമന്യു ഉണ്ട്. പക്ഷേ ഇതുവരെ കളിക്കാന്‍ അവസരം കിട്ടിയിട്ടില്ല.