ഒരിക്കൽ ഒരു മുയൽ ഒരു മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ ഒരു കുറുക്കൻ അതുവഴി കടന്നുപോയി, എന്നാൽ മുയൽ ഭയന്ന് ഓടിപ്പോവുകയൊന്നുമുണ്ടായില്ല. ", ഹേ, വിഡ്ഢിക്കുശ്‌മാണ്ഡമേ, നിനക്ക് പേടി തോന്നുന്നില്ലേ? നിനക്കറിയാമോ, ഞാനൊരു കുറുക്കനാണ്. എനിക്ക് നിന്നെ ഒരൊറ്റ നിമിഷംകൊണ്ട് രണ്ടു കഷ്ണമാക്കാൻ പറ്റും. മനസ്സിലായോ?"

To advertise here,

"എന്തെങ്കിലും തെളിവുണ്ടോ? നിങ്ങൾ കുറുക്കനാണ് എന്നതിന് നിങ്ങളുടെ കയ്യിൽ എന്തെങ്കിലും സാക്ഷ്യപത്രമുണ്ടോ.?" മുയൽ ചോദിച്ചു.

കുറുക്കൻ സ്‌തബ്‌ധനായിപ്പോയി. ഇതുവരേക്കും ചെറുജീവികളാരും തന്നെ തന്റെ നേരെ നിന്ന് സംസാരിക്കാൻ പോലും ധൈര്യപ്പെട്ടിട്ടില്ല! മാത്രവുമല്ല, തന്റെ നിഴൽ കാണുമ്പോഴേക്കും അവറ്റകളെല്ലാം ഓടി രക്ഷപ്പെട്ടിട്ടേയുള്ളൂ. കുറുക്കൻ അങ്ങ് വല്ലാതായിപ്പോയി കുറുക്കൻ പറഞ്ഞു, "കാത്തിരിക്കൂ, ഞാനൊരു സാക്ഷ്യപത്രം ഉടനെ കൊണ്ടുവരാം."

ഞാൻ കുറുക്കൻ നേരെ സിംഹത്തിനു മുൻപിൽ ചെന്ന് പറഞ്ഞു, "ദയവു ചെയ്ത് ഞാനൊരു കുറുക്കനാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം തരേണമേ. ഞാൻ അധിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ഒരു പീക്കിരി മുയൽ ഞാനൊരു കുറുക്കനാണെന്ന് തെളിയിക്കാനുള്ള യോഗ്യതകൾ സാക്ഷ്യപ്പെടുത്തുന്ന എന്തെങ്കിലും കാണിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു." സിംഹത്തിനോട് ഇത്രയുമൊക്കെ പറഞ്ഞൊപ്പിച്ചെങ്കിലും ഉള്ളിൽ അവൻ തിളച്ചുമറിയുകയിരുന്നു. "ഇത് മഹാ അന്യായമാണ്", അവൻ തന്നോട് തന്നെ പറഞ്ഞു, "മൃഗങ്ങളുടെ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ഇതുവരെ നടന്നിട്ടില്ല."

സാക്ഷ്യപത്രവും സംഘടിപ്പിച്ചുകൊണ്ട് കുറുക്കൻ, മുയലിൻ്റെയരികിലേക്ക് തിരികെ ചെന്നു. സാക്ഷ്യപത്രം കാത്തിരുന്നിരുന്ന അവളുടെ മുഖത്തേക്കെറിഞ്ഞുകൊണ്ട് കുറുക്കൻ അതിലെ വരികൾ ഉറക്കെ വായിക്കാൻ തുടങ്ങി, "ഇത് കുറുക്കൻ എന്ന അപകടകാരിയായ മൃഗമാണെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.

തന്റെത്തന്നെ മഹിമകളും ഗുണഗണാദികളും വാഴ്ത്തിക്കൊണ്ടിരുന്ന സാക്ഷ്യപത്രം വായിക്കുന്നതിൽ കുറുക്കൻ സ്വയം മറന്ന് ആനന്ദിക്കാൻ തുടങ്ങി. വായനയുടെ ഹരത്തിൽ ഓരോ വാക്കിലും ആവശ്യത്തിലധികം നേരം തങ്ങി നിന്നു. സാക്ഷ്യപത്രം വായിച്ചുകഴിഞ്ഞപ്പോഴാണ് കണ്ടത്, മുയൽ എപ്പോഴേ സ്ഥലം വിട്ടിരിക്കുന്നു! പിന്നെയൊരിക്കലും ആ മുയൽ അതുവഴി വന്നില്ല.

കുറുക്കൻ വീണ്ടും സിംഹത്തിൻ്റെ മുമ്പിലെത്തിയപ്പോൾ, അവിടെ ഒരു മാൻ നില്ക്കുന്നു. മാൻ സിംഹത്തിനോട് ചോദിക്കുകയാണ്. താനൊരു സിംഹമാണെന്ന് തെളിയിക്കാനുള്ള സാക്ഷ്യപത്രം എവിടെയാണെന്ന്! സിംഹം എന്താണ് ചെയ്യാൻ പോകുന്നതെന്ന് കുറുക്കൻ ആശ്ചര്യപ്പെട്ടു. രാജാവായ സിംഹം ഇനി ആരിൽ നിന്നാകും സാക്ഷ്യപത്രം വാങ്ങാൻ പോകുന്നത്?

സിംഹം മാനിനോട് പറഞ്ഞു, "നോക്കൂ കുഞ്ഞേ, എനിക്ക് വിശപ്പുണ്ടായിരുന്നെങ്കിൽ, ഈ സാക്ഷ്യപത്രവും മണ്ണാങ്കട്ടയുമൊന്നും ചോദിക്കാനുള്ള നേരം കിട്ടുമായിരുന്നില്ല നിനക്ക്. വിശപ്പില്ലാത്ത കാരണം, ആര് എന്ത് ചോദിച്ചാലും എനിക്കത് പുല്ലാണ്. ഞാൻ ആ ചോദ്യത്തെ ഗൗനിക്കാറേയില്ല."

അപ്പോൾ കുറുക്കൻ സിംഹത്തിനോട് ചോദിച്ചു, "പ്രഭോ, മുയലിൻ്റെയടുത്ത് ഇങ്ങനെ പെരുമാറാൻ അങ്ങ് എന്തുകൊണ്ട് എന്നെ ഉപദേശിച്ചില്ല? അങ്ങെന്തിനാണ് എനിക്ക്

സാക്ഷ്യപത്രം എഴുതിത്തന്നത്? ആ കീടത്തെ ഒറ്റ നിമിഷംകൊണ്ട് ഞാൻ നേരെയാക്കുമായിരുന്നല്ലോ!"

"നീ പക്ഷേ പറഞ്ഞില്ലല്ലോ, ആർക്കു വേണ്ടിയാണ് സാക്ഷ്യപത്രം കൊണ്ടുപോകുന്നതെന്ന്. ഞാൻ കരുതിയത് വിഡ്ഢിയായ ഏതെങ്കിലും മനുഷ്യജീവിക്ക് കാണിക്കാൻ വേണ്ടിയായിരിക്കുമെന്നാണ്. ഈയടുത്താണ് എൻ്റെ ശ്രദ്ധയിൽ പെടുന്നത്, ഈ കാട്ടിലെ മൃഗങ്ങളും മനുഷ്യജീവികളുടെ അതേ വിഡ്ഢിത്തങ്ങളെ അനുകരിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന്."

ഇത് ഓഷോ പൊടിപ്പും തൊങ്ങലും ചേർത്ത് അവതരിപ്പിച്ച ഒരു ഈസോപ്പ് കഥയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഓഷോ പറയുന്നു. മനുഷ്യൻ്റെ ഏറ്റവും അടിസ്ഥാനപരമായ മണ്ടത്തരങ്ങളിലൊന്ന് സകലതിനും പേരിട്ട് ലേബലൊട്ടിക്കുക എന്ന ശീലമാണ്. ഒരു വസ്തുവിനെ കൈകാര്യം ചെയ്യുന്നതിൽ പേരുകൾ സൗകര്യപ്രദമാണെന്നിരിക്കിലും, അത് ആ വസ്‌തുവിൻ്റെ അല്ലെങ്കിൽ ആ വ്യക്തിയുടെ (അസ്തിത്വ)സാധ്യതകളെ പരിമിതപ്പെടുത്തുണ്ട്.

അജ്ഞേയമായിരിക്കുന്നതിലാണ് ജീവിതത്തിന്റെ നിഗൂഢസൗന്ദര്യമിരിക്കുന്നത്. അതുകൊണ്ടുതന്നെ തൊട്ടതിന്റെയും പിടിച്ചതിന്റെയുമെല്ലാം പേരുവിവരങ്ങൾ അറിഞ്ഞുവെക്കുന്നതിൽ ധൃതികാണിക്കേണ്ടതില്ല. അത് അസാധ്യവുമാണ്. സാക്ഷ്യപത്രവും ലേബലുകളുമെല്ലാം സകലതിന്റെയും 2682 സാധ്യതകളെ വെട്ടിച്ചുരുക്കുകയാണ്. ജീവിതത്തിൻ്റെ അജ്ഞേയഭാവത്തെ വിശ്രാന്തിയോടെ അതേപടി അനുഭവിച്ചുകൊണ്ടേയിരിക്കുക; പേരുവിവരങ്ങളെ മറികടന്നുകൊണ്ട്.