എന്റെ മുറ്റത്ത്, മെലിഞ്ഞതും എന്നാൽ ഉയരമുള്ളതുമായ ഒരു മരമുണ്ടായിരുന്നു. വീട്ടുവളപ്പിലെ മരങ്ങളുടെ കൂട്ടത്തിൽ കുത്തനെ വളർന്നുപൊങ്ങിയത് ആ മരം മാത്രമായിരുന്നു. മുകളിൽ ചെന്നതിനു ശേഷമാണ് പച്ചപ്പും ശാഖകളുമെല്ലാമുണ്ടായത്. മഴക്കാലമാകുമ്പോൾ അതിൽ നിറയെ വെളുത്ത പുഷ്‌പങ്ങൾ വിരിയാറുണ്ട്. അവ ധാരാളമായി വിരിഞ്ഞ് താഴെ കൊഴിഞ്ഞ് വീഴും. സുഗന്ധം വമിക്കുന്ന ഒരു പരവതാനി കണക്കെ അവ നിലത്തെ മണ്ണിനെ മൂടിക്കളയും. വളപ്പിലെ ഏറ്റവും ഉയരം കൂടിയ മരമായിരുന്നതിനാൽത്തന്നെ നേരമിരുട്ടുമ്പോൾ പക്ഷികൾക്ക് കൂടുകൂട്ടാനുള്ള ഇടമായി മാറി അത്. സൂര്യൻ അസ്‌തമിച്ചു കഴിഞ്ഞാൽ പക്ഷികളുടെ കലപില തുടങ്ങുകയായി. പലപ്പോഴും അവയുടെ ബഹളം വല്ലാതെ ഉച്ചത്തിലാവും, എഴുതാനും വായിക്കാനും പ്രയാസമാവുന്ന വിധം.

To advertise here,

ഉയരത്തിൽ പടർന്നു പന്തലിച്ചു നില്ക്കുന്ന വൃക്ഷവും പക്ഷികളും, അവയുടെ ചിറകുകളെ അലങ്കരിച്ച അസ്‌തമയ സൂര്യൻ്റെ സ്വർണ്ണ ശോഭയുമെല്ലാം സന്ധ്യയിലെ എൻ്റെ ധ്യാനമായി മാറി. ഞാൻ ഓഷോയെ കണ്ടിട്ടേയുണ്ടായിരുന്നുള്ളൂ. ദാഹിച്ചുകിടന്നിരുന്ന എൻ്റെ ഉള്ളം ധ്യാനത്തിലേക്കു ആഴ്ന്നു പോകാൻ തുടങ്ങി. എന്നാലും ഒരാൾ ധ്യാനത്തിലേക്കു തിരിയാൻ ശ്രമിക്കുമ്പോൾ, ആദ്യത്തെ തടസ്സം, സ്വാഭാവികമായും ചിന്തകളാണ്. ഞാൻ കണ്ണുകളടക്കാൻ തുടങ്ങുമ്പോഴേക്കും ചിന്തകളുടെ വരവായി. എനിക്ക് യാതൊരു പിടിയുമില്ലായിരുന്നു എന്താണ് ചെയ്യേണ്ടതെന്ന്. ഈ ചിന്തകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു ധാരണയുമില്ലായിരുന്നു. ഒരു ദിവസം ഞാൻ ഒരു ഓഷോ പുസ്‌തകം വായിച്ചുകൊണ്ടിരിക്കെ, അതിൽ അദ്ദേഹം ഒരു കഥ പറയുകയുണ്ടായി.

ഒരിക്കൽ ധനികനായ ഒരാൾ തൻ്റെ ബംഗ്ലാവ് പരിചാരകരെ ഏല്പിച്ചുകൊണ്ട് ഒരു തീർത്ഥയാത്ര പോയി. അയാളുടേത് വളരെ നീണ്ട യാത്രയായിരുന്നു. വിചാരിച്ചതിനേക്കാൾ കൂടുതൽ ദിവസമെടുത്തു യാത്ര പൂർത്തിയാക്കാൻ. ബംഗ്ലാവിനകം ആകെ കുളമായിരുന്നു. അടിച്ചു വാരലില്ല. തുടക്കലില്ല. വൃത്തിയാക്കലില്ല. അങ്ങനെയിരിക്കെ ഒരു ദിവസം പൊടുന്നനെ ഇദ്ദേഹം യാത്ര കഴിഞ്ഞ് തിരിച്ചെത്തി. പിന്നെ, ഒരു ഭൂകമ്പമുണ്ടായതുപോലെയായിരുന്നു. പണിക്കാരെല്ലാം വളരെ ഗൗരവത്തിൽ അടിച്ചുവാരുന്നു. തുടയ്ക്കുന്നു... മടിയില്ല. അലസതയില്ല, നേരമ്പോക്ക് വർത്തമാനങ്ങളില്ല. അവരെല്ലാവരും എങ്ങനെയാണോ പെരുമാറേണ്ടിയിരുന്നത് അങ്ങനെ പെരുമാറാൻ തുടങ്ങി. അയാൾ യാതൊന്നും കല്പിക്കേണ്ടിയിരുന്നില്ല. എന്തെന്നാൽ അയാളായിരുന്നു യജമാനൻ ആ ബംഗ്ലാവിൻ്റെ ഉടമ. അയാളുടെ സാന്നിധ്യം മാത്രം മതിയായിരുന്നു സകലതും നേരെയാകാൻ.

ഓഷോ പറയുന്നു, നിങ്ങളുടെ മനസ്സിൻ്റെ സ്ഥിതിയും ഇതുതന്നെയാണ്. മനസ്സിന്റെ ഉടമ സ്ഥലത്തുണ്ടായിരിക്കുന്നില്ല. പണിക്കാരും പരിചാരകരുമാണ് ഭരിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ വിചാരങ്ങളാണ് പരിചാരകർ; അനാവശ്യമായി ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുന്നവർ. അവയെ നിങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയാണെങ്കിൽ അവ ഇല്ലാതാവുകയില്ല; എന്തുകൊണ്ടെന്നാൽ ഒഴിവാക്കാൻ ശ്രമിക്കുന്നതും മറ്റൊരു വിചാരം കൊണ്ടാണ്. ഒരു പരിചാരകൻ മറ്റൊരു പരിചാരകന് കല്പന കൊടുക്കുന്നു. അയാളെന്തിന് അനുസരിക്കണം? യജമാനൻ വന്നു പറയട്ടെ.

നിങ്ങളിലെ സാക്ഷിയാണ് യജമാനൻ അന്വേഷിയായിരിക്കുന്നവൻ. അയാൾ ദൂരെ മാറി നിന്ന് വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. യാതൊരു ചിന്തകളും കൂടാതെ.

ഈ കഥയുടെ സത്ത് ഒരു കഠാരയെപ്പോലെ എൻ്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നു. പുറത്തുള്ള വൃക്ഷത്തിൽ അപൂർവ്വമായ ഒരു നിശബ്‌ധത സംഭവിച്ചത് ഞാൻ ശ്രദ്ധിച്ചു. ഇത്രയധികം പക്ഷികൾ എന്തുകൊണ്ടാണ് പൊടുന്നനെ മൂകരായത്? ഞാൻ പുറത്തേക്കിറങ്ങി. അതൊരു വല്ലാത്ത കാഴ്ചയായിരുന്നു. എല്ലാ പക്ഷികളുമുണ്ടായിരുന്നു. എന്നാൽ എല്ലാവരും നിശബ്‌ദരായി ഇരിക്കുന്നു. ഞാൻ കുറച്ചുകൂടി അടുത്തു ചെന്നപ്പോഴാണ് കണ്ടത്. ഒരു വലിയ പക്ഷി അവർക്കിടയിൽ ഒരു ശാഖയിൽ ഇരിപ്പുണ്ട്. അത് സന്ദർശകനായ ഒരു പക്ഷിയായിരുന്നു. ഒരു ദേശാടനപ്പക്ഷി. വെറുതെ വിശ്രമിക്കാനായി അത് ആ മരച്ചില്ലയിൽ വന്നിരുന്നതാണ്. അതിൻ്റെ സാന്നിധ്യം മാത്രം മതിയായിരുന്നു, നൂറു കണക്കിന് മറ്റു പക്ഷികൾ നിശ്ശബ്ദരാവാൻ.

ഓഷോ പറഞ്ഞ കഥ ഇപ്പോൾ കൂടുതൽ വ്യക്തമായി. യജമാനൻ എത്തിയപ്പോൾ പരിചാരകരെല്ലാം നിശ്ശബ്ദരായിരിക്കുന്നു. ചിന്തകളുമായി മല്ലിടാതിരിക്കുക. യജമാനനെ വിളിച്ചു വരുത്തുക; നിങ്ങൾക്കകത്ത് ഉണർന്നിരിക്കുന്ന സാക്ഷിയെ.