
സുഹൃത്തായ ഒരു ഡോക്ടറിൽ നിന്നും ശരിക്കും നടന്ന ഒരു സംഭവത്തെപ്പറ്റി കേട്ടതേയുള്ളൂ. ഒരാശുപത്രിയിൽ, ചെറുപ്പക്കാരനായ ഒരു അസിസ്റ്റന്റ് ഡോക്ടർ തന്റെ സീനിയർ ഡോക്ടറോടൊപ്പം രോഗികളെ കാണാൻ അവരുടെ പതിവ് 'റൗണ്ട്സിനു' പോയതാണ്. പുതിയതായി ഡിഗ്രി കഴിഞ്ഞെത്തിയ ഡോക്ടർമാർ ഇന്റേൺഷിപ്പിന്റെ ഭാഗമായി സീനിയർ ഡോക്ടർമാരുടെ കൂടെ രണ്ടു വർഷത്തേക്ക് അസിസ്റ്റന്റ് ആയി ജോലി ചെയ്യേണ്ടതുണ്ട്. ഇത് അവരെ ജോലിയുടെ പ്രായോഗികമായ വശങ്ങളെ അടുത്തറിയാൻ സഹായിക്കുന്നു.
വാർഡിൽ റൗണ്ട്സിനു ചെന്നപ്പോൾ ക്യാൻസർ രോഗിയായിരുന്ന ഒരു സ്ത്രീയെ അവർ കാണാൻ ചെന്നു. സീനിയർ ഡോക്ടർ റിപ്പോർട്ടുകളെല്ലാം പരിശോധിച്ചു. ക്യാൻസർ അവസാന ഘട്ടത്തിലായിരുന്നു; രക്ഷപ്പെടാനുള്ള യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. ഇക്കാര്യം പക്ഷേ അവരെ ഇതുവരെയും അറിയിച്ചിരുന്നില്ല. ആ ജോലി ഈ ചെറുപ്പക്കാരനിൽ വന്നുപെട്ടു. അയാൾ മെഡിക്കൽ റിപ്പോർട്ട് എടുത്ത് മെഡിക്കൽ ഭാഷയിൽത്തന്നെ ഉച്ചത്തിൽ വായിക്കാൻ തുടങ്ങി. മെഡിക്കൽ രംഗത്തെ ഓരോ സാങ്കേതിക പദങ്ങൾ ഒന്നിനുപുറകെ ഒന്നായി വരാൻ തുടങ്ങി. ആർക്കും യാതൊന്നും മനസ്സിലായില്ല. യാതൊരു വികാരവുമില്ലാത്ത അയാളുടെ മുഖത്തുനിന്ന് അയാൾ വായിക്കുന്ന റിപ്പോർട്ടിലെ വാസ്തവം ഊഹിക്കാൻ പോലും എളുപ്പമായിരുന്നില്ല.
ഡോക്ടർ റിപ്പോർട്ടുകൾ മുഴുവനും വായിച്ചുതീർത്തു. ആ സ്ത്രീയുടെ മുഖം പക്ഷേ വികാരശൂന്യമായിരുന്നു. അവർ യാതൊന്നും ചോദിച്ചതുമില്ല. കേട്ടു നിന്നവർക്കെല്ലാം അതിശയമായി; അവർക്കെന്തെങ്കിലും മനസ്സിലായോ ആവോ! ഡോക്ടർ ഒരല്പം ശങ്കിച്ചുകൊണ്ട് പറഞ്ഞു, "ഞാൻ നിങ്ങളെ കുറച്ചു കഴിഞ്ഞു വന്നു കാണാം." തുടർന്ന് ഈ ഡോക്ടർ സീനിയർ ഡോക്ടറോട് ചോദിച്ചു, "സർ, ഞാൻ അവരെ തനിച്ചുപോയി കണ്ടേക്കട്ടെ?" അദ്ദേഹം സമ്മതം മൂളി.
ആ ചെറുപ്പക്കാരൻ അവരുടെ ബെഡിൽ ഇരുന്ന്, അവരുടെ കൈകൾ എടുത്തു പിടിച്ചു. അവരുടെ ശരീരഭാഷയുമായി താദാത്മ്യപ്പെടാൻ സമയം കൊടുത്തു. ഇതിനെയാണ് 'Mirroring' എന്ന് പറയുന്നത്. നിങ്ങൾ നിങ്ങളുടെ ശ്വാസഗതി മറ്റൊരാളുടേതുമായി സമനിലയിലാകുമ്പോൾ, അയാളുടെ ആംഗ്യവിക്ഷേപങ്ങളോട് താദാത്മ്യപ്പെടുമ്പോൾ, അതൊരു ആഴത്തിലുള്ള ബന്ധമുണ്ടാക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ രണ്ടുപേർക്കുമിടയിൽ ഹൃദയം കൊണ്ട് ഒരു ബന്ധം സ്ഥാപിക്കപ്പെടുന്നു; രണ്ടുപേർക്കുമിടയിൽ ഒരു പാലം കെട്ടപ്പെട്ടതുപോലെ. രണ്ടുപേരുടെയും ഊർജ്ജം ഒരേ ആവൃത്തിയിൽ, ഒരേ താളത്തിൽ ഒഴുകാൻ തുടങ്ങുന്നു. നിശബ്ദമായ ഒരു സംഭാഷണം അവർക്കിടയിൽ സംഭവിക്കാൻ തുടങ്ങുന്നു. അതിനുശേഷം നിങ്ങൾ സംസാരിച്ചാലും അത് അവളിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും. യാതൊന്നും സംസാരിക്കാതെയും അത് വിനിമയം ചെയ്യപ്പെടും.
അതിനുശേഷം ആ ഡോക്ടർ അവരോട് വളരെ ലളിതമായ ഭാഷയിൽ, നേരിട്ട്, വളച്ചുകെട്ടില്ലാതെ പറഞ്ഞു: അവരുടെ ക്യാൻസർ ശരീരം മുഴുവനും പടർന്നിരിക്കുന്നുവെന്നും ഇനി ജീവിച്ചിരിക്കാനുള്ള സാധ്യത തീരെയില്ലെന്നും. അത് കേട്ടതും ആ സ്ത്രീയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകാൻ തുടങ്ങി. ഐസുപോലെ ഉറഞ്ഞുകട്ടപിടിച്ച അവരുടെ വികാരങ്ങൾ ഉരുകാൻ തുടങ്ങി. ആദ്യമായി അവർ സത്യത്തെ തിരിച്ചറിയുകയും അതിനെ സ്വീകരിക്കാൻ സന്നദ്ധമാവുകയും ചെയ്തു. അവർ മരണത്തിനു മുൻപിൽ സ്വയം സമർപ്പിച്ചു. ആ ഡോക്ടറും അവരോടൊപ്പം അവരുടെ വികാരങ്ങളിൽ അലിഞ്ഞു കുതിർന്നു.
കമ്മ്യൂണിക്കേഷൻ എന്ന കല, നിങ്ങൾ എത്ര സമർത്ഥമായി സംസാരിക്കുന്നു എന്നതോ നിങ്ങൾ എങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുന്നു എന്നതോ അല്ല. നിങ്ങളുടെ വികാരവിചാരങ്ങൾ അപ്പുറത്തുള്ള ആളിലേക്ക് എത്തിച്ചേരുന്നുണ്ടോ എന്നതാണ്. അതീവ ലോലമായ ആ നിമിഷങ്ങളിൽ ആ ഡോക്ടർ യാതൊന്നും സംസാരിച്ചില്ലെങ്കിലും, അയാളുടെ കരുണാദ്രമായ സ്പർശത്തിൽ നിന്നുതന്നെ ആ സ്ത്രീക്ക് വ്യക്തമാകുമായിരുന്നു അവരുടെ അന്ത്യം അടുത്തുകഴിഞ്ഞുവെന്ന്. രോഗത്തിന്റെ സാങ്കേതിക പദങ്ങളിൽ നിന്നും അവർ എന്ത് മനസ്സിലാക്കാനാണ്? അവ മനസ്സിലാക്കിയിട്ട് അവർ എന്ത് ചെയ്യാനാണ്?
Content Highlights: A young doctor`s empathetic approach and `mirroring` technique helped a terminally ill patient accept the harsh truth with dignity. Learn about effective communication in healthcare.
Published: 16 Jan 2026, 08:34 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented