
എല്ലാവർക്കും ഇരുട്ടിനെ പേടിയാണ്. പുറത്തുള്ള ഇരുട്ടിനെ മാത്രമല്ല, അകത്തുള്ള ഇരുട്ടിനേയും എല്ലാവർക്കും പേടിയാണ്. ഇത് വളരെ പുരാതനമായ ഭയമാണ്. സങ്കൽപ്പിച്ചു നോക്കൂ, ഏറെ പണ്ട് കാലത്ത്, ഭൂമിയിൽ വെളിച്ചമില്ലാതിരുന്ന കാലത്ത്, വെളിച്ചമുണ്ടാക്കാനുള്ള വിദ്യയൊന്നും അറിയാതിരുന്ന കാലത്ത്, സൂര്യൻ അസ്‌തമിച്ചു കഴിഞ്ഞാൽ, പിന്നെ ഇരുട്ട് മാത്രമാണ്. മനുഷ്യൻ എന്തുമാത്രം നിസ്സഹായനായിരുന്നിരിക്കണം അക്കാലത്ത് ! ഏതു നിമിഷവും ഏതെങ്കിലും മൃഗം വന്ന് ആക്രമിക്കാം, അതുമല്ലെങ്കിൽ മനുഷ്യരൂപത്തിൽ തന്നെയുള്ള ഏതൊരു ജീവിയും വന്ന് അവനെ ആക്രമിച്ചു കൊല്ലാവുന്നതാണ്.
ഇന്നിപ്പോൾ പുറത്തുള്ള ഇരുട്ട് ഇല്ലാതായിരിക്കുന്നു, അതേസമയം അകത്തുള്ള ഇരുട്ട് വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു, എന്തെന്നാൽ ആരും തന്നെ അതേപ്പറ്റി വിചാരം കൊള്ളുന്നില്ല. ഈ ഇരുട്ടിനെ പരിഹരിക്കാൻ ഒരൊറ്റ വഴിയേയുള്ളൂ, അതിനെ നിരീക്ഷിക്കുക. നിങ്ങളതിനെ നിരീക്ഷിക്കുകയാണെങ്കിൽ അത് ഇല്ലാതാവാൻ തുടങ്ങുന്നു.
ബാൽ ഷേം എന്ന് പേരായ ഒരു യഹൂദ ഋഷിയുണ്ടായിരുന്നു. അദ്ദേഹം എന്നും രാത്രി നദിക്കരയിൽ ചെന്ന് കണ്ണുകളടച്ച് കുറേ നേരം ചെലവഴിക്കാറുണ്ട്. നദീതീരത്തിനടുത്തന്നെ വലിയ പണക്കാരനായ ഒരാളുടെ കൊട്ടാരസമാനമായ ഒരു വീടുണ്ടായിരുന്നു. ആ വീട്ടിലെ കാവൽക്കാരൻ ഇദ്ദേഹത്തെപ്പറ്റി വല്ലാതെ ഉത്സുകനായി. എല്ലാ ദിവസവും രാത്രി പന്ത്രണ്ടടിച്ചാൽ ബാൽ ഷേം ഇരുട്ടിലേക്ക് നടന്നു പോകും.
പാവം കാവൽക്കാരന് തൻ്റെ ആകാംക്ഷയെ അധികം പിടിച്ചു നിർത്താനായില്ല. ഒരു ദിവസം ബാൽ ഷേമിനെ തടഞ്ഞുനിർത്തിക്കൊണ്ട് കാവൽക്കാരൻ ചോദിച്ചു,' നിങ്ങൾ എന്തിനാണ് എല്ലാ ദിവസവും രാത്രിയിൽ ഇവിടെ വന്ന് ഇങ്ങനെ ഇരുട്ടിലിരിക്കുന്നത്? ഇതുകൊണ്ട് എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?'
അയാളോട് ഉത്തരം പറയുന്നതിന് പകരം ബാൽ ഷേം ചോദിച്ചു,' നിങ്ങൾ എന്തുജോലിയാണ് ചെയ്യുന്നത്?'
'ഞാൻ ഇവിടത്തെ കാവൽക്കാരനാണ്. ഈ വീടും തൊടിയുമെല്ലാം നോക്കിക്കൊണ്ടിരിക്കുന്നു.'
ബാൽ ഷേം പറഞ്ഞു,' അതു തന്നെ, അതു തന്നെയാണ് എൻ്റെയും ജോലി.
ഞാനും നോക്കിക്കൊണ്ടേയിരിക്കുകയാണ്'.
കാവൽക്കാരൻ പറഞ്ഞു, ' ഇതാണിപ്പോൾ നന്നായത്.
കാവൽക്കാരനാണെങ്കിൽ, ഇവിടെ നിങ്ങൾക്കെന്താണ് പണി? വീടും തൊടിയുമുള്ളേടത്തല്ലേ നിങ്ങൾ കാവൽപ്പണി ചെയ്യേണ്ടത്?'
ബാൽ ഷേം പറഞ്ഞു,' ഞാൻ ശരിക്കും അതുതന്നെയാണ് ചെയ്യുന്നത്. നിങ്ങൾ വേറെയാരുടെയോ വീടാണ് നോക്കിസംരക്ഷിക്കുന്നത്. ഞാൻ എന്റതന്നെ വീടിന് കാവൽ നില്ക്കുന്നു. എൻ്റെ വീടെന്നു പറയുന്നത് എന്റെയീ ശരീരം തന്നെയാണ്. ഞാൻ എവിടെ പോവുകയാണെങ്കിലും എന്റെ വീടുമായാണ് പോകുന്നത്- ഞാൻ ഒരു സ്ഥിരം കാവൽക്കാരനാണ്.
ഇരുട്ടിന്റെ എല്ലാ നിമിഷങ്ങളുടേയും നിരീക്ഷകനാവുക, അവ ഇല്ലാതാവുക തന്നെ ചെയ്യും. യഥാർത്ഥത്തിൽ ഇതാണ് നിർവ്വചനം : നിങ്ങൾ നിരീക്ഷിക്കുന്നത് എന്തായാലും, നിരീക്ഷിക്കുന്നതോടെ അത് അപ്രത്യക്ഷമാകുന്നുണ്ടെങ്കിൽ, അതിനർത്ഥം അതിൻ്റെ അസ്‌തിത്വത്തിൽ എന്തോ കുഴപ്പമുണ്ടായിരുന്നുവെന്നാണ്. നിരീക്ഷിക്കുന്നതോടെ അത് കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണെങ്കിൽ, അത് കൂടുതൽ കൂടുതൽ സമീപസ്ഥമാവുകയാണെങ്കിൽ, അതിനർത്ഥം അത് ആശ്ലേഷിക്കപ്പെടേണ്ടുന്ന എന്തോ ആണെന്നാണ്. നല്ലത് ചീത്ത എന്നതിന് മറ്റൊരു നിർവ്വചനവുമില്ല. നിരീക്ഷണമാണ് അത് നിശ്ചയിക്കുന്നത് -അതാണ് ഒരേയൊരു മാനദണ്ഡം.
എന്താണ് പാപം? എന്താണ് പുണ്യം? അപ്രത്യക്ഷമാവുന്നത് പാപം. കൂടുതൽ കൂടുതൽ തെളിഞ്ഞു വന്ന് നിങ്ങളുടെ സത്തയുടെ ഭാഗമായിത്തീരുന്നതെന്തോ അത് പുണ്യം. സംശയലേശമെന്യേ, നിരീക്ഷണ സാമർഥ്യമാണ് ആത്മീയ ജീവിതത്തിൻ്റെ സ്വർണ്ണതാക്കോൽ.
Content Highlights: Explore the ancient fear of darkness, both external and internal. Learn how observation can dissolve negativity and lead to inner peace. Discover the key to spiritual growth.
Published: 24 Jan 2026, 03:37 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented